കൊച്ചി: പാമോലിന്‍ കേസ് അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. കേസ് അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി കോടതി തള്ളി. കേസ് അവസാനിപ്പിക്കാനാവില്ലെന്ന വിജിലന്‍സ് കോടതി വിധി ഹൈക്കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. പ്രധാന സാക്ഷികള്‍ മരണപ്പെട്ടു എന്നതുകൊണ്ട് കേസ് പിന്‍വലിക്കാനാവില്ല. കേസ് പിന്‍വലിക്കുന്നത് പൊതുജന താല്‍പര്യ വിരുദ്ധത്തിനു വിരുദ്ധമാണ്. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി.
കേസിലെ പ്രതിയായ ജിജി തോംസന്റെ ഡിസ്ചാര്‍ജ് പെറ്റീഷനും കോടതി പരിഗണിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ ഇടപെടാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാറിനും അവകാശമില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. ഇവര്‍ക്ക് ജനപക്ഷത്തുനിന്ന് കേസില്‍ ഇടപെടാം. സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് ഹൈക്കോടതി അപേക്ഷ നിരസിച്ചത്.
സംസ്ഥാന സര്‍ക്കാരിന് നഷ്ടം വരുത്തിയ ഇടപാടു നടന്ന കേസ് പ്രഥമദൃഷ്ട്യ തെളിവില്ല എന്നു പറഞ്ഞ് തള്ളിക്കളയുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി വിലയിരുത്തി. സമൂഹത്തിന് നന്മയോ പൊതുജന താല്‍പര്യമോ കേസ് പിന്‍വലിക്കുന്നതിലില്ല. പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് കേസ് പിന്‍വലിക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് കേസ് തടസ്സമാകുന്നുവെന്ന വാദം ശയല്ല. ജനങ്ങളുടെ നികുതിപ്പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നികുതിപ്പണം എന്തു ചെയ്തു എന്നറിയുന്നതിനുള്ള ജനങ്ങളുടെ അവകാശമാണ് ഇതുവഴി ലംഘിക്കപ്പെടുന്നതെന്നും കോടതി വിലയിരുത്തി. സത്യം പുറത്തുവരുന്നത് വിചാരണയിലൂടെയാണ്. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
പാമോലിന്‍ കേസില്‍ പ്രതിപട്ടികയിലുള്ള ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുന്നത്. ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. പാമോലിന്‍ കേസ് പ്രതിയെ ഉന്നത പദവിയിലിരുത്തുന്നത് സുപ്രീം കോടതി ഉത്തരവിനോടും നിയമവ്യവസ്ഥയോടുമുള്ള അവഹേളനമാണെന്നും വി.എസ് കുറ്റപ്പെടുത്തിയിരുന്നു.








