Home » » സുനന്ദ പുഷ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡല്‍ഹി പോലീസ്.

സുനന്ദ പുഷ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡല്‍ഹി പോലീസ്.

Written By Unknown on Tuesday, 6 January 2015 | 08:47

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി. സുനന്ദ കൊല്ലപ്പെട്ടതാണെന്ന് കമ്മിഷണര്‍ സ്ഥിരീകരിച്ചു. അസ്വഭാവികവും വിഷം ഉള്ളില്‍ ചെന്നുള്ള മരണവുമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഐ.പി.സി 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തതായും ശശി തരൂര്‍ അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഏതാണെന്ന് കണ്ടെത്താന്‍ സുനന്ദയുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിശദമായ പരിശോധനയ്ക്ക് വിദേശത്തെ ലാബിലേക്ക് അയക്കുമെന്നും പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഡല്‍ഹി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടക്കുക. എഫ്.ഐ.ആറിലെ പ്രതിപ്പട്ടികയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആരെയൊക്കെ ചോദ്യം ചെയ്യണമോ അവരെയെല്ലാം ചോദ്യം ചെയ്യും. അന്വേഷണത്തോട് ഡല്‍ഹി പോലീസ് സഹകരിക്കും. ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമാക്കിയല്ല അന്വേഷണം നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം സീല്‍ ചെയ്ത ഹോട്ടല്‍ മുറിയില്‍ പോലീസ്, ഫോറന്‍സിക് വിഭാഗം അടുത്ത കാലത്ത് പരിശോധന നടത്തിയിരുന്നു. സുനന്ദ കൊല്ലപ്പെട്ട സമയത്ത് ലീലാ പാലസില്‍ താമസിച്ചിരുന്ന ചില വ്യക്തികള്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ഐ.പി.എല്‍ വാതുവയ്പുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദുബായില്‍ നിന്നുള്ള ചിലര്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മാരകമായ വിഷം കുത്തിവച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആറിനം വിഷങ്ങളുടെ സാന്നിധ്യമാണ് മെഡിക്കല്‍ ബോര്‍ഡ് സൂചിപ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഡിസംബര്‍ 29നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത്.
സുനന്ദയുടേത് അസ്വഭാവിക മരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കൊലപാതകമാണെന്ന് അംഗീകരിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായിരുന്നില്ല. ആദ്യമായാണ് കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സമ്മതിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.