Home » » സ്മൃതി മണ്ഡപം സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ആർ.നാരായണന്റെ കുടുംബക്കാർ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക്.

സ്മൃതി മണ്ഡപം സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ആർ.നാരായണന്റെ കുടുംബക്കാർ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക്.

Written By Unknown on Wednesday, 7 January 2015 | 22:53

ചെറുതോണി: സ്മൃതി മണ്ഡപം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ കുടുംബക്കാർ ബി.ജെ.പിയിലേക്ക്. ഉഴവൂർ ടൗണിൽ ഇന്ന് ചേരുന്ന യോഗത്തിൽ എട്ട് കുടുംബങ്ങളിലെ 30 ഓളം പേർക്ക് അംഗത്വം നൽകും. എല്ലാവരും കോച്ചേരിൽ കുടുംബാഗങ്ങളാണ്. 

കെ.ആർ. നാരായണന്റെ പിതൃസഹോദരൻ അയ്യപ്പൻ മാസ്റ്ററുടെ മകൾ സീതാലക്ഷ്മിയുടെ പെരുവന്താനം ജംഗ്ഷന് സമീപത്തെ കോച്ചേരിലെ വീട്ടുവളപ്പിലാണ് സ്മൃതിമണ്ഡപം.. ഇവിടെ ചിതാഭസ്മവും സൂക്ഷിച്ചിട്ടുണ്ട്. കെ.ആർനാരായണന്റെ കുടുംബത്തിൽ അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ മക്കൾ മാത്രമെ ജീവിച്ചിരിക്കുന്നുള്ളു. ഇവരടക്കമുള്ള കോച്ചേരി കുടുംബങ്ങളാണ് ബി.ജെ.പിയിൽ ചേരുന്നത്. വൈകിട്ട്  അഞ്ചിന് ഉഴവൂർ ടൗണിൽ ചേരുന്ന സമ്മേളനത്തിൽ സംസ്ഥാന ഉപദ്ധ്യാക്ഷൻ പി.എൻ വേലായുധൻ ഇവർക്ക് അംഗത്വം നൽകും. കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സ്മൃതി മണ്ഡപത്തോട് തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്. 2005 നവബർ 9നാണ് കെ.ആർ നാരായണൻ മരിച്ചത്. 14ന് ചിതാഭസ്മം നാട്ടിലെത്തിച്ചു.  ചിതാഭസ്മം അദ്ദേഹം അവസാനകാലഘട്ടത്തിൽ ജീവിച്ചിരുന്ന വീട്  ഏറ്റെടുത്ത   ശാന്തിഗിരി ആശ്രമത്തോടനുബന്ധിച്ച് സൂക്ഷിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും  മൂത്ത മകൾ ചിത്രയുടെ നി‌ർദേശ പ്രകാരം  കുടുംബ വീടിനോട് ചേർന്ന്  പിതൃസഹോദരി പുത്രിയുടെ വീടിന് സമീപം കുടുംബശ്മശാനത്തിൽ ഒരു രാത്രി കൊണ്ട് സ്മൃതിമണ്ഡപം നിർമിച്ച് ചിതാഭസ്മം സൂക്ഷിക്കുകയായിരുന്നു. 

സർക്കാർ ഔദ്യോഗിക ബഹുമതികളോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.എം മാണി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചത്. ഇതിന് ശേഷം പിണറായി വിജയനടക്കമുള്ള പ്രമുഖർ ഇവിടെ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി മടങ്ങിയതല്ലാതെ മണ്ഡപം സംരക്ഷിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. 

സഹോദരി സീതാലക്ഷമിയും ഭർത്താവ് വാസുക്കുട്ടനുമടക്കം വർഷങ്ങളായി ആവശ്യമുന്നയിച്ചിട്ടും അധികൃതരാരും തിരിഞ്ഞ് നോക്കിയിട്ടില്ല. എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം മണ്ഡപം സംരക്ഷിക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും അതിനാൽ 50 വർഷങ്ങളായി തങ്ങൾ വിശ്വസിക്കുന്ന സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേരുകയാണെന്നും ഇവർ പറയുന്നു. പാർട്ടിയിൽ സജീവമായിരുന്ന ഇവർക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് പാർട്ടി നേതൃത്വം കാണിച്ച അലംഭാവമാണ് പാർട്ടി വിടാൻ കാരണമെന്നും ഇവർ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.