തൃശ്ശൂര്‍ : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ രാഷ്‌ട്രീയം നോക്കാതെ നീതി പൂര്‍വ്വമായ അന്വേഷണം നടക്കമെന്ന് സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണ്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ മനസില്‍ പല ചോദ്യങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് സ്‌ഥിരീകരിച്ചതു മുതല്‍ തന്റെ നിശബ്‌ദതയെ കുറിച്ച് പല രീതിയിലുള്ള വ്യാഖ്യാനങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതുകൊണ്ടാണ് താന്‍ നിശബ്‌ദനായിരുന്നതെന്നും പൊതു മധ്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് പോലീസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും തരൂര്‍ പറഞ്ഞു. പരസ്യ വിവാദമല്ല, സത്യം കണ്ടെത്തുകയാണ് തന്റെ ആവശ്യം. കഴിഞ്ഞ ഒരു വര്‍ഷം കടന്നുപോയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ഹൃദയശൂന്യരായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണം. ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് പല രീതിയിലുമുള്ള ആശങ്കകളും ഉണ്ടെന്നും ശശി തരൂര്‍ തൃശ്ശൂരിലെ ആയുര്‍വേദ കേന്ദ്രത്തിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാനോ പ്രതികരിക്കാനോ തരൂര്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അഞ്ചു മിനിട്ട് മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്.








