Home » » ടാഗോര്‍ സ്‌മരണയ്‌ക്കു മുന്നില്‍.

ടാഗോര്‍ സ്‌മരണയ്‌ക്കു മുന്നില്‍.

Written By Unknown on Tuesday, 14 January 2014 | 20:18


വിശ്വസാഹിത്യ മേഖലയില്‍ ഭാരതത്തിന്റെ ഒച്ച വേറിട്ട്‌ കേള്‍പ്പിച്ച കവികുല ഗുരു രവീന്ദ്രനാഥ ടാഗോറിന്‌ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ട്‌ നൂറു വര്‍ഷം തികഞ്ഞിരിക്കുന്നു. വേദോപനിഷദ്‌കൃതികളുടെ ദര്‍ശനമുള്‍ക്കൊണ്ട്‌ ആധുനികതയുടെ ചൈതന്യം കൂടി അതില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ടാഗോറിന്റെ രചനകളെ എന്നും വേറിട്ട്‌ നിര്‍ത്തുന്നത്‌. ബംഗാളില്‍ രചിച്ച കൃതികളെ കവി തന്നെ പരിഭാഷപ്പെടുത്തുകയും, ഡബ്ല്യൂ.ബി.യേറ്റ്‌സ്‌ ആ തര്‍ജ്ജിമയില്‍ ചില മിനുക്കു പണികള്‍ നടത്തി പുറം ലോകത്തെത്തിച്ചപ്പോഴാണ്‌, പാശ്ചാത്യലോകം, ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച്‌ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കിയത്‌. അതാണ്‌ നോബല്‍ പുരസ്‌കാര ലബ്‌ധിയിലേക്കുള്ള പാത സുഗമമാക്കിയതും.
നോബല്‍ പുരസ്‌കാര ലബ്‌ധിയുടെ നൂറ്‌ വര്‍ഷം കഴിയുമ്പോഴാണ്‌, ആ നേട്ടത്തിന്റെ മാറ്റും മഹിമയും വിലയിരുത്താന്‍ ഭാഷാസമന്വയവേദിയും, പഞ്ചാബ്‌ നാഷണല്‍ ബാങ്കും ചേര്‍ന്ന്‌ `ടാഗോര്‍ സ്‌മൃതി' സംഘടിപ്പിച്ചത്‌.
വിവര്‍ത്തകരുടെ വട്ടമേശാ സമ്മേളനം, പുസ്‌തകപ്രകാശനം, ടാഗോര്‍ കൃതികളുടെയും, സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനം, ടാഗോര്‍ കവിതകളുടെ സംഗീതാവിഷ്‌ക്കാരം തുടങ്ങിയവ കോഴിക്കോട്‌ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക്‌ മാറ്റുകൂട്ടി.
ലാലാ ലജ്‌പത്‌റായ്‌ മുന്‍ കൈ എടുത്ത്‌ സ്വാതന്ത്ര്യ ലബ്‌ധിക്ക്‌ മുമ്പ്‌ സ്ഥാപിച്ച `പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌' നടത്തി വരുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ `ടാഗോര്‍ സ്‌മൃതി' സംഘടിപ്പിക്കുന്നതെന്ന്‌ ബാങ്ക്‌ സര്‍ക്കിള്‍ ഹെഡ്‌ കെ.എ. രവിശങ്കര്‍ ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ്‌ സാംസ്‌കാരിക കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തത്‌. ഏഷ്യന്‍ സാഹിത്യത്തിന്റെ അപൂര്‍വ്വത ടാഗോറിലൂടെയാണ്‌ യൂറോപ്പ്‌ മനസ്സിലാക്കിയതെന്നും, വിവര്‍ത്തനമാണ്‌ സാംസ്‌കാരിക സമന്വയത്തിന്റെ പാത വെട്ടിത്തുറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാസമന്വയവേദി പ്രസിഡന്റ്‌ ഡോ. ആര്‍സു അധ്യക്ഷത വഹിച്ചു.
`ഉന്നതമായ ശിരസ്സും, നിര്‍ഭയമായ മനസ്സുമുള്ളവരാകാന്‍ ടാഗോര്‍ കൃതികള്‍ നല്‍കുന്ന ആഹ്വാനത്തിന്‌ ഇന്നേറെ പ്രസക്തിയാണുള്ളത്‌. ആ സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍തന്നെ, സാംസ്‌കാരിക ഔന്നത്യവും, സാഹിത്യ ഉത്‌കര്‍ഷവും, സാമൂഹ്യ ഉണര്‍വ്വും, പോരാട്ടവീര്യവും സൃഷ്‌ടിക്കാന്‍ ടാഗോറിന്റെ വാഗ്മയത്തിന്‌ സാധിച്ചിരുന്നു.'-ഡോ. ആര്‍സു ചൂണ്ടിക്കാട്ടി.
പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഹിന്ദി ഓഫീസര്‍ സി.എം. ജിഷ ആമുഖ പ്രസംഗം നടത്തി. വിവര്‍ത്തകര്‍ ഭാഷാസേവനം മാത്രമല്ല നടത്തുന്നത്‌. സര്‍ഗ്ഗ പ്രക്രിയകളിലൂടെ ആഴമേറിയ സാമൂഹ്യ സാംസ്‌കാരിക സേവനങ്ങള്‍ കൂടി അവര്‍ നടത്തുന്നുണ്ട്‌. അവര്‍ വ്യക്തമാക്കി.
`ഗാര്‍ഡ്‌നര്‍' വിവര്‍ത്തകനായ എ.ഡി.മാധവന്‍ ടാഗോറിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു. രവീന്ദ്രസംഗീതത്തിന്റെ ആ പൊരുള്‍ തേടിയുള്ള സര്‍ഗ്ഗയാത്രയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. ടാഗോറിന്റെ രാഗബോധം അദ്ദേഹത്തിന്റെ കവിതകളിലും, ഗീതങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതായി സവിസ്‌തരമദ്ദേഹമവതരിപ്പിച്ചത്‌ വേറിട്ട അനുഭവമായിമാറി.
`ശേഷോര്‍ കോബിത'യുടെ പരിഭാഷകന്‍ പ്രൊഫ.പി. ജയേന്ദ്രന്‍ ടാഗോര്‍ പ്രണാമ പ്രസംഗം നടത്തി. `ഉപനിഷദ്‌ ദര്‍ശനങ്ങളില്‍ നിന്ന്‌ ഊര്‍ജ്ജം സംഭരിച്ച ടാഗോറും, വിവേകാനന്ദനും തമ്മില്‍ സമാനതകള്‍ ഏറെ കണ്ടെത്താനാകും. ഓരേ സമയം വിപ്ലവകാരിയും, അത്യന്താധുനികനുമായി മുന്നേറാന്‍ ടാഗോറിന്‌ കഴിഞ്ഞു.... അദ്ദേഹത്തിന്റെ കൃതികളത്‌ നിശബ്‌ദമായി വിളംബരം ചെയ്‌തുകൊണ്ടേയിരിക്കുന്നു.' അദ്ദേഹം വ്യക്തമാക്കി.
ഡോ. എം.കെ. പ്രീത, ഡോ.പി.ഐ.മീര, പി. സംഗീത എന്നിവര്‍ ഗീതാഞ്‌ജലിയില്‍ നിന്നും തെരഞ്ഞെടുത്ത കവിതകള്‍ സംഗീത സാന്ദ്രമായി അവതരിപ്പിച്ചു. ടാഗോര്‍ സ്‌മാരക നാണയങ്ങളും, തപാല്‍ സ്റ്റാമ്പുകളും ശേഖരിച്ചായിരുന്നു ജിതിനം രാധാകൃഷ്‌ണന്‍ കടന്നുവന്നത്‌. വാളാഞ്ചേരി എം.ഇ.എസ്‌ കോളേജ്‌ ഹിന്ദി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എസ്‌.ആര്‍ പ്രീതയുടെ ഗവേഷണഗ്രന്ഥം, `ജീവചരിത്ര നോവലുകള്‍ ഹിന്ദി'യില്‍ ചടങ്ങില്‍ പ്രകാശനം ചെയ്‌തു. ഡോ. ആര്‍സുവില്‍ നിന്ന്‌ ഡോ.പി.കെ. രാധാമണി ഗ്രന്ഥം ഏറ്റുവാങ്ങി.
റഷ്യന്‍, അറബി, ഉറുദു, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക്‌ മൊഴിമാറ്റിയിട്ടുള്ള പ്രമുഖ വിവര്‍ത്തകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച വട്ടമേശ സമ്മേളനം അര്‍ത്ഥ ഗാംഭീരത്താല്‍ വേറിട്ടുനിന്നു. ഡോ. ആര്‍സു, ഡോ.പി.കെ. ചന്ദ്രന്‍, ഡോ.പി.കെ. രാധാമണി, പ്രൊഫ.പി. ജയേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
പി.എം. നാരായണന്‍, ഡോ.കെ.സി.അജയ്‌കുമാര്‍, അഹമ്മദ്‌ കുട്ടി കളത്തില്‍, ഡോ.എം.കെ.പ്രീത, ചേന്ദന്‍ തുളസീദളം എന്നിവര്‍ ഭാരതീയ ഭാഷകളില്‍ നിന്നുള്ള വിപര്‍ത്തനാനുഭവങ്ങള്‍ വിവരിച്ചു. ഭാഷകള്‍ വ്യത്യസ്‌തങ്ങളാണെങ്കിലും ഭാരതീയ പദാവലികളും ബിംബകല്‍പനകളും ദര്‍ശനങ്ങളും സമാനമാകയാല്‍ ഭാഷാവ്യതിയാനം വിവര്‍ത്തനത്തില്‍ തടസ്സമാകാറില്ലെന്നായിരുന്നു അവരുടെ പക്ഷം.
ഡോ.ശരത്‌ മണ്ണൂര്‍(റഷ്യന്‍), പ്രൊഫ, ജോബ്‌ കാട്ടൂര്‍(ചൈനീസ്‌), എസ്‌.എ. ഖുദ്‌സി(അറബി), കെ.പി.സുധീര(ഇംഗ്ലീഷ്‌) എന്നിവരുടെ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷ്‌ തന്നെയായിരുന്നു പരിഭാഷയുടെ മുഖ്യകണ്ണി. മൂലകൃതിയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനവും, അതില്‍ നിന്നുള്ള മലയാളവിവര്‍ത്തനവുമാകുമ്പോള്‍ കുറേയധികം സഹജത ചോര്‍ന്നു പോകുന്നതായാണ്‌ അവരുടെ പക്ഷം.
കൃതികളെ പൂര്‍ണമായി വായിച്ച്‌ ഉള്‍ക്കൊണ്ട ശേഷം, മുന്നൊരുക്കങ്ങള്‍ നടത്തുകയും പിന്നീട്‌ പരിഭാഷ നടത്തുകയുമാണ്‌ പതിവെന്ന്‌ വിവര്‍ത്തകരിലേറെയും ചൂണ്ടിക്കാട്ടി. പക്ഷേ, തന്റെ ശൈലി വ്യത്യസ്‌തമാണെന്നും, വായനയും വിവര്‍ത്തനവും ഒന്നായിട്ടാണ്‌ നടത്തുന്നതെന്ന അജയ്‌ കുമാറിന്റെ ശൈലിയോട്‌ മറ്റുള്ളവര്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുകയും ചെയ്‌തു.
ശബ്‌ദാര്‍ത്ഥങ്ങളില്‍നിന്ന്‌ ഭിന്നമായ ഭാവാര്‍ത്ഥതലം കൂടി തിരിച്ചറിയാന്‍ വിവര്‍ത്തകന്‌ കഴിയണം. വിഭിന്ന ഭാഷകള്‍ തമ്മിലുള്ള സാംസ്‌കാരിക തലമാകയാല്‍ മറ്റ്‌ ഭാഷകളിലെ ഉത്‌കൃഷ്‌ട കൃതികള്‍ വായിക്കാന്‍ എഴുത്തുകാര്‍ക്കത്‌ പ്രചോദനമേകും. വിവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍, പുതിയ പ്രദേശങ്ങളെയും രാജ്യങ്ങളെയും കുറിച്ചുള്ള അറിവുകള്‍ വര്‍ദ്ധിക്കും. പരസ്‌പര ആദരവേറും.
ഒന്നിനെപലതാക്കുവാന്‍ മുന്നിട്ടിറങ്ങുന്നവര്‍ കൂടിവരുന്ന ഈ കാലത്ത്‌ പലതിനെഒന്നാക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനമാണ്‌ ടാഗോറിനെസ്‌മരിക്കുന്ന ചടങ്ങില്‍ നടന്നത്‌. ഭാഷയും, പ്രദേശവും ഏതായാലും മനുഷ്യാത്മാവിന്റെ വേദനകളാണ്‌ എല്ലാ ഭാഷകളിലുമുള്ള കൃതികളുടെ അന്തര്‍ധാരകള്‍. വിവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക്‌ ബോധ്യമാകുന്നത്‌.
ഒരു മേശയ്‌ക്ക്‌ ചുറ്റുമിരുന്ന്‌ വിഭിന്ന ഭാഷകളിലെ വിവര്‍ത്തകര്‍ മാനസിക വ്യാപാരങ്ങള്‍ പങ്കുവച്ചപ്പോള്‍ മുന്നിട്ട്‌ നിന്നത്‌ ഇത്തരം വികാരങ്ങളായിരുന്നു. അതിന്‌ പശ്ചാത്തലമൊരുക്കിയ ഭാഷാസമന്വയവേദിക്കും, പഞ്ചാബ്‌ നാഷണല്‍ ബാങ്കിനും അഭിമാനിക്കാന്‍ ഏറെയുണ്ട്‌ താനും.
ടാഗോറിന്റെ നോബല്‍ പുരസ്‌കാരത്തിന്റെ ജന്മശതാബ്‌ദി വര്‍ഷമായിട്ടും, അത്‌ കാര്യമായി ആഘോഷിക്കാനും സാംസ്‌കാരിത അടയാളങ്ങള്‍ രേഖപ്പെടുത്താനും വലിയ ഇടപെടലുകള്‍ ഒന്നും കാര്യമായി നടന്നിട്ടില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. അതുകൊണ്ട്‌ തന്നെ, സേതുബന്ധനത്തില്‍ അണ്ണാറക്കണ്ണന്റെ പങ്ക്‌ വഹിച്ച ചാരിതാര്‍ത്ഥ്യമാണ്‌ ഭാഷാസമന്വയ വേദിയ്‌ക്കുള്ളതെന്ന സംഘാടകരുടെ വാക്കുകള്‍ക്ക്‌ ഏറെ മിഴിവുമുണ്ട്‌.
അതിന്‌ കൈത്താങ്ങായി പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ചെയ്‌തത്‌ നിസ്‌തുലമായൊരു സേവനം കൂടിയാണ്‌. അക്കങ്ങളുടെ ലോകത്ത്‌ മുന്നേറുന്ന സ്ഥാപനങ്ങള്‍ക്ക്‌ അക്ഷരലോകത്തും വെളിച്ചം വിതറാന്‍ കഴിയുമെന്നതിന്റെ നിശ്ശബ്‌ദ പ്രഖ്യാപനമായിരുന്നു പി.എന്‍.ബി നല്‍കിയ പ്രോത്സാഹനമെന്ന്‌ നിസ്സംശയം പറയാം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.