കോഴിക്കോട്;ദേശീയ ഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ജില്ലയുടെ സാംസ്‌കാരികപൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കുമെന്ന് ജില്ലാ കലക്‌ടര്‍ സി.എ. ലത പറഞ്ഞു. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കള്‍ച്ചറല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഫെബ്രുവരി ഒന്ന് മുതല്‍ 12 വരെ വിവിധ സാംസ്‌കാരിക പരിപാടികള്‍ ഗെയിംസിന്റെ ഭാഗമായി നടക്കും. ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ ടാഗോര്‍ ഹാളിലും ടൗണ്‍ ഹാളിലുമായി സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളും നൃത്തശില്‌പങ്ങളും അരങ്ങേറും. മൂന്നിന് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ അവതരിപ്പിക്കുന്ന സ്റ്റേജ്‌ഷോ എബിലിറ്റി അണ്‍ലിമിറ്റഡ്, നാലിന് ബോക്‌സിംഗ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം ' മേരി കോം ', അഞ്ചിന് 'ഇന്‍ക്രഡിബിള്‍ ഇന്ത്യ സംഗമം' മെഗാ ഷോ, ആറിന് ചലച്ചിത്രം 'ബാഗ് മില്‍കാ ബാഗ് ', ഏഴിന് ഉമ്പായിയുടെ ഗസല്‍, എട്ടിന് ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ഒമ്പതിന് സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ സംഗീതപരിപാടി, പത്തിന് നൃത്ത സംഗീതാവിഷ്‌ക്കാരമായ 'ഭാരതം കേരളം' എന്നിവ ഉണ്ടായിരിക്കും. യോഗത്തില്‍ എം.എല്‍.എ. പുരുഷന്‍ കടലുണ്ടി, ഒളിമ്പിക് കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍,ഡി.ടി.പി.സി സെക്രട്ടറി പി.ജി.രാജീവ് എന്നിവര്‍ പങ്കെടുത്തു.








