Home » » ചക്കിട്ടപ്പാറ ഇരുമ്പയിര്‌ ഖനനത്തിനായി എം.എസ്‌.പി.എല്‍. കമ്പനിക്കു സര്‍ക്കാരിന്റെ അനുമതി.

ചക്കിട്ടപ്പാറ ഇരുമ്പയിര്‌ ഖനനത്തിനായി എം.എസ്‌.പി.എല്‍. കമ്പനിക്കു സര്‍ക്കാരിന്റെ അനുമതി.

Written By Unknown on Thursday, 15 January 2015 | 18:24

ന്യൂഡല്‍ഹി: കോളിളക്കുമുണ്ടാക്കിയ ചക്കിട്ടപ്പാറ ഇരുമ്പയിര്‌ ഖനനത്തിനായി കര്‍ണാടക ആസ്‌ഥാനമായ എം.എസ്‌.പി.എല്‍. കമ്പനിക്കു സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി. ഖനനാനുമതി തേടിക്കൊണ്ടു സംസ്‌ഥാനം നല്‍കിയ എന്‍.ഒ.സി. കമ്പനി കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു.
ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ അനുമതി നല്‍കുകയും അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ യു.ഡി.എഫ്‌. മന്ത്രിസഭ ഖനനാനുമതി റദ്ദാക്കുകയും ചെയ്‌തിരുന്നതാണ്‌. എന്നാല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരില്‍നിന്നു ലഭിച്ച എന്‍.ഒ.സിയാണോ അതോ യു.ഡി.എഫ്‌. സര്‍ക്കാര്‍ ഈ എന്‍.ഒ.സി. റദ്ദാക്കാതിരുന്നതാണോ ഇതുമായി മുന്നോട്ടു പോകാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നു വ്യക്‌തമല്ല. വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങള്‍ അനുസരിച്ച്‌ സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാതെ അപേക്ഷ നല്‍കാനാകില്ലെന്നു സ്‌പഷ്‌ടം.
ഖനന പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിനുള്ള അപേക്ഷയാണു കമ്പനി സമര്‍പ്പിച്ചിട്ടുള്ളത്‌. കഴിഞ്ഞ 22നു ചേര്‍ന്ന പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി അപേക്ഷ പരിഗണിച്ചിരുന്നെങ്കിലും തുടര്‍നടപടികളെന്തെങ്കിലും എടുത്തതായി പരിസ്‌ഥിതി മന്ത്രാലയം വ്യക്‌തമാക്കുന്നില്ല. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‌ ഖനനം നടത്താന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഖനനാനുമതി നല്‍കിയത്‌ വന്‍ വിവാദമായിരുന്നു. പദ്ധതിക്ക്‌ അനുമതി നല്‍കാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം അഞ്ചു കോടി രൂപ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന്‌ വന്ന യു.ഡി.എഫ്‌. മന്തിസഭായോഗം 2013 ഡിസംബര്‍ ഏഴിന്‌ ഖനനാനുമതി റദ്ദാക്കി. ഇതിനു പുറമെ ഇക്കാര്യത്തില്‍ വിജിലന്‍സ്‌ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും ഈ എന്‍.ഒ.സി ഇതുവരെ റദ്ദാക്കിയിരുന്നില്ലെന്നാണ്‌ കര്‍ണാടകയിലെ എം.എസ്‌.പി.എല്‍. കമ്പനി കേന്ദ്രത്തിന്‌ ഇതു കൈമാറിയതിലൂടെ വ്യക്‌തമാകുന്നത്‌. ചക്കിട്ടപ്പാറയിലെ 406.45 ഹെക്‌ടര്‍ പ്രദേശത്ത്‌ ഖനനം നടത്താന്‍ അനുമതി തേടിയുള്ള ഈ അപേക്ഷയ്‌ക്കൊപ്പം അനുബന്ധമായാണു സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. പദ്ധതിക്കുള്ള പരിഗണനാ വിഷയങ്ങള്‍ തയാറാക്കണമെന്ന ആവശ്യത്തോടെ സമര്‍പ്പിച്ചിരുന്നത്‌.
പദ്ധതിയുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച നടത്തിയ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാന്‍ വീണ്ടും യോഗം ചേര്‍ന്നേക്കും. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ചക്കിട്ടപ്പാറ ഖനനപദ്ധതി പരിസ്‌ഥിതിക്ക്‌ ഏറെ ദോഷം ചെയ്യുമെന്ന്‌ അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയിലെ കൂടുതല്‍ ഭാഗവും വനമേഖലയും അതോടൊപ്പം പരിസ്‌ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതുമാണ്‌. കോഴിക്കോട്‌ ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ പ്രദേശങ്ങളില്‍ ഖനനം മൂലം വന്‍ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.