തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍പോയത് സിപിഎം നേതൃത്വവുമായി ആലോചിക്കാതെ. അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ പോകുന്നത് മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍പോലും അറിഞ്ഞത്. സിപിഎമ്മിന്റെ സംഘടനാരീതിയനുസരിച്ച് ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുകയും അനുമതി വാങ്ങുകയും വേണം.
റബര്‍ ഇറക്കുമതി ഉള്‍പ്പെടെ കേരളം നേരിടുന്ന ഗുരതരമായ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒന്നിച്ചുപോയതെന്ന വസ്തുത സിപിഎം നേതൃത്വം അംഗീകരിക്കുന്നുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല എന്നാണ് ചോദ്യം. ഉമ്മന്‍ചാണ്ടിയുമായി വിഎസിനുള്ള അവിശുദ്ധബന്ധത്തിന്റെയും ഒറ്റയാന്‍ നിലപാടിന്റെയും തെളിവായാണ് പാര്‍ട്ടി നേതൃത്വം ഇതിനെ കാണുന്നത്.
പാര്‍ട്ടിയുമായി മാത്രമല്ല, എല്‍ഡിഎഫുമായും ഡല്‍ഹിയാത്ര വിഎസ് ആലോചിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കും പ്രതിഷേധമുണ്ട്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം എടുക്കേണ്ടതായിരുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യുന്ന വിഷയങ്ങളും തീരുമാനിക്കേണ്ടതായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ ശക്തിയായി ഇടപെട്ടെന്ന്‌വരുത്താന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന രാഷ്ട്രീയനീക്കങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് കരുവായി എന്നും അവര്‍ കരുതുന്നു.
പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തിയുള്ള വിഎസിന്റെ ഡല്‍ഹിയാത്ര പാര്‍ട്ടിനേതൃത്വത്തില്‍ വലിയചര്‍ച്ചയാണ്. പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിലും ഈ വിഷയം ഉയര്‍ന്നുവന്നേക്കും. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കുന്നതിന് ഉമ്മന്‍ചാണ്ടിയുമായിചേര്‍ന്ന് വിഎസ് ഗൂഢാലോചന നടത്തിയെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗികനേതൃത്വം വിശ്വസിക്കുന്നത്. ഉമ്മന്‍ചാണ്ടി നയിച്ച മുന്‍ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. സംസ്ഥാനസര്‍ക്കാറിന്റെ വിജിലന്‍സ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പിണറായി വിജയന്‍ പ്രതിയല്ലായിരുന്നു. അതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇതിനുപിന്നില്‍ വിഎസിന്റെ നീക്കങ്ങളായിരുന്നു എന്നതിന് തെളിവുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വാദം. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷം പ്രതിപ്പട്ടികയില്‍ പിണറായി വിജയനെ ചേര്‍ക്കുന്നതിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം വഴി സമ്മര്‍ദം ചെലുത്താനും പ്രതിപക്ഷ നേതാവ് തയാറായെന്നാണ് ആരോപണം. ഈ അവിശുദ്ധ ബന്ധം വി എസ് ഇപ്പോഴും തുടരുകയാണത്രെ.








