Home » » വെറ്റിനറി ഡോക്‌ടറെ മദമിളകിയ ആന ചവിട്ടിക്കൊന്നു.

വെറ്റിനറി ഡോക്‌ടറെ മദമിളകിയ ആന ചവിട്ടിക്കൊന്നു.

Written By Unknown on Sunday, 11 January 2015 | 18:40

മല്ലപ്പള്ളി: മയക്കുവെടിവച്ചു തളയ്‌ക്കാന്‍ ശ്രമിച്ച വെറ്റിനറി ഡോക്‌ടറെ മദമിളകിയ ആന ചവിട്ടിക്കൊന്നു. എലിഫെന്റ്‌ സ്‌ക്വാഡിലെ വെറ്ററിനറി സര്‍ജനായ കരുനാഗപ്പള്ളി ആലുംങ്കടവ്‌ മരുതൂര്‍ കുളങ്ങര കാക്കര വീട്ടില്‍ ഡോ. സി. ഗോപകുമാര്‍(47)ആണു ഗംഗാപ്രസാദ്‌ എന്ന ആനയുടെ ചവിട്ടേറ്റു മരിച്ചത്‌. വായ്‌പൂര്‌ വഞ്ചിപ്പൊയ്‌ക റോഡില്‍ പാലത്താനം മുഹമ്മദാലിയുടെ പുരയിടത്തിലായിരുന്നു സംഭവം.
വായ്‌പൂര്‌ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവഎഴുന്നുള്ളത്തിനു കൊണ്ടുവന്നതാണ്‌ കുളത്തൂര്‍ ചെമ്മനപ്പള്ളി രഘുനാഥിന്റെ ഉടമസ്‌ഥതയിലുള്ള ഗംഗാപ്രസാദ്‌ എന്ന ആനയെ.  മണിമലയാറ്റിലെ ആറാട്ട്‌ കടവില്‍ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന റോഡിലൂടെ ഓടുകയായിരുന്നു. ആനഉടമ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഡോ. ഗോപകുമാര്‍ വായ്‌പൂരെത്തി രാവിലെ ആദ്യ മയക്കുവെടിവച്ചു. വെടികൊണ്ട ആന അല്‍പ്പനേരം മയങ്ങിനിന്നെങ്കിലും ഓട്ടം തുടര്‍ന്നു. കോട്ടാങ്ങല്‍- മല്ലപ്പള്ളി റോഡില്‍ കയറി കലവറശേരില്‍ ചീരങ്കുളം ഭാഗത്തെത്തി. വഴിയില്‍ കണ്ട പശുവിനേയും വാട്ടര്‍ടാങ്കും കുത്തിമറിച്ചിട്ടു. പിന്നാലെ വന്ന ഡോക്‌ടര്‍ പാലത്താനില്‍ മുഹമ്മദലിയുടെ പറമ്പിലേക്ക്‌ ആന കയറിയ സമയം പിന്നില്‍നിന്നു വെടിവച്ചു.
വെടികൊണ്ടു തിരിഞ്ഞുനോക്കിയ ആന കണ്ടത്‌ 50 അടി അകലെയുള്ള കിണറിനുസമീപം നില്‍ക്കുന്ന ഡോക്‌ടറെയാണ്‌. ആനപാഞ്ഞടുക്കുന്നതുകണ്ട്‌ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഡോക്‌ടര്‍ കിണറിനുസമീപമുള്ള വള്ളിപ്പടര്‍പ്പില്‍ തട്ടിവീഴുകയായിരുന്നു. ഓടിയെത്തിയ ആന തുമ്പിക്കൈക്ക്‌ അടിച്ചശേഷം ഡോക്‌ടറുടെ വയറ്റില്‍ കൊമ്പുകുത്തിക്കയറ്റി. നാട്ടുകാര്‍ കല്ലെറിഞ്ഞതോടെയാണ്‌ ആന പിന്‍മാറിയത്‌. ഡോ. ഗോപകുമാറിനെ നാട്ടുകാര്‍ ഉടന്‍തന്നെ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരക്കെട്ടിനു ഗുരുതര പരുക്കേറ്റതിനാല്‍ രക്ഷിക്കാനായില്ല.
ഇതിനിടെ മയക്ക്‌ മരുന്നിന്റെ ആലസ്യത്തില്‍ നിന്ന ആനയെ നാട്ടുകാരും പാപ്പാന്മാരും ചേര്‍ന്നു തളച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ ചുമതലയുണ്ടായിരുന്ന മല്ലപ്പള്ളി റീജണല്‍ എ.ഐ. സെന്ററിലെ വെറ്ററിനറി ഡോക്‌ടറായിരുന്ന ഗോപകുമാര്‍ തിരുവല്ല മതില്‍ഭാഗം കുടയ്‌ക്കാട്ട്‌ വീട്ടിലാണ്‌ പത്തുവര്‍ഷമായി താമസിച്ചിരുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.