കോട്ടയം: സംസ്ഥാനത്തെ ജയിലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍, ജയില്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കി ജയിലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ജയിലുകളെക്കുറിച്ച് പരാതി അറിയിക്കാന്‍ സൗകര്യമൊരുക്കും. പ്രശ്‌നക്കാരായ തടവുകാരെ നിരീക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ജയിലില്‍ മൊബൈല്‍ ഫോണും കഞ്ചാവും കര്‍ശനമായി നിരോധിക്കും. തടവുകാര്‍ക്ക് പുറത്തേക്ക് വിളിക്കാന്‍ കൊയിന്‍ ബോക്‌സ് സംവിധാനം ഉപയോഗിക്കാം. ശിക്ഷാ തടവുകാര്‍ക്ക് പ്രതിമാസം 150 രൂപയുടെയും റിമാന്‍ഡ് തടവുകാര്‍ക്ക് 100 രൂപയുടെയും കോളുകള്‍ വിളിക്കാം. ജയിലര്‍ മുതല്‍ മുകളിലുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ജയിലില്‍ 121 വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തി ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തും. ജയില്‍ ജീവനക്കാരുടെ അച്ചടക്കം നിരീക്ഷിക്കും. സി.സി.ടി.വി സംവിധാനം നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. തടവുകാര്‍ക്ക് ഒരേ സമയം രണ്ടു ജോഡി വസ്‌ത്രം നല്‍കും. പുറത്തുനിന്ന് സാധനങ്ങള്‍ എറിഞ്ഞുകൊടുക്കുന്നത് തടയാന്‍ പ്രത്യേക കാമറകളും വലയും സ്ഥാപിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ബോംബ് ഡിറ്റക്ഷന്‍ ടീം ജയിലില്‍ പരിശോധന നടത്തും. അനധികൃത മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മൊബൈല്‍ ഡിറ്റക്‌ടര്‍ സേവനം പ്രയോജനപ്പെടുത്തും.
തടവുകാരെ സന്ദര്‍ശിക്കാനെത്തുന്ന കുടുംബാംഗങ്ങളോട് മാന്യമായി പെരുമാറണമെന്ന് ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ പകര്‍പ്പോ ഹാജരാക്കണം. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്‌ചക്ക് അവസരമൊരുക്കും. ജയില്‍ സൂപ്രണ്ടിന്റെ അസാന്നിധ്യത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്കാണ് ചുമതല. തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താല്‍ അധികൃതര്‍ക്ക് വിവരം നല്‍കി കേസെടുപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തടവുകാരുടെ മനുഷ്യാവകാശം ഹനിക്കുന്ന പ്രശ്‌നമില്ല. പുതിയ ചട്ടങ്ങളൊന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും നിലവിലുള്ളവ കൂടുതല്‍ കര്‍ശനമാക്കുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഒമ്പത് ജയിലുകളില്‍ നിലവിലെ ചപ്പാത്തി നിര്‍മാണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.







