Home » » സ്വര്‍ണാഭരണ ഭീമനെതിരെ ഒരു നാടിന്റെ പ്രതിരോധം.

സ്വര്‍ണാഭരണ ഭീമനെതിരെ ഒരു നാടിന്റെ പ്രതിരോധം.

Written By Unknown on Tuesday, 6 January 2015 | 00:31


കാക്കഞ്ചേരി;രാസവിഷമാലിന്യങ്ങളും അശാസ്‌ത്രീയ വ്യാവസായിക വത്‌ക്കരണവും നാടിനേയും നാട്ടാരെയും മാരകരോഗങ്ങളിലേക്കും, തീരാദുരിതങ്ങളിലേക്കും തള്ളിവിട്ട ജീവിതാനുഭവങ്ങളാണ്‌ കാസര്‍ക്കോട്ടും, പ്ലാച്ചിമടയിലും, മുതലമടയിലും, ചാലക്കുടിപുഴത്തീരത്തെ നീറ്റജലാറ്റിന്‍ കമ്പനിയിലുമെല്ലാം നമ്മള്‍ കണ്ടത്‌. ജനതയുടെ ജീവിതത്തേക്കാളും ആരോഗ്യത്തേക്കാളും മുന്‍തൂക്കം മുതലാളിമാരുടെ ലാഭക്കൊതിക്ക്‌ നല്‍കി, വസ്‌തുതകളെ വളച്ചൊടിക്കുന്നവര്‍ക്ക്‌ എല്ലാ വിധ പിന്തുണയുമേകാന്‍, അധികാര, രാഷ്‌ട്രീയകേന്ദ്രങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ചകളും നമുക്ക്‌ സുപരിചിതം.

പക്ഷെ, ഒറ്റപ്പെട്ട ശബ്‌ദമായി ഉയര്‍ന്ന്‌ തുടങ്ങിയ ജനപക്ഷപോരാട്ടങ്ങള്‍ക്ക്‌ മുന്നില്‍ അധികാര കേന്ദ്രങ്ങള്‍ക്ക്‌ മുട്ട്‌ മടക്കേണ്ടിവന്ന ചിത്രങ്ങളും ആവേശത്തോടെ നമുക്ക്‌ മുന്നിലുണ്ട്‌.
മയിലമ്മ എന്ന ആദിവാസി അമ്മയുടെ നേതൃത്വത്തിലാണ്‌, ആഗോള വ്യാവസായിക ഭീമന്‍മാരായ കൊക്കക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ മുട്ടുകുത്തിച്ചത്‌! ലീലാകുമാരി അമ്മ എന്ന കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥ തുടങ്ങിവച്ച നിയമപോരാട്ടമാണ്‌ കാസര്‍ക്കോട്ടെ, എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടമായി പടര്‍ന്ന്‌ പന്തലിച്ചത്‌! പ്രത്യക്ഷത്തില്‍ ഒറ്റപ്പെട്ടതെന്നും, അശക്തമെന്നും തോന്നുന്ന ചെറുത്ത്‌ നില്‍പ്പുകള്‍ക്ക്‌, അതിശക്തമായി പ്രതികരിച്ച്‌ പടര്‍ന്ന്‌ പന്തലിക്കാനാകുമെന്നതിന്‌ കേരളത്തില്‍ തന്നെ ഇനിയുമെത്രയെത്ര ഉദാഹരണങ്ങള്‍.
ആ വിധത്തില്‍ വേറിട്ട ചെറുത്തുനില്‍പ്പിന്റെ സ്വരമാണ്‌ ഇന്ന്‌ കാക്കഞ്ചേരിയില്‍ നിന്ന്‌ മുഴങ്ങുന്നത്‌. ജീവിതം പിടിവിട്ടുപോകുമെന്നഘട്ടത്തില്‍, ഏത്‌ പ്രതിസന്ധിയേയും നേരിടാമെന്നുറച്ച്‌, ഒരു സംഘം ഗ്രാമീണര്‍ തുടങ്ങിവെച്ച ചെറുത്ത്‌ നില്‍പ്പ്‌ ഇന്ന്‌ അതി ശക്തമായി വളര്‍ന്നിരിക്കുന്നു. ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനും, മതസമുദായിക സംഘടനകള്‍ക്കും അവഗണിക്കാനാവാത്തവിധത്തില്‍ ആ ജനകീയ പ്രതിരോധം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ആഭരണനിര്‍മ്മാണരംഗത്തെ കരുത്തരായ മലബാര്‍ഗോള്‍ഡിന്റെ വന്‍കിട ആഭരണ നിര്‍മ്മാണശാലക്കെതിരെയാണ്‌ തദ്ദേശവാസികള്‍ ശക്തമായ ആരോപണങ്ങളും പ്രത്യക്ഷ പോരാട്ടങ്ങളുമായി ഇപ്പോള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌.

ഭക്ഷ്യസംസ്‌കരണ പ്ലാന്റിനരികിലെ ആഭരണ നിര്‍മ്മാണശാല
മലപ്പുറത്തെ കാക്കഞ്ചേരിയില്‍ ദേശീയപാതയോരത്താണ്‌ കിന്‍ഫ്ര പാര്‍ക്ക്‌. ഭക്ഷ്യാനുബന്ധവസ്‌തുക്കളും, സംസ്‌കരണശാലകളും, ഐ.ടി. കമ്പനികളുമൊക്കെ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കിലെ 2 ഏക്കര്‍ 25 സെന്റ്‌ സ്ഥലത്താണ്‌ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌.
പ്രതിദിനം 120 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ്‌ കാക്കഞ്ചേരിയിലേത്‌. പൊട്ടാസ്യം സൈനേഡും, കാഡ്‌മിയവും, സിങ്കും, നിക്കലും, കോപ്പര്‍ ഓക്ലൈഡുകളുമെല്ലാം കലര്‍ന്ന്‌ ആസിഡ്‌ മാലിന്യങ്ങളും, വാതകങ്ങളും ചേര്‍ന്ന്‌ നാടിനെമാറാദുരിതത്തിലാഴ്‌ത്തുമെന്നാണ്‌ പ്രദേശവാസികള്‍ ഭയക്കുന്നത്‌. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ജ്വല്ലറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടത്‌. രാസമാലിന്യങ്ങള്‍ കലര്‍ന്ന ഇത്രയധികം മാരകമായ വെള്ളം കാക്കഞ്ചേരിയെപോലെ ഉയര്‍ന്ന സ്ഥലത്ത്‌ നിന്നും ഒഴുക്കിവിടുമ്പോള്‍, കാക്കഞ്ചേരിയില്‍ മാത്രമല്ല സമീപസ്ഥപ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ഭൂഗര്‍ഭജലവും എന്നെന്നേക്കുമായി മലിനമാവുകയും, ജനജീവിതം അസാധ്യമായി മാറുകയും ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ണിലും ജലസ്രോതസ്സുകളിലും ആസിഡും, കോപ്പര്‍ ഓക്‌സൈഡും, കാഡ്‌മിയവും, സിങ്കും, നിക്കലും, പൊട്ടാസ്യം സൈനേഡുമെല്ലാം കലരുമ്പോള്‍ മാരകരോഗങ്ങള്‍ക്ക്‌ അത്‌ കാരണമാകും, ശ്വാസകോശം, കരള്‍, വൃക്ക, നാഡിവ്യവസ്ഥ, പ്രത്യുല്‍പാദനശേഷി തുടങ്ങിയവയെല്ലാം ദോഷകരമായി ബാധിക്കാന്‍ ഇത്‌ കാരണമാകുമെന്നും, പരിസരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശസ്‌ത്രീയ പഠനങ്ങളുടെയും വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെയും, വസ്‌തുക്കളുടേയും അടിസ്ഥാനത്തിലാണ്‌ അവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.

കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മൂന്ന്‌ കിലോ സ്വര്‍ണാഭരണങ്ങള്‍ പ്രതിദിനം നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആഭരണ നിര്‍മ്മാണ പ്ലാന്റ്‌, പ്രവര്‍ത്തനമാരംഭിച്ച്‌ 6 മാസം കൊണ്ട്‌ തന്നെ ജനജീവിതത്തെ ദുഷ്‌കരമാക്കി. ഒടുവില്‍ ജനകീയ പ്രതിഷേധത്തിന്‌ മുന്നില്‍ ആ ആഭരണ നിര്‍മ്മാണശാല അടച്ചുപൂട്ടേണ്ടിവന്നു. മൂന്ന്‌ കിലോ നിര്‍മ്മാണ ശേഷിയുള്ള ആഭരണ നിര്‍മ്മാണശാല ഈ വിധം ദുരന്തം വിതച്ചുവെങ്കില്‍, ദിനം തോറും 120 കിലോ ഉത്‌പാദന ശേഷിയുള്ള പ്ലാന്റ്‌ എത്രമാത്രം ദുരന്തം വിതക്കുമെന്നാണ്‌ ഉയരുന്ന പ്രസക്തമായ ചോദ്യം. റെഡ്‌ കാറ്റഗറിയില്‍ പെട്ട അത്യന്തം അപകടസാധ്യതയുള്ള ഈ ആഭരണ നിര്‍മ്മാണശാല, ജനവാസമേഖലയില്‍ എത്തിയതില്‍ തന്നെ ദുരൂഹതകള്‍ ഏറെയുണ്ടെന്നും സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷ്യഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കിന്‍ഫ്രയില്‍, വിഷകരമായ രാസവസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‌ പ്രവര്‍ത്തനാനുമതി ലഭിച്ചതില്‍ തന്നെ ഉന്നതാധികാരകേന്ദ്രങ്ങളുടെ വഴിവിട്ടുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജനങ്ങളുടെ ജീവനും, ആരോഗ്യവും സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി ഒട്ടേറെ സമരപരിപാടികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്‌ട്രീയ, സാമുദായിക, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ഈ ചെറുത്ത്‌ നില്‍പ്പിന്‌ ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌, ഈ പ്രതിരോധ പോരാട്ടത്തിന്റെ ജനപിന്തുണ കൂടിയാണ്‌ സുവ്യക്തമാകുന്നത്‌.
സാധാരണക്കാരന്റെ ജീവിതം കൊണ്ട്‌ അമ്മാനമാടുന്ന ആഭരണ നിര്‍മ്മാണ ശാലാ അധികൃതര്‍ക്കും, അവര്‍ക്ക്‌ പരോക്ഷപിന്‍ബലമേകുന്ന ഭരണാധികാരികള്‍ക്കുമെതിരെ, ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5ന്‌, കിന്‍ഫ്രയിലെ ഇതരസംരംഭകരും, തൊഴിലാളികളും, ഒറ്റക്കെട്ടായി രംഗത്ത്‌ വരികയും ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്‌തു. കാക്കഞ്ചേരിയിലെ മുഴുവന്‍ വ്യാപാരശാലകളും തൊഴില്‍ ശാലകളും അടച്ചിട്ട്‌ ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. പരിസ്ഥിതി സമരമുഖത്തെ വേറിട്ട കാഴ്‌ചയായിത്‌ മാറുകയും ചെയ്‌തു.
രാസവിഷമാലിന്യങ്ങള്‍, മണ്ണിലും, വായുവിലും, ജലസ്രോതസ്സുകളിലും കലര്‍ത്തി ഈ പ്രദേശത്തെ ഒന്നാകെ തകര്‍ക്കുന്ന ലാഭപ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടാന്‍ തന്നെയാണ്‌ ഈ ഗ്രാമീണരുടെ തീരുമാനം. 'ഏത്‌ സമ്മര്‍ദ്ദത്തിന്‌ മുന്നിലും കീഴടങ്ങാതെ, ലക്ഷ്യം പ്രാവര്‍ത്തികമാകുന്നതുവരെ ശക്തമായ പോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ട്‌ പോവുക തന്നെ ചെയ്യും. സമരസമിതി പ്രവര്‍ത്തകരുടെ വാക്കുകളില്‍ തുടിക്കുന്നത്‌ തികഞ്ഞ ആത്മവിശ്വാസം.

മലബാര്‍ ഗോള്‍ഡിന്റെ നയം
നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കാക്കഞ്ചേരിയിലെ ആഭരണ നിര്‍മ്മാണ ശാലയെക്കുറിച്ച്‌, സമരസമിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നാണ്‌ മലബാര്‍ ഗോള്‍ഡ്‌ വക്താക്കള്‍ വ്യക്തമാക്കുന്നത്‌.

ഒരു വിധത്തിലുള്ള മലിനീകരണവും ഉണ്ടാകാത്തവിധത്തില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചുള്ള പ്ലാന്റാണ്‌ ഇവിടെയുള്ളത്‌. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ എയര്‍ കണ്ടീഷന്‍ പ്ലാന്റിലാണ്‌ പ്രവര്‍ത്തനം നടക്കുക. ഒരു വിധത്തിലുള്ള മലിനീകരണവും, ഇതുവഴി ഉണ്ടാകില്ല, മറിച്ചുള്ള പ്രചരണമെല്ലാം വസ്‌തുതാ വിരുദ്ധമാണ്‌.  അവര്‍ നയം വ്യക്തമാക്കുന്നത്‌ ഈ വിധത്തിലാണ്‌. ഈ വിധം അവകാശവാദങ്ങളെ മുഖവിലക്കെടുക്കാന്‍ സമരസമിതിക്കാര്‍ തയ്യാറായിട്ടില്ല. വിട്ടുവീഴ്‌ചകള്‍ക്കില്ലാതെ പ്രതിരോധവുമായവര്‍ മുന്നോട്ടു പോവുകയാണ്‌. ഈ ചെറുത്ത്‌ നില്‍പ്പിന്‌ നാള്‍ തോറും ജനകീയ പിന്തുണയും ഏറുകയാണ്‌. കേരളത്തിലെ പാരിസ്ഥിതിക പോരാട്ടചരിത്രത്തിലെ വേറിട്ട അധ്യായമായി കാക്കഞ്ചേരിയും ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.