തിരുവനന്തപുരം: സ്‌റ്റാഫ് നഴ്‌സ് തസ്‌തികയില്‍ നിയമനത്തിനു ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി ആരോപണം. അഴിമതി സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നു യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് അഡ്വ. വി. സുധീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്‌റ്റാഫ് നഴ്‌സ് തസ്‌തികയിലേക്ക് 2013-ലെ റാങ്ക്‌ലിസ്‌റ്റ് നിലനില്‍ക്കെ വീണ്ടും പരീക്ഷ നടത്തിയതു സോഡിയാക് എന്ന സ്വകാര്യ കോച്ചിംഗ് സ്‌ഥാപനത്തിലെ കുട്ടികളെ തിരുകിക്കയറ്റാനാണെന്നും ഇതിനു മന്ത്രി ലക്ഷങ്ങളുടെ കോഴ വാങ്ങിയിട്ടുണ്ടെന്നും സുധീര്‍ ആരോപിച്ചു. മന്ത്രിയുടെ അടുപ്പക്കാരനായ ഐ.എന്‍.ടി.യു.സി.നേതാവിന്റെ സ്‌ഥാപനമാണു സോഡിയാക് കോച്ചിംഗ് സെന്റര്‍.
സ്‌റ്റാഫ് നഴ്‌സ് പരീക്ഷാസഹായിയായി സോഡിയാക് പുറത്തിറക്കിയ ഗൈഡിലെ ചോദ്യങ്ങളാണു പരീക്ഷയ്‌ക്കു ചോദിച്ചിട്ടുള്ളത്. ഗൈഡിന്റെ ആമുഖം എഴുതിയതു നഴ്‌സിങ് എഡ്യുക്കേഷന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രസന്നകുമാരിയാണ്. സ്‌റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗം കൂടിയാണ് പ്രസന്നകുമാരി. സര്‍വീസിലിരിക്കെ ഒരു സ്വകാര്യ സ്‌ഥാപനത്തിനു വേണ്ടി ഒത്താശ നല്‍കിയതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. പ്രസന്നകുമാരിയുടെ ഇടപെടല്‍ അന്വേഷിക്കണം. ഇവരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
മന്ത്രി ശിവകുമാറിനെതിരേ കേസെടുക്കാത്തപക്ഷം ശക്‌തമായ സമരപരിപാടികളുമായി യുവമോര്‍ച്ച രംഗത്തിറങ്ങുമെന്നു സുധീര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്‌ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ്, സ്‌റ്റാഫ് നഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി രാഖി എന്നിവരും പങ്കെടുത്തു.








