Home » » ഖനന ലോബികളുടെ പിടിയില്‍ പശ്ചിമഘട്ട മലനിരകള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്‌ട്രീയ പിന്തുണയും. വൈദ്യുതപദ്ധതിക്കും മയ്യഴിപ്പുഴയുടെ ജലസ്രോതസ്സുകള്‍ക്കും മരണമണി മുഴങ്ങുന്നു.

ഖനന ലോബികളുടെ പിടിയില്‍ പശ്ചിമഘട്ട മലനിരകള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്‌ട്രീയ പിന്തുണയും. വൈദ്യുതപദ്ധതിക്കും മയ്യഴിപ്പുഴയുടെ ജലസ്രോതസ്സുകള്‍ക്കും മരണമണി മുഴങ്ങുന്നു.

Written By Unknown on Saturday, 11 January 2014 | 03:52

വടക്കന്‍ കേരളത്തിലെ മലയോരമേഖലകള്‍ വന്‍കിട ഖനന ലോബികളുടെ പിടിയിലമരുന്നു. ഉന്നത രാഷ്‌ട്രീയ കേന്ദ്രങ്ങളുടെ പിന്‍ബലത്തോടെ, പാരിസ്ഥിതിക മാര്‍ഗ്ഗരേഖകള്‍ അട്ടിമറിച്ച്‌ ആയിരത്തിലധികം ഹെക്‌ടര്‍ മലയോരങ്ങളാണ്‌ ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. പശ്ചിമഘട്ട താഴ്‌വരങ്ങളിലെ കൃഷി ഭൂമികളും, മലഞ്ചെരുവുകളും, റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പുകള്‍ ചെറിയ പ്ലോട്ടുകളായി സ്വന്തമാക്കുകയും പിന്നീടവ ഒന്നിച്ച്‌ ചേര്‍ത്ത്‌, കരിങ്കല്‍, മണല്‍ ഖനനമാരംഭിക്കികയുമാണ്‌. ഇതോടടൊപ്പം വന്‍ മരങ്ങളും നിര്‍ബാധം വെട്ടിനിരത്തുന്നു. പശ്ചിമഘട്ട മലനിരകളുടെ നിലനില്‍പ്പിന്നെ തന്നെ തകര്‍ക്കുന്ന വിധത്തില്‍ അത്യന്തം രൂക്ഷമായ സാഹചര്യമായിട്ടും അധികാരകേന്ദ്രങ്ങള്‍ ഇതൊന്നും അറിഞ്ഞ മട്ട്‌ നടിക്കുന്നതേയില്ല; മാത്രവുമല്ല, രാഷ്‌ട്രീയസമ്മര്‍ദ്ദത്താല്‍ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്ക്‌ പിന്തുണയുമേകുന്നു.
കാര്‍ഷിക വിളവുകളുടെ കുത്തനെയുള്ള വിലത്തകര്‍ച്ചയും, ഉല്‍പ്പാദനചെലവിലെ വന്‍വര്‍ദ്ധനവും, ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളുമെല്ലാം ചേര്‍ന്ന്‌, കാര്‍ഷിക മേഖലയില്‍ നിന്ന്‌ പരമ്പരാഗത കര്‍ഷകര്‍ ക്രമേണ അകലുന്ന സ്ഥിതിയാണുള്ളത്‌. ഈ സാഹചര്യം മുതലെടുത്താണ്‌ റിയല്‍ എസ്റ്റേറ്റ്‌-ഖനന ലോബികള്‍ ചുളുവിലയ്‌ക്ക്‌ ഭൂമി സ്വന്തമാക്കുകയും, പിന്നീടവ കൂട്ടിച്ചേര്‍ത്ത്‌ ഏക്കറുകള്‍ വരുന്ന പ്ലോട്ടുകളാക്കി മാറ്റിയിരിക്കുന്നതും കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ താഴ്‌വാര ഭൂമികള്‍ ഈവിധത്തില്‍ ലോബികള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
പശ്ചിമഘട്ട മനലിരകളുടെ ഭാഗമായ കണ്ണവം, വയനാടന്‍ വനമേഖലകളുടെ താഴ്‌വാരപ്രദേശങ്ങള്‍ ഏറെയും ഈ ലോബികള്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നത്‌ വസ്‌തുതകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കോഴിക്കോട്‌ ജില്ലയിലെ, ഉടുമ്പിറങ്ങി മലയില്‍ മാത്രം നൂറോളം ഏക്കര്‍ സ്ഥലമാണ്‌ ഖനന ലോബി സ്വന്തമാക്കി അശാസ്‌ത്രീയഖനനമാരംഭിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ഇവിടെ ഖനനമില്ലെന്നും, ചെറുകിട ഖനനമാണ്‌ ആരംഭിക്കുന്നതെന്നും, അത്‌ തടയുന്നത്‌ തൊഴില്‍ ഇല്ലാതാക്കുമെന്നുമുള്ള വിചിത്രവാദമാണ്‌ ഖനനലോബി മുന്നോട്ടുവെയ്‌ക്കുന്നത്‌. ഈ വാദമുയര്‍ത്തി അവരെ സംരക്ഷിക്കാനുള്ള നീക്കം ചില രാഷ്‌ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്‌.
വാണിമേലിലെ ഉടുമ്പിറങ്ങിമല, കോളിപ്പാറ, പച്ചപ്പാലം, ചിറ്റാരിമല, നരിപ്പറ്റയിലെ കമ്മായിമല, കാവിലുംപാറയിലെ വട്ടിപ്പനമല എന്നീ മലമ്പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അനിയന്ത്രിത ഖനനമാരംഭിച്ചിരിക്കുന്നത്‌. പണത്തിന്റെയും, രാഷ്‌ട്രീയാധികാരത്തിന്റെയും ഹുങ്കില്‍ നിയമവാഴ്‌ചയെ പരസ്യമായി വെല്ലുവിളിക്കുന്ന കാഴ്‌ചകളാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. കോഴിക്കോട്‌ ജില്ലയുടെ അതിര്‍ത്തിയായ വിലങ്ങാട്ടെ ഉടുമ്പിറങ്ങിമല ഏകദേശം പകുതിയോളം പിളര്‍ന്നുമാറ്റിയ അവസ്ഥയിലാണ്‌. നിത്യഹരിത സസ്യജാലങ്ങള്‍ നിറഞ്ഞ ഈ മലനിരകളില്‍നിന്നുല്‍ഭവിക്കുന്ന ജലസ്രോതസ്സുകളാണ്‌ മയ്യഴിപ്പുഴയേയും, കുറ്റിയാടിപുഴയേയും ജലസമ്പന്നമാക്കുന്നത്‌.
താഴ്‌വാരകള്‍ക്ക്‌ കാവല്‍നില്‍ക്കുന്ന പടുകൂറ്റന്‍ പാറക്കെട്ടുകള്‍ ഇടിച്ചുനിരത്തിയും പാറയിടുക്കുകളില്‍നിന്നുമുല്‍ഭവിച്ച്‌ അടിവാരത്തേക്ക്‌ കുതിച്ചൊഴുകുന്ന നീര്‍ച്ചാലുകളെ തടഞ്ഞുനിര്‍ത്തിയും, വന്‍മരങ്ങള്‍ വെട്ടിമാറ്റി റോഡുകള്‍ തീര്‍ത്തും ഉടുമ്പിറങ്ങി വനമേഖലയാകെ ഖനനലോബി മാറ്റിമറിച്ചിരിക്കുന്നു. സ്‌ഫോടകവസ്‌തുക്കള്‍ ശേഖരിക്കാനുള്ള സൗകര്യങ്ങളും, ജെ. സി. ബിയും പൊക്ലൈനവും കടന്നുപോകാനുള്ള ഇടങ്ങളുമെല്ലാം ഇപ്പോള്‍തന്നെ ഇവര്‍ ഒരുക്കിക്കഴിഞ്ഞു.
ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടുന്നത്‌ ജനവാസകേന്ദ്രത്തില്‍ നിന്നകലെയാകണമെന്നും, ജീവനും, സ്വത്തുവകകള്‍ക്കും യാതൊരു നാശനഷ്‌ടവുമുണ്ടാകാത്ത വിധത്തിലായിരിക്കണമെന്നുമെല്ലാം നിയമം അനുശാസിക്കുന്നുണ്ട്‌. പക്ഷേ അതെല്ലാം നഗ്നമായി ലംഘിക്കപ്പെടുന്ന കാഴ്‌ചയാണ്‌ വിലങ്ങാട്ടുള്ളത്‌. ഉടുമ്പിറങ്ങിമലയുടെ താഴ്‌വാരം കാര്‍ഷികമേഖലയാണ്‌. പതിറ്റാണ്ടുകളായി കൃഷിയിറക്കിവരുന്ന മലയോര കര്‍ഷകരാണ്‌ ഏറെയും. താഴ്‌വരയില്‍തന്നെയാണ്‌ സെന്റ്‌ ജോര്‍ജ്‌ ഹൈസ്‌ക്കൂളും, ക്രിസ്റ്റ്യന്‍പള്ളിയും... പലതവണ പ്രകൃതിദുരന്തങ്ങളും ഉരുള്‍പൊട്ടലുമുണ്ടായ മേഖലയാണിവിടം. ഇന്നിപ്പോള്‍ അശാസ്‌ത്രീയ ഖനനംകൂടിയാകുമ്പോള്‍, പ്രകൃതി ദുരന്തങ്ങളുടെ തീക്ഷ്‌ണതയേറാനുള്ള സാദ്ധ്യത ഏറെയാണ്‌. ഇതേക്കുറിച്ച്‌ പാരിസ്ഥിതിക ഗവേഷകര്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും, പ്രാദേശികഭരണാധികാരികള്‍ തൊട്ട്‌ ഉന്നതങ്ങളിലുള്ളവര്‍വരെ അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായതേയില്ല. ശാസ്‌ത്രീയനിര്‍ദ്ദേശങ്ങളെ അവഗണിച്ച്‌, റിയല്‍ എസ്റ്റേറ്റ്‌-ഖനനലോബികള്‍ക്ക്‌ വഴിയൊരുക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളിലായിരുന്നുവല്ലോ അവരെല്ലാം.
വൈദ്യുതപദ്ധതിക്കും
ഭീഷണി
വിലങ്ങാട്ടെ മലനിരകളിലെ ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കി ചെറുകിട വൈദ്യുതോല്‍പ്പാദനത്തിനുള്ള പദ്ധതിക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. വിലങ്ങാടന്‍ മലനിരകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌, അന്നത്തെ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ മുന്‍കൈ എടുത്താണ്‌ വൈദ്യുതോല്‍പ്പാദനത്തിനുള്ള പദ്ധതിക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. വിലങ്ങാടന്‍ മലനിരകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌, അന്നത്തെ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ മുന്‍കൈ എടുത്താണ്‌ വൈദ്യുതോല്‍പ്പാദന പ്രോജക്‌ടിന്‌ തുടക്കംകുറിച്ചത്‌. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയുമാണ്‌. എന്നാല്‍ വിലങ്ങാടന്‍ മലനിരകള്‍തന്നെ തൂത്തുമാറ്റപ്പെടുന്ന ഈ സാഹചര്യത്തില്‍ ഈ വൈദ്യുതോല്‍പ്പാദന കേന്ദ്രത്തിന്റെ നിലനില്‍പ്പ്‌ പ്രതിസന്ധിയിലായിരിക്കുകയാണ്‌... ജലസ്രോതസ്സുകള്‍ ഇല്ലാതാകുന്നതോടെ താഴ്‌വരയിലെ ജലസമ്പത്ത്‌ കുറയുമെന്നുമാത്രമല്ല, ഉരുള്‍പ്പൊട്ടലടക്കമുള്ള സാദ്ധ്യതകള്‍ ഏറുകയും ചെയ്യും. ഈ ദുരന്തമുണ്ടായാല്‍ പവ്വര്‍ പ്രോജക്‌ട്‌ പ്രദേശമടക്കം തുടച്ചുമാറ്റപ്പെടുമെന്നതുറപ്പാണ്‌. ദീര്‍ഘവീക്ഷണത്തോടെ, ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു അഭിമാനപദ്ധതിയുടെ നിലനില്‍പ്പുപോലും അപകടത്തിലാകുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നലനില്‍ക്കുന്നത്‌.
ഉടുമ്പിറങ്ങിമലയുടെ രാഷ്‌ട്രീയ പ്രാധാന്യം ചൂണ്ടിക്കാട്ടി പാരിസ്ഥിതിക സംഘടനകള്‍ രംഗത്ത്‌ വരികയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. ഡി.വൈ.എഫ്‌.ഐ ഈ വിഷയത്തില്‍ ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ട്‌. എന്നാല്‍ ഈ സാഹചര്യത്തെ തന്ത്രപൂര്‍വ്വം നേരിടാനുള്ള നീക്കമാണ്‌ ഖനനമാഫിയയും ചില രാഷ്‌ട്രീയകേന്ദ്രങ്ങളും ചേര്‍ന്ന്‌ നടത്തുന്നത്‌. ഉടുമ്പിറങ്ങിമലവന്‍ ലോബികളുടെ കയ്യിലല്ലെന്നും ചെറുകിട ഖനനമാണ്‌ അവിടെ നടത്താനുദ്ദേശിക്കുന്നതെന്നുമാണ്‌ ഇപ്പോഴത്തെ പ്രധാന പ്രചരണം. ഇത്‌ വാസ്‌തവവിരുദ്ധമാണെന്നതിന്‌ ഔദ്യോഗികരേഖകള്‍തന്നെ തെളിവായി നിരത്താനുണ്ട്‌. ചെറിയ ചെറിയ ഗ്രൂപ്പുകളായാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ലോബി ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്‌. എന്നാല്‍ ഇങ്ങനെ വാങ്ങിക്കൂട്ടിയ മലനിരകളും, താഴ്‌വാരങ്ങളും തന്നെ നൂറ്‌ ഏക്കറിലധികം വരും. ഈ പ്രദേശമൊരുമിച്ച്‌ ഖനനമാരംഭിക്കുന്നതോടടെ ഉടുമ്പിറങ്ങി മലനിരതന്നെ ഇല്ലാതാകും. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്‌ക്കാനാണ്‌ ചെറിയ മെറ്റല്‍ക്രഷര്‍, കുറേപ്പേര്‍ക്ക്‌ ജോലി എന്നിങ്ങനെ വാഗ്‌ദാനങ്ങള്‍ നിരത്തി തൊഴിലാളിസംഘടനകളെ ഒപ്പം നിര്‍ത്താനും അതുവഴി, ഭരണപക്ഷ, പ്രതിപക്ഷ പാര്‍ട്ടികളെ സ്വാധീനിക്കാനും ഭൂമാഫിയ ആസൂത്രിത നീക്കം നടത്തുന്നത്‌.
പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍
വനം- പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനറും വാണിമേല്‍ പഞ്ചായത്ത്‌ മുന്‍ അംഗവുമായ കെ. പി. രാജീവന്‌ വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ `ഉടുമ്പിറങ്ങിമല'യിലെ അശാസ്‌ത്രീയ ഖനനത്തിന്‌ പിന്നിലെ വഴിവിട്ട നീക്കങ്ങള്‍ വ്യക്തമാക്കുന്നതാണ്‌. കരിങ്കല്‍ഖനനത്തിനും മെറ്റല്‍ ക്രഷര്‍ സ്ഥാപിക്കുന്നതിനുമായി ഒരു ലൈസന്‍സും അഞ്ച്‌ എന്‍. ഒ. സിയും നല്‍കിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ രേഖാമൂലം അറിയിക്കുന്നു. അതേസമയം, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന വാണിമേല്‍ മേഖലയില്‍, ഖനനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിനുമുമ്പ്‌ ഒരു വിദഗ്‌ധ പഠനവും നടത്തിയിട്ടില്ലെന്നും പ്രസ്‌തുത രേഖ വ്യക്തമാക്കുന്നുണ്ട്‌.
കരിങ്കല്‍ ഖനനംമൂലമുണ്ടാകാനിടയുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും, തോടുകളും പുഴകളും സംരക്ഷിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ്‌ പഞ്ചായത്ത്‌ തയ്യാറാക്കിയിട്ടുള്ളത്‌ എന്ന കെ. പി. രാജീവന്റെ ചോദ്യത്തിന്‌ ലഭിച്ച ഉത്തരം `ഇല്ല' എന്നുമാത്രമാണ്‌. അത്യന്തം ഗുരുതരമായ വീഴ്‌ച തന്നെയാണിത്‌. സാധാരണക്കാരന്‍ കൃഷിഭൂമിയിലെ ഒരു പാറക്കല്ല്‌ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴോ, എന്തിന്‌ ഒരു കിണര്‍ കുഴിക്കാന്‍ ശ്രമിക്കുമ്പോഴോ, എന്തിന്‌ ഒരു കിണര്‍ കുഴിക്കാന്‍ ശ്രമിക്കുമ്പോഴോ, നൂറുകണക്കിന്‌ രേഖകളും നൂലാമാലകളുമായി അവരെ വട്ടംചുറ്റിക്കുന്ന റവന്യൂ, ജിയോളജി വകുപ്പുകാര്‍ക്ക്‌ നൂറുകണക്കിന്‌ ഏക്കര്‍ ഇടിച്ചുനിരത്താന്‍ ഒരു വിദഗ്‌ദപഠനത്തിന്റെയും ആവശ്യം വേണ്ടിവന്നില്ല. ഇത്‌ വെള്ളാനകളുടെ നാടുതന്നെ എന്ന്‌ ബോദ്ധ്യപ്പെടുന്നത്‌ ഇങ്ങനെയൊക്കെയാണല്ലോ?
കണ്ണവം വനമേഖലയോട്‌ ചേര്‍ന്നു നടക്കുന്ന ഖനനം അശാസ്‌ത്രീയവും അനൗദ്യോഗികവുമാണെന്ന്‌, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍ വേറ്റര്‍ (സംരക്ഷണം) രേഖാമൂലം (പ്രൊ. 8/2699/2011) വ്യക്തമാക്കിയിട്ടുണ്ട്‌. പ്രസ്‌തുത രേഖയിലെ ചില പരാമര്‍ശങ്ങള്‍ നോക്കുക:
`കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എല്‍-11011/47/2011-1 എ.11 (എം) നമ്പര്‍ ഓഫീസ്‌ മെമ്മോറാണ്ടം പ്രകാരം പുതിയതോ, നിലവിലുള്ളതോ ആയ കരിങ്കല്‍ക്വാറികളുടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കുന്നതിന്‌ പാരിസ്ഥിതികാനുമതി ലഭിക്കേണ്ടതുണ്ട്‌. ആയതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളു. പരാതിയില്‍ പരാമര്‍ശിച്ച കരിങ്കല്‍ഖനനം (വളയം വില്ലേജില്‍ റിസര്‍വ്വേ നമ്പര്‍ 242-ല്‍ പെട്ട 14 ഏക്കര്‍ സ്ഥലം) വന്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്‌. മേല്‍ സൂചിപ്പിച്ച കരിങ്കല്‍ഖനനത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന്‌, കോഴിക്കോട്‌ ജില്ലാ കളക്‌ടര്‍, വാണിമേല്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എന്നിവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വിവരവും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.'
കണ്ണവം മലയോരമേഖലയുടെ പാരിസ്ഥിതികപ്രാധാന്യം തിരിച്ചറിഞ്ഞാണ്‌, തിരുവനന്തപുരത്തെ വനംവകുപ്പ്‌ ആസ്ഥാനത്തില്‍നിന്നും ഇത്തരമൊരു അറിയിപ്പ്‌ ബന്ധപ്പെട്ട അധികാരകേന്ദ്രത്തിലെത്തിയത്‌. പക്ഷേ, രാഷ്‌ട്രീയാധികാര പിന്‍ബലമുപയോഗിച്ച്‌ അതിവിദഗ്‌ധമായാണ്‌ ഖനനലോബി വനംവകുപ്പിന്റെ മാര്‍ഗ്ഗദര്‍ശനരേഖകളെയും മറികടന്ന്‌ പശ്ചിമഘട്ട മലനിരകളെ നിര്‍ബാധം ഇടിച്ച്‌ നിരത്തുന്നത്‌.
കക്ഷിരാഷ്‌ട്രീയ വ്യത്യാസം മാറ്റിവെച്ച്‌, അവശേഷിക്കുന്ന പച്ചപ്പിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ്‌ കോണ്‍ഗ്രസിലേയും ലീഗിലേയുമെല്ലാം യുവ എം. എല്‍. എമാര്‍ ആവശ്യപ്പെടുന്നത്‌. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹരിത രാഷ്‌ട്രീയം ചര്‍ച്ചാവിഷയമാകുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍ അട്ടപ്പാടി മലനിരകള്‍ ചവിട്ടിയ യുവനേതാക്കള്‍ വയനാടന്‍ മലയോരത്തെ റിയല്‍ എസ്റ്റേറ്റ്‌ വാഴ്‌ചയേയും, വിലങ്ങാട്‌ താഴ്‌വാരയെ ഇടിച്ചുനിരത്തുന്ന ഖനനലോബിയേയും കാണാതെ പോകുന്നതെന്തുകൊണ്ടാണ്‌? ഭൂമാഫിയയ്‌ക്കെതിരെ ചിലപ്പോഴെങ്കിലും ചില ചലനങ്ങള്‍ യൂത്ത്‌ ലീഗ്‌ കേന്ദ്രങ്ങളില്‍നിന്ന്‌ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും വലിയ നേതാക്കള്‍ കണ്ണുരുട്ടുമ്പോള്‍ അവരും പതുക്കെ പിന്‍വലിയുന്ന കാഴ്‌ചയാണല്ലോ ഉണ്ടായിട്ടുള്ളത്‌. യൂത്ത്‌ ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി സി. കെ. സുബൈര്‍ വാണിമേല്‍ പഞ്ചായത്ത്‌ അംഗംകൂടിയാണ്‌. അദ്ദേഹം കൂടി പങ്കുചേര്‍ന്ന ഭരണസമിതിയാണ്‌ ഇത്തരം ഖനനലോബികള്‍ക്കുവേണ്ടി നിര്‍ബാധം പച്ചക്കൊടി കാണിച്ചുകൊണ്ടിരിക്കുന്നത്‌. പാരിസ്ഥിതിക സംരക്ഷണത്തിനായി വാതോരാതെ പ്രസംഗിച്ചും ചാനല്‍ ക്യാമറകള്‍ക്ക്‌ മുന്നില്‍ ട്രാക്ക്‌ സൂട്ടണിഞ്ഞ്‌ മലകയറിയും ഹരിതരാഷ്‌ട്രീയവാദമുന്നയിക്കുന്നവര്‍ വിലങ്ങാടന്‍ മലനിരകളുടെ പാരിസ്ഥിതിക പ്രാധാന്യം കാണാത്തതെന്തേ? മയ്യഴിപുഴയുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുന്നത്‌ ഇവര്‍ അറിയുന്നില്ലേ? ജൈവ വൈവിധ്യമേറിയ മഴക്കാടുകള്‍ നിലംപരിശാകുന്നത്‌ കാണാതെ പോകുന്നതെന്ത്‌? എന്തുവിലകൊടുത്തായാലും അശാസ്‌ത്രീയ ഖനനത്തെ തടയുമെന്ന ഉറച്ച നിലപാടിലാണ്‌ വിലങ്ങാട്ടുകാരിപ്പോള്‍. വരുംദിവസങ്ങളിലിത്‌ ശക്തമായ രാഷ്‌ട്രീയപോരാട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നതുറപ്പാണ്‌



Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.