Home » » പ്രവാസികൾ ഇന്ത്യയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണം: നരേന്ദ്ര മോദി.

പ്രവാസികൾ ഇന്ത്യയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണം: നരേന്ദ്ര മോദി.

Written By Unknown on Thursday, 8 January 2015 | 19:00

ഗാന്ധിനഗർ: വിദേശ രാജ്യങ്ങളിൽ കാലുറപ്പിച്ച പ്രവാസികൾക്ക് മികച്ച അവസരങ്ങളുമായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ ഇന്ത്യയുടെ വലിയ ശക്തിയാണ്. അവർ മുഖാന്തരം ഇന്ത്യയ്‌ക്ക് ആഗോളതലത്തിൽ സാന്നിദ്ധ്യമറിയിക്കാനാവും. ഇന്ത്യയുടെ വിജയത്തിൽ പങ്കാളികളാവാൻ പ്രവാസികളെ അദ്ദേഹം ക്ഷണിച്ചു. ഗംഗാ നദിയെ പുനരുദ്ധരിക്കുന്നതുപോലുള്ള പദ്ധതികളിൽ പ്രവാസികളുടെ സഹായം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഇക്കൊല്ലം പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്ന ഗയാന, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പ്രത്യേകം അഭിവാദ്യം ചെയ്യാൻ പ്രധാനമന്ത്രി മറന്നില്ല. ഗയാനയിൽ ഇന്ത്യയിലുള്ളതിനെക്കാൾ കേമമായി ഹോളിയും ദിപാവലിയും ആഘോഷിക്കുന്നതും മൗറീഷ്യസിൽ ഗാന്ധിജയന്തിക്കുള്ള പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
 
ചടങ്ങിൽ പ്രവാസികാര്യ മന്ത്രി സുഷമാ സ്വരാജ്, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ പ്രദർശനം "ദണ്ഡി കുടീർ" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. 44 രാജ്യങ്ങളിൽ നിന്നായി 4000 പ്രതിനിധികൾ മഹാത്മാ മന്ദിറിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി പങ്കെടുക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.