Home » » ആറന്മുളയില്‍ കെ.ജി.എസ്‌. ഗ്രൂപ്പിനു വീണ്ടും തിരിച്ചടി.

ആറന്മുളയില്‍ കെ.ജി.എസ്‌. ഗ്രൂപ്പിനു വീണ്ടും തിരിച്ചടി.

Written By Unknown on Saturday, 10 January 2015 | 18:38

ന്യൂഡല്‍ഹി: ആറന്മുളയില്‍ വിമാനമിറക്കാന്‍ തുനിഞ്ഞിറങ്ങിയ കെ.ജി.എസ്‌. ഗ്രൂപ്പിനു വീണ്ടും തിരിച്ചടി. നിര്‍ദിഷ്‌ട വിമാനത്താവളപദ്ധതിക്കു പരിസ്‌ഥിതി ആഘാതപഠനം (ഇ.ഐ.എ) നടത്താന്‍ അനുമതി തേടി കെ.ജി.എസ്‌. സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സമിതി കഴിഞ്ഞ ആറിന്‌ അപേക്ഷ തിരസ്‌കരിച്ചത്‌.
ആറന്മുള വിമാനത്താവളത്തിനു പാരിസ്‌ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. പരിസ്‌ഥിതി ആഘാതപഠനം നടത്താന്‍ കമ്പനി നിയോഗിച്ച എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്കു മതിയായ യോഗ്യതകളില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്രിബ്യൂണലിന്റെ വിധി. ഇതോടെ, എസ്‌.ജി.എസ്‌. ഇന്ത്യ ലിമിറ്റഡ്‌ കണ്‍സള്‍ട്ടന്റ്‌ എന്ന മറ്റൊരു കമ്പനിയെ നിയോഗിച്ച്‌ കെ.ജി.എസ്‌. വീണ്ടും കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. പദ്ധതിക്കായി ഭൂമി നികത്താനുള്ള അനുമതിരേഖകള്‍ അപേക്ഷയ്‌ക്കൊപ്പം കെ.ജി.എസ്‌. സമര്‍പ്പിച്ചിരുന്നില്ല. പദ്ധതി നടപ്പാക്കേണ്ട 500 ഏക്കറിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്താന്‍ സംസ്‌ഥാനസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നെല്‍വയല്‍-നീര്‍ത്തടസംരക്ഷണനിയമത്തില്‍ സര്‍ക്കാര്‍ ഇളവു നല്‍കിയാലേ ഭൂമി നികത്താനാകൂ. പദ്ധതിയോട്‌ എതിര്‍പ്പില്ലെന്നു കാട്ടി സംസ്‌ഥാനസര്‍ക്കാര്‍ നോ ഒബ്‌ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാത്തതിനാല്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നില്ല.
ഈ രേഖകളൊന്നുമില്ലാതെ പഠനാനുമതി നല്‍കാന്‍ കഴിയില്ലെന്ന്‌ അപേക്ഷ തള്ളിക്കൊണ്ടു സമിതി വ്യക്‌തമാക്കി. പദ്ധതിക്കെതിരേ ആറന്മുള പൈതൃകഗ്രാമസമിതിയും പരിസ്‌ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. രേഖകള്‍ ലഭിക്കുന്ന മുറയ്‌ക്കു കമ്പനിക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നു മന്ത്രാലയവൃത്തങ്ങള്‍ വ്യക്‌തമാക്കി.
പദ്ധതിക്കായി ആദ്യം പഠനം നടത്തിയ, മധുര ആസ്‌ഥാനമായ എന്‍വിറൊ കെയര്‍ ലിമിറ്റഡിനു വിമാനത്താവളം പോലുള്ള വന്‍സംരംഭങ്ങള്‍ക്കായി പഠനം നടത്താനുള്ള അംഗീകാരമില്ലെന്നു കണ്ടാണു നേരത്തേ ഹരിത ട്രിബ്യൂണല്‍ അനുമതി നിഷേധിച്ചത്‌. ഇതേത്തുടര്‍ന്ന്‌ രാജ്യാന്തര കമ്പനിയായ എസ്‌.ജി.എസിനെ കെ.ജി.എസ്‌. ചുമതലയേല്‍പ്പിക്കുകയായിരുന്നു. അരുണാചല്‍പ്രദേശിലെ ലേഹിത്‌ ജില്ലയില്‍പ്പെട്ട ടെസു വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പും സംബന്ധിച്ച റിപ്പോര്‍ട്ട്‌ എസ്‌.ജി.എസാണു തയാറാക്കിയത്‌.
അടുത്തവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 വിമാനത്താവളങ്ങള്‍ക്ക്‌ അനുമതി നല്‍കാനാണു മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ ബി.ജെ.പി. സംസ്‌ഥാനനേതൃത്വവും ആറന്മുള പദ്ധതിയോടുള്ള എതിര്‍പ്പു മയപ്പെടുത്തുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. പരിസ്‌ഥിതി ആഘാതപഠനത്തിനാവശ്യമായ രേഖകള്‍ സംസ്‌ഥാനസര്‍ക്കാരില്‍നിന്നു സംഘടിപ്പിച്ച്‌, മാറിയ രാഷ്‌ട്രീയപരിതസ്‌ഥിതി മുതലെടുക്കാനാകും കെ.ജി.എസിന്റെ തുടര്‍നീക്കങ്ങള്‍. കേന്ദ്രാനുമതി നേടി കെ.ജി.എസ്‌. വീണ്ടുമെത്തിയാല്‍ സംസ്‌ഥാനസര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുമ്പു വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
ആറന്മുള ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ രണ്ട്‌ എം.പിമാര്‍ രാഷ്‌ട്രപതിയെ കണ്ട്‌ വിമാനത്താവളം യാഥാര്‍ഥ്യമാക്കണമെന്ന്‌ അഭ്യര്‍ഥിച്ചത്‌ അടുത്തിടെയാണ്‌. യു.പി.എ. സര്‍ക്കാരിന്റെ കാലത്താണു പദ്ധതിക്കു വേയാമയാനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.