റാന്നി: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച് ചിലര്‍ അവസരവാദ നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞാണ് പിണറായി വിമര്‍ശനം തുടങ്ങിയത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ് -ബി.ജെ.പി നേതൃത്വം ശ്രമിക്കുകയാണ്. അതിനായി അവര്‍ ജാതി സംഘടനകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ജാതി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സ്വാഭാവികമായും പലവിധ താല്‍പര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി അവര്‍ അവസരവാദ നിലപാട് സ്വീകരിക്കും.
കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയിലാണ് ചിലര്‍ മനസുറപ്പിച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ ഇല്ലാത്തയാള്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്‌തെന്ന് വരെ വാര്‍ത്ത വന്നല്ലോ? ആരെങ്കിലും പറഞ്ഞതായിട്ടല്ലല്ലോ വന്നത് ബന്ധപ്പെട്ടയാള്‍ പറഞ്ഞുവെന്നല്ലേ. മന്ത്രി സ്ഥാനം വേണ്ടവര്‍ക്ക് മന്ത്രിസ്ഥാനം, പാര്‍ലമെന്റ്-നിയമസഭാംഗത്വം വേണ്ടവര്‍ക്ക് അത്. പത്മഭൂഷണോ മറ്റു പത്മ പുരസ്‌കാരങ്ങളോ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അത് ഇന്നാ പിടിച്ചോ. ഇങ്ങനെയൊക്കെയാണ് ബി.ജെ.പി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വാഭാവികമായും ചിലരുടെ അവസരവാദം മുതലാക്കാന്‍ പറ്റുമോ എന്നാണ് ആര്‍.എസ്.എസ്, ബി.ജെ.പിയെ മുന്‍നിര്‍ത്തിക്കൊണ്ടു നോക്കുന്നത് എന്നും പിണറായി പറഞ്ഞു.
സുരേഷ് ഗോപി ബി.ജെ.പി മന്ത്രി സഭയില്‍ മന്ത്രിയാകുമെന്നും മോഹന്‍ലാലിനെ പത്മഭൂഷണിന് ശിപാര്‍ശ ചെയ്‌തെന്നും വാര്‍ത്ത വന്നിരുന്നു. ചങ്ങനാശേരിയില്‍ നടന്ന എന്‍.എസ്.എസ് ശതാബ്ദി സംഗമത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തതിനെയും പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പരോക്ഷ വിമര്‍ശനം.








