ഒറ്റപ്പാലം/കോട്ടയം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സി.കെ രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ജില്ലകമ്മിറ്റിയുടെ ആദ്യയോഗമാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ആളാണ് രാജേന്ദ്രന്‍.
പാര്‍ട്ടിയിലേക്കു മടങ്ങിവന്ന എം.ആര്‍ മുരളിയെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുരളിയുള്‍പ്പെടെ 41 പേരാണ് ജില്ലകമ്മിറ്റിയിലുള്ളത്. വിഭാഗിയതയെ തുടര്‍ന്ന് നടപടിക്കു വിധേയനായി പാര്‍ട്ടിവിട്ട എം.ആര്‍ മുരളിക്ക് മടങ്ങിയെത്തിയ ആദ്യസമ്മേളത്തില്‍ തന്നെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടാനായി.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എന്‍. വാസവനെ തെരഞ്ഞെടുത്തു. നിലവില്‍ സിഐടിയു ജില്ലാ പ്രസിഡന്റാണ് വി.എന്‍. വാസവന്‍. കാലാവധി പൂര്‍ത്തിയാക്കി നിലവിലെ സെക്രട്ടറി കെ.ജെ തോമസ് മാറുന്ന ഒഴിവിലേക്കാണ് വാസവനെ തെരഞ്ഞെടുത്തത്. 2006-2011 കാലയളവില്‍ കോട്ടയം നിയോജകമണ്ഡല്‌ത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച 35 അംഗ ജില്ലാകമ്മിറ്റിയില്‍ 2 പുതുമുഖങ്ങളുണ്ട്.








