1 നിങ്ങളുടെ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സല്ലാപം മൂലം അപഹരിക്കപ്പെടുന്നുണ്ടോ?
2 പ്രധാനപ്പെട്ടവരും പ്രിയപ്പെട്ടവരുമായ വ്യക്തികളുമായുള്ള ഇടപെടലുകള്‍ക്കുള്ള സമയം കമ്പ്യൂട്ടര്‍ അപഹരിക്കുന്നുണ്ടോ?
3 ഉറ്റവരോ ഉടയവരോ ആരെങ്കിലുമൊക്കെ നിങ്ങളുടെ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തത്തില്‍ അലോസരമോ അസംതൃപ്‌തിയോ പ്രകടിപ്പിക്കാറുണ്ടോ?
4 കമ്പ്യൂട്ടറുമായുള്ള കൂട്ടുകെട്ട് അമിതമെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ നിഷേധിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതുമായ പ്രവണത നിങ്ങള്‍ പ്രകടിപ്പിക്കാറുണ്ടോ?
5 വിവേചനരഹിതമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദിനചര്യകള്‍ താറുമാറാകുന്നെന്ന കുറ്റബോധവും ആശങ്കയും ഇടയ്‌ക്ക് ഉണ്ടാകാറുണ്ടോ?
6 കമ്പ്യൂട്ടര്‍ ഉപയോഗം മറ്റാരുടെ ശ്രദ്ധയിലും പെടാതെ ഒളിപ്പിച്ചു വെക്കുവാനുള്ള പരിശ്രമം നടത്താറുണ്ടോ?
7 കമ്പ്യൂട്ടര്‍ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടിട്ടുണ്ടോ?
8 കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ശീലത്തിന് നേരം കണ്ടെത്തുവാനായി കായികമായ വ്യായാമങ്ങളും കളികളുമൊക്കെ പതിവായി ഒഴിവാക്കാറുണ്ടോ?
9 രാത്രികാലങ്ങളിലെ ഉറക്കം ഉപേക്ഷിച്ചും കമ്പ്യൂട്ടറുമായി സമയം ചെലവഴിക്കാറുണ്ടോ?
10 കമ്പ്യൂട്ടര്‍ ഡൗണാണെന്നോ നെറ്റ് കണക്ഷന്‍ ഇല്ലെന്നോ കേള്‍ക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകാറുണ്ടോ?
ഈ ചോദ്യങ്ങളില്‍ മൂന്നെണ്ണത്തില്‍ കൂടുതല്‍ ഉണ്ട്/അതെയെന്ന് ഉത്തരം കിട്ടുന്നുവെങ്കില്‍ നിങ്ങളെ കമ്പ്യൂട്ടര്‍ ബാധ പിടികൂടിയിരിക്കുന്നു. ദുരുപയോഗം തീര്‍ച്ചയായും കുറയ്‌ക്കുക. മാനസികാരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുക.
വേദന മാറ്റാന്‍
കമ്പ്യൂട്ടറിന്റെ നിരന്തര ഉപയോഗം മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍ക്കുള്ള ചികിത്സയില്‍ ആദ്യത്തേത് `PRICE' ആണ്. PRICE എന്നാല്‍ Protection, Rest, Ice,
Compression, Elevation എന്നിവയുടെ ചുരുക്കമാണ്. പേശികള്‍, സ്‌നായുക്കള്‍, ചലനവള്ളികള്‍ എന്നിവക്കൊക്കെ ഉണ്ടാകുന്ന വേദനകള്‍, പരിക്കുകള്‍, ഉളുക്കുകള്‍ എന്നിവക്കൊക്കെ `പ്രൈസ്' നിര്‍ദേശിക്കാറുണ്ട്.
Protection ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേദനയും പ്രയാസങ്ങളും മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇത് സഹായിക്കുന്നു. ബാന്‍ഡേജ്, സ്‌പ്ലിന്റ് തുടങ്ങിയവ സാഹചര്യത്തിനനുസരിച്ച് ധരിക്കുന്നത് കൂടുതല്‍ ക്ഷതങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു.
Rest ആവശ്യത്തിന് വിശ്രമത്തിലൂടെ പരിക്കുള്ള ഭാഗത്തിന് പൂര്‍വ സ്ഥിതിയില്‍ എത്താന്‍ അവസരം കൊടുക്കുക. പരിക്കേറ്റ ഭാഗം വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ വിശ്രമം എന്നു പറയുന്നത് ദീര്‍ഘകാലത്തേക്കല്ല. ഒന്നോ രണ്ടോ ദിവസം വിശ്രമം നല്‍കുക. അതിനുശേഷം ഡോക്‌ടറുടെ നിര്‍ദേശാനുസരണം വ്യായാമം തുടങ്ങേണ്ടതാണ്.
Ice വേദനയും നീര്‍വീക്കവും ഉള്ള ഭാഗത്ത് തുണിയില്‍ ചുറ്റി ഐസ്‌പാക്ക് കൊണ്ട് തടവിപ്പിടിക്കുന്നത് ആശ്വാസമേകും. 10-15 മിനിറ്റു നേരം ഐസ്‌പാക്ക് ഉപയോഗിക്കാം. ഉളുക്കോ പരിക്കോ ഏറ്റ ഭാഗത്ത് നീരുകെട്ടുന്നത് തടയാനും ഐസ് സഹായിക്കും. എത്രയും നേരത്തെ ഐസ് വെക്കാനാകുമോ അത്രയും നല്ലത്. ഒരു കാര്യം സൂക്ഷിക്കണം. ചര്‍മത്തില്‍ ഐസ് നേരിട്ട് ഒരിക്കലും വെക്കരുത്. ഒരു തുണിയില്‍ പൊതിഞ്ഞ് മാത്രമെ ഐസ് ദേഹത്ത് വെക്കാവൂ.
Compression വീക്കം ഒഴിവാക്കാന്‍ ചില ഭാഗങ്ങളില്‍ നന്നായി ബാന്‍ഡേജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇത് പരിക്കേറ്റ ഭാഗത്ത് കൂടുതല്‍ സുരക്ഷയും നല്‍കും.
Elevation പരിക്കേറ്റ ഭാഗം ഉയര്‍ത്തിവെക്കുന്നത് നീര് കുറക്കാന്‍ സഹായിക്കും. പരിക്കേറ്റതും നീരുവന്നതുമായ ഭാഗം ഹൃദയത്തിനും മുകളില്‍ വരണം. എന്നുവെച്ചാല്‍ കാലിനാണ് പ്രശ്‌നമെങ്കില്‍ കിടന്ന ശേഷം കാല് ഉയര്‍ത്തിവെക്കണം.








