Home » » കണികാ പരീക്ഷണശാലയെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌.

കണികാ പരീക്ഷണശാലയെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌.

Written By Unknown on Wednesday, 4 March 2015 | 20:10

ഇടുക്കി: കേരളത്തോടു ചേര്‍ന്നു തമിഴ്‌നാട്ടിലെ പൊട്ടിപ്പുറത്തു സ്‌ഥാപിക്കുന്ന കണികാ പരീക്ഷണശാലയെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയാല്‍ നന്നായിരിക്കുമെന്നു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. ഭൂഗര്‍ഭ അറയുടെ നിര്‍മാണത്തിനായി പശ്‌ചിമഘട്ടത്തില്‍നിന്നു 2.25 ലക്ഷം ഘനമീറ്റര്‍ പാറ പപൊട്ടിച്ചുമാറ്റേണ്ടി വരുമെന്നാണു പ്രാഥമിക നിഗമനം. ഇതു കേരളത്തെ എങ്ങനെ ബാധിക്കുമെന്നു വ്യക്‌തമല്ല. അതിനാല്‍ ശാസ്‌ത്രജ്‌ഞരെ ഉള്‍പ്പെടുത്തി പഠനം നടത്തിയാല്‍ നന്നായിരിക്കുമെന്നാണു സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌.
കേരളത്തിലെ മതികെട്ടാന്‍ മലയോടു ചേര്‍ന്നാണു പൊട്ടിപ്പുറം. മതിക്കെട്ടാന്‍ചോലയ്‌ക്കു സമീപം 1300 അടി താഴ്‌ചയില്‍ കരിമ്പാറ തുരന്ന്‌ രണ്ടരക്കിലോ മീറ്റര്‍ നീളത്തിലാണു തുരങ്കം നിര്‍മിക്കുന്നത്‌. 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള പ്രത്യേക അറയിലായാണു പരീക്ഷണശാല ഒരുക്കുന്നത്‌.
എം.ഡി.എം.കെ. നേതാവ്‌ വൈകോ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാണു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. പദ്ധതിയെക്കുറിച്ച്‌ പഠിക്കണമെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. അത്‌ അന്നാരും കാര്യമായെടുത്തിരുന്നില്ല.
ആണവ നിലയങ്ങള്‍ സൃഷ്‌ടിക്കുന്നതുപോലുള്ള ദോഷവശങ്ങള്‍ ന്യൂട്രിനോ പരീക്ഷണശാലകള്‍ക്കില്ലെന്നതാണു പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. പരീക്ഷണ ശാലയെക്കുറിച്ചുളള ആശങ്കയകറ്റാന്‍ മുന്‍ രാഷ്ര്‌ടപതി എ.പി.ജെ. അബ്‌ദുള്‍കലാം സ്‌ഥലത്തെത്തിയിരുന്നു. ഇതെല്ലാം തള്ളിയാണു വൈകോയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഇതു രാഷ്‌ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്ന്‌ ആരോപണമുണ്ട്‌.
1930-ല്‍ വോള്‍ഫ്‌ഗാങ്ക്‌ പൗളിയാണു ന്യൂട്രിനോയെ സംബന്ധിച്ച്‌ ആദ്യ സൂചന നല്‍കിയത്‌. തുടര്‍ന്ന്‌ 26 വര്‍ഷത്തിനുശേഷമാണ്‌ ഇവയെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞത്‌.
പ്രകൃതിയില്‍ നിന്നുള്ള ന്യൂട്രിനോ കണികയെ 1965-ല്‍ കോളാര്‍ സ്വര്‍ണഖനികളിലെ പരീക്ഷണശാലയില്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഖനികള്‍ പൂട്ടിയതോടെ 2000 മീറ്റര്‍ താഴ്‌ചയില്‍ ഭൂമിക്കടിയിലുള്ള പരീക്ഷണശാലയുടെ പ്രവര്‍ത്തനവും നിലച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.