Home » » ബറാക് ഒബാമ എത്തുമ്പോൾ രാജ്പഥിൽ വ്യോമഗതാഗതം നിരോധിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി.

ബറാക് ഒബാമ എത്തുമ്പോൾ രാജ്പഥിൽ വ്യോമഗതാഗതം നിരോധിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി.

Written By Unknown on Saturday, 17 January 2015 | 20:30

ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ എത്തുമ്പോൾ പരേഡ് നടക്കുന്ന രാജ്പഥിൽ വ്യോമഗതാഗതം നിരോധിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി. സുരക്ഷ കണക്കിലെടുത്ത് അഞ്ചു കിലോമീറ്റർ ദൂരത്തിൽ വ്യോമഗതാഗതം നിരോധിക്കണമെന്നായിരുന്നു യു.എസ് സുരക്ഷാ ഏജൻസികളുടെ ആവശ്യം. 

എന്നാൽ പരേഡിൽ 18 യുദ്ധവിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും പങ്കെടുക്കുന്നതിനാൽ വ്യോമമേഖല നിരോധിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 60 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരത്തിലാണ് വിമാനങ്ങളും കോപ്ടറുകളും പറക്കുക. കൂടാതെ നേവിയുടെ ആദ്യത്തെ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങളായ മിഗ് 29 കെ, സുഖോയ് 30 എം.കെ.ഐ, ജാഗ്വാർ വിമാനങ്ങൾ എന്നിവയും പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഉത്തരേന്ത്യയിലെ വിവിധ എയർബേസുകളിൽ നിന്ന് പറന്നുയർന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുന്നത്.

റിപ്പബ്ളിക് ദിന പരേഡിന് മാത്രമാണ് രാജ്പഥിൽ വ്യോമനിരോധനത്തിന് ഇളവ് നൽകുന്നത്. ഇരട്ട എഞ്ചിനുള്ള സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാത്രമാണ് അപ്പോൾ രാജ്പഥിന് മുകളിലൂടെ പറക്കുക. പത്തു മിനിട്ടിനുള്ളിൽ പരേഡ് പൂർത്തിയാക്കി വിമാനങ്ങൾ മടങ്ങുകയും ചെയ്യും. രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, സൗത്ത്, നോർത്ത് ബ്ലോക്കുകളും മറ്റ് പ്രധാന സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ശേഷിക്കുന്ന കാലം ഇവിടെ വ്യോമഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല അമേരിക്ക ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഒബാമ ഇന്ത്യ ഗേറ്റിനു സമീപത്തേക്ക് അമേരിക്കൻ വാഹനത്തിൽ എത്തണമെന്ന നിബന്ധന അമേരിക്കൻ രഹസ്യ സർവിസ് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽനിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്തെ പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് കീഴ്‌വഴക്കം. എന്നാൽ പ്രണബ് മുഖർജിക്കൊപ്പം അതേ കാറിൽ ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനാവില്ലെന്നാണ് അമേരിക്കൻ ഏജൻസികളുടെ നിലപാട്. ഒന്നുകിൽ രണ്ടു കാറുകളിലായി രാഷ്ട്രപതി പ്രണബ് മുഖർജിയും ഒബാമയും പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കിൽ, അമേരിക്കൻ പതാകയുള്ള പ്രസിഡന്റിന്റെ കാറിൽ രാഷ്ട്രപതിയും കയറണം. അമേരിക്കയിൽ നിന്ന് വിമാനമാർഗം എത്തിക്കുന്ന പ്രസിഡന്റി കാറിലാണ് എവിടെപ്പോയാലും യു.എസ് പ്രസിഡൻറ് യാത്ര ചെയ്യുന്നതെന്നാണ് ഇതിന് അമേരിക്ക പറയുന്ന ന്യായം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.