Home » » കര്‍ഷകരെ തഴയുന്നവര്‍ ക്വാറിമാഫിയയെ സംരംക്ഷിക്കുന്നു. സൈമണ്‍ തോന്നക്കര

കര്‍ഷകരെ തഴയുന്നവര്‍ ക്വാറിമാഫിയയെ സംരംക്ഷിക്കുന്നു. സൈമണ്‍ തോന്നക്കര

Written By Unknown on Friday, 14 February 2014 | 23:51


ജനവാസ പ്രദേശങ്ങളെ സംരക്ഷിത വനത്തില്‍ ഉള്‍പ്പെടുത്തി യുനസ്‌കോയ്‌ക്ക്‌ പണയപ്പെടുത്തുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. കേരളത്തിലെ കര്‍ഷകസമൂഹത്തെയാകെ തകര്‍ക്കുന്ന ജനനടപടികള്‍ക്ക്‌ കൂട്ടനില്‍ക്കുകയായിരുന്നു കേരളത്തിലെ എം പിമാരും സംസ്ഥാന സര്‍ക്കാരും. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ നമ്മുടെ കര്‍ഷകരെ ഒറ്റുകൊടുക്കുകയായിരുന്നു.
പശ്ചിമഘട്ട പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 6 സംസ്ഥാനങ്ങളിലെ എം പിമാരുടെ യോഗം 4.3.2010ന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി വിളിച്ച്‌ ചേര്‍ത്തിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ ഇടപെടല്‍ കൊണ്ട്‌, അവിടത്തെ കാര്‍ഷികമേഖകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞു. കേരളത്തിലോ? പശ്ചിമഘട്ട പരിസ്ഥിതി ലോലപ്രദേശങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുള്ള 795315 ഹെക്‌ടര്‍ ഭൂപ്രദേശത്തിന്റെ 3,66,84 ഹെക്‌ടര്‍ ഭൂമിയും കേരളത്തിന്റേതാണ്‌. ബാക്കി 4,28,469 ഹെക്‌ടര്‍ ഭൂമിയാണ്‌ മറ്റ്‌ 5 സംസ്ഥാനങ്ങളില്‍ നിന്നായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആഗോളപൈതൃക പദവിയും, വിദേശ ഫണ്ടും ലഭിക്കുന്നതിനായി കൊച്ചു കേരളമാണ്‌ ബലിയാടായി മാറിയതെന്ന്‌ ചുരുക്കം. മലബാര്‍ വികസനമുന്നണി പ്രസിഡണ്ട്‌ സൈമണ്‍ തോന്നക്കര `എം വാര്‍ത്ത'യോട്‌ പറഞ്ഞു.
കേരളസര്‍ക്കാര്‍ ഭരണതലത്തില്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതിയും, രാഷ്‌ട്രീയ തലത്തിലെ എം എ ഹസ്സന്‍ സമിതിയും കര്‍ഷകപ്രതിഷേധത്തെ തടയുക എന്ന ലക്ഷ്യത്തോടെ മാത്രം തട്ടിക്കൂട്ടിയതാണ്‌. അതില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല. മാത്രമല്ല, സോണുകള്‍ കണക്കാക്കിയതില്‍ തന്നെ വലിയ അട്ടിമറിയാണ്‌ നടന്നത്‌. കാലം മുഴുവന്‍ അധ്വാനിച്ച കാര്‍ഷിക ഭൂമികള്‍ പിടിച്ചെടുത്ത്‌ സോണില്‍ ഉള്‍പ്പെടുത്തിയവര്‍, വന്‍കിടകരിങ്കല്‍ ക്വാറികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ, ബോധപൂര്‍വ്വം ഒഴിവാക്കി കൊടുത്തു. കോഴിക്കോട്‌ ജില്ലയിലെ, കൂടരഞ്ഞി, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഏറ്റവുമധികം ക്വാറികള്‍ ഉള്ള ഇവിടം, ക്വാറി മാഫിയകളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ഒഴിവാക്കി കൊടുത്തു. കോഴിക്കോട്‌-വയനാട്‌ അതിര്‍ത്തി മലയോരപ്രദേശങ്ങളിലെ 200ഓളം കരിങ്കല്‍ക്വാറികളെ ഈ വിധത്തില്‍ ഒഴിവാക്കിക്കൊടുത്തപ്പോള്‍ വയനാട്‌ ജില്ലയിലെ കാര്‍ഷിക ഭൂപ്രദേശങ്ങളെ മുഴുവന്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ജനപ്രതിനിധികള്‍ അറിഞ്ഞ്‌ നടത്തിയ ഗൂഢാലോചനയാണിത്‌.
കര്‍ഷകര്‍ക്കാവശ്യം ഒത്തുതീര്‍പ്പ്‌ കൂടിയാലോചനകള്‍ അല്ല. ജനനേതാക്കള്‍ നടത്തുന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ അവരുടെ നിലനില്‍പ്പിന്‌ വേണ്ടിയാണ്‌. നമുക്ക്‌ വേണ്ടത്‌ ജനങ്ങളുടെ കൂട്ടായ്‌മയും തീരുമാനങ്ങളുമാണ്‌. നമുക്ക്‌ വേണ്ടത്‌ ഗതകോടീശ്വരര്‍ക്ക്‌ വേണ്ടിയുള്ള ജനപ്രതിനിധികളല്ല. ജനകോടികള്‍ക്ക്‌ വേണ്ടിയുള്ള ജനപ്രതിനിധികളെയാണ്‌. ജനാധിപത്യമെന്നത്‌ തെരഞ്ഞെടുപ്പിന്‌ മാത്രമുള്ള ഉപകരണമല്ല, തിരിഞ്ഞെടുക്കപ്പെടുന്നവരെ നിയന്ത്രിക്കാനുള്ള അധികാരം കൂടിയാണിത്‌. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ കര്‍ഷകര്‍, അവന്റെ ഏറ്റവും ശക്തമായ ആയുധമായി വിനിയോഗിക്കുക തന്നെ ചെയ്യും.
സൈമണ്‍ തോന്നക്കര
മലബാര്‍ വികസന മുന്നണി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.