Home » » നാനൂറോളം കോടി രൂപ അനുവദിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവുo ശിശു മരണവും .

നാനൂറോളം കോടി രൂപ അനുവദിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവുo ശിശു മരണവും .

Written By Unknown on Friday, 9 January 2015 | 15:20

പാലക്കാട്‌: പട്ടിണിയും പോഷകാഹാരക്കുറവുമാണ്‌ അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്കു കാരണമെന്ന്‌ പഠനറിപ്പോര്‍ട്ട്‌. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന പണം ആദിവാസികളിലേക്ക്‌ എത്തുന്നില്ലെന്നും സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യൂക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. 
2013 ല്‍ 47 ശിശുമരണങ്ങളും അത്രതന്നെ ഗര്‍ഭസ്‌ഥ ശിശുമരണവുമാണ്‌ അട്ടപ്പാടിയിലുണ്ടായത്‌. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി വിവിധ പാക്കേജുകളിലായി സര്‍ക്കാരുകള്‍ നാനൂറോളം കോടി രൂപ അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം 22 ശിശുമരണങ്ങളും 37 ഗര്‍ഭസ്‌ഥ ശിശുമരണങ്ങളുമുണ്ടായി.
ഒരു വയസെത്തിയ 80 ശതമാനം കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരക്കുറവ്‌ മൂലം വളര്‍ച്ചാ മുരടിപ്പുണ്ടെന്നും അമ്മമാരിലെ പോഷകാഹാരകുറവ്‌ കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്‌തമായതായി തമ്പ്‌ അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അട്ടപ്പാടിയടക്കമുള്ള പ്രദേശങ്ങളില്‍ ശിശുമരണ നിരക്ക്‌ ഭീതിദമായ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നവംബറിലാണ്‌ അട്ടപ്പാടി ബ്ലോക്കിലെ അഗളി, പുതൂര്‍, ഷോളയാര്‍ പഞ്ചായത്തുകളില്‍ ആരോഗ്യ നിരീക്ഷണ സര്‍വേ നടത്തിയത്‌.
ആലപ്പുഴ മെഡിക്കല്‍ കോളജ്‌ പീഡിയാട്രിക്‌ സര്‍ജറി വിഭാഗം മേധാവിയായിരുന്ന ഡോ. ഇ.കെ. സത്യന്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കുട്ടികളിലും അമ്മമാരിലും പോഷകാഹാരക്കുറവ്‌ വ്യാപകമാണെന്നു കണ്ടെത്തി. അയണ്‍ ഗുളികകള്‍ കഴിക്കുന്നവരില്‍ പോലും രക്‌തത്തില്‍ ഹീമോഗ്ലോബിന്റെ അളവ്‌ കുറവാണ്‌. പ്രദേശത്തെ 80 ശതമാനം അമ്മമാരുടെയും തൂക്കം ദേശീയ ശരാശരിക്കും താഴെയാണ്‌.
ശിശുമരണ നിരക്ക്‌ വന്‍തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലവത്തായി നടപ്പാക്കിയില്ല. ഗര്‍ഭിണികള്‍ക്കായി പ്രഖ്യാപിച്ച ജനനി ജന്മരക്ഷ, ഇന്ദിരാഗാന്ധി മാതൃസഹയോഗ്‌ പദ്ധതികളുടെ ഗുണവും ആദിവാസികളില്‍ എത്തിയില്ല. പഠന റിപ്പോര്‍ട്ട്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ സമര്‍പ്പിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.