Home » » രാജ്യത്ത് ഇന്ധനവില കുറച്ചു.

രാജ്യത്ത് ഇന്ധനവില കുറച്ചു.

Written By Unknown on Friday, 16 January 2015 | 17:57

ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്.  രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് ബാരലിന് 44 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് ഏണ്ണകമ്പനികളുടെ തീരുമാനം. അഞ്ചുരൂപ വരെ ഇന്ധന വില കുറക്കാമായിരുന്നെങ്കിലും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുമായിരുന്ന നേട്ടം ഇല്ലാതാക്കി. ഇന്ധന വില കുറയ്ക്കാതെ എക്സൈസ് തീരുവ കൂട്ടിക്കൊണ്ടുള്ള തീരുമാനം മാത്രമായിരുന്നു ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ഇന്ധന വില കുറച്ചുകൊണ്ടുള്ള എണ്ണക്കമ്പനികളുടെ പ്രഖ്യാപനം വന്നത്.

രാജ്യാന്തരവിപണിയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയിടെ ഏറ്റവും കുറഞ്ഞ വിലയാണ് ക്രൂഡ് ഓയിലിന് ഇപ്പോള്‍.ക്രൂഡ് വില കൂടിയപ്പോള്‍ ആനുപാതികമായി ഇന്ധനവിലകൂട്ടിയ എണ്ണകമ്പനികള്‍ ക്രൂഡ് വില കുറഞ്ഞപ്പോള്‍ ഇന്ധനവില ആനുപാതികമായി കുറക്കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്രവും ഇതിന് കൂട്ടുനിന്നെന്ന് മാത്രമല്ല മൂന്ന് ഘട്ടങ്ങളിലായി എക്‌സൈസ് തീരുവ കൂട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പിന്നിലായിരുന്നില്ല.കേരളവും രണ്ടു വട്ടം നികുതി കൂട്ടി. ഇത് വന്‍ പ്രതിഷേധത്തിന് ഇടയായ സാഹചര്യത്തിലാണ് വിലകുറച്ചുകൊണ്ടുള്ള എണ്ണക്കമ്പനികളുടെ പ്രഖ്യാപനം വന്നത്.

കഴിഞ്ഞ ജുണിന് ശേഷം 57 ശതമാനം ഇടിവാണ് എണ്ണ വിലയിലുണ്ടായത്. ആഗോള വളര്‍ച്ച കുറയുന്നതും, വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിച്ചതുമാണ് ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.