Home » , » `കോടികള്‍ വാങ്ങി' നാടിനെ ഏറ്റിക്കൊടുക്കുന്നു; അബ്രഹാം ബെന്‍ഹാര്‍-ഡയറക്‌ടര്‍ ഹരിതസേന

`കോടികള്‍ വാങ്ങി' നാടിനെ ഏറ്റിക്കൊടുക്കുന്നു; അബ്രഹാം ബെന്‍ഹാര്‍-ഡയറക്‌ടര്‍ ഹരിതസേന

Written By Unknown on Friday, 14 February 2014 | 23:48



``മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തയ്യാറാക്കിയ കുറിമാനം പകര്‍ത്തി എഴുതുകമാത്രമാണ്‌ ഗാഡ്‌ഗില്‍ കമ്മറ്റി ചെയ്‌തത്‌, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനവഞ്ചനയാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌. കേന്ദ്രസര്‍ക്കാറും യുനസ്‌കോയും തമ്മിലുള്ള രഹസ്യ ഒത്തുകളിയാണ്‌ പശ്ചിമഘട്ടത്തിന്‌ ലഭിച്ച ലോകപൈതൃക പദവിക്ക്‌ പിന്നിലുള്ളത്‌. ഇതിന്‌ പിന്നില്‍ ആഗോള ഒത്തുകളിയാണ്‌ നടന്നിട്ടുള്ളത്‌. ഭാരതത്തെ രണ്ടാം കോളനിവത്‌ക്കരണത്തിലേക്ക്‌ നയിക്കുന്ന ആപത്‌ക്കര നീക്കമാണിത്‌. അതുകൊണ്ടുതന്നെ വളഞ്ഞവഴിയില്‍ ലഭ്യമാക്കിയ പശ്ചിമഘട്ടത്തിന്റെ ലോകപൈതൃക പദവി റദ്ദാക്കണം. യുനസ്‌കോ നല്‍കിയ ഫണ്ട്‌ തിരിച്ച്‌ നല്‍കണം. കാര്‍ബണ്‍ ക്രെഡിറ്റിന്റെ പേരില്‍ കോടിക്കണക്കിന്‌ രൂപ കൈപ്പറ്റിയ കപട പരിസ്ഥിതിവാദികളും സംഘടനകളുമാണ്‌ ഇന്നിപ്പോള്‍ വൈദേശിക കുത്തകകള്‍ക്ക്‌ നാടിനെ ഒറ്റിക്കൊടുക്കുന്ന്‌ത്‌. ഇത്‌ തിരിച്ചറിയണം, ശക്തമായി ചെറുക്കണം. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഹരിതസേനാ ഡയറക്‌ടറുമായ അബ്രഹാം ബെന്‍ഹര്‍ `എം വാര്‍ത്ത'യോട്‌ പറഞ്ഞു.
കര്‍ണാടകയിലെ ചിക്ക്‌ മംഗളൂര്‍ മുതല്‍, തമിഴ്‌നാട്ടിലെ തിരുനല്‍വേലി വരെയുള്ള പശ്ചിമഘട്ടത്തിലെ 16 ജില്ലകളിലാണ്‌ ഇന്ത്യയിലെ, കാപ്പി, കുരുമുളക്‌, റബ്ബര്‍, ഏലം, അടയ്‌ക്കാ, കൊക്കോ, ജാതി, ഗ്രാംപൂ എന്നിവയുടെ 90ശതമാനവും തേയില, കശുവണ്ടി എന്നിവയുടെ 70 ശതമാനവും വിളയുന്നത്‌. ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ സുപ്രധാന മേഖലയായ തോട്ടവിളരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്കെതിരായ അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ്‌.
പ്രദേശങ്ങളുടെ ഭൂമിശാസ്‌ത്ര സവിശേഷതകള്‍ പരിഗണിക്കാതെ ഒരേ മാനദണ്ഡമനുസരിച്ചുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നീക്കം തന്നെ അശാസ്‌ത്രീയമാണ്‌.
3000 മില്ലിലിറ്റര്‍ വരെ മഴ കിട്ടുന്ന കേരളവും, 600 മില്ലി ലിറ്റര്‍ മഴ കിട്ടുന്ന ഗുജറാത്തും തമ്മില്‍ ഒരു സാമ്യവുമില്ല. 4 നദികള്‍ മാത്രമുള്ള ഗുജറാത്തും, 44 നദികളും നിരവധി കായലുകളും തടാകങ്ങളുമുള്ള കേരളവും തമ്മില്‍ സാദൃശ്യപ്പെടുത്തുന്നതെങ്ങനെയാണ്‌. മഹാരാഷ്‌ട്രയിലെ മലനിരകള്‍ ജനവാസമില്ലാത്തിടമാണ്‌, എന്നാല്‍ കേരളത്തിലെ മലയോരങ്ങളാവട്ടെ ജനസാന്ദ്രതയേറിയതും, കാര്‍ഷിക വിഭവങ്ങള്‍ തിങ്ങിനിറഞ്ഞതുമാണ്‌. ഇത്തരത്തിലുള്ള നാനാവിധ സവിശേഷതകള്‍ കണക്കിലെടുക്കാതെ ഭൂ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരാനാണ്‌ ഗാഡ്‌ഗില്‍ ശ്രമിക്കുന്നത്‌. ഇത്‌ തെങ്ങിനും, കവുങ്ങഇനും ഒരേ തളപ്പ്‌ ഇടുന്നതുപോലെ അശാസ്‌ത്രീയമാണ്‌.
ആറ്‌ സംസ്ഥാനങ്ങളിലായി 1.60 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററില്‍, അധിവസിക്കുന്ന 25 കോടിയിലേറെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ വിസ്‌മരിച്ചും നിരാകരിച്ചുമുള്ള കേവല പരിസ്ഥിതിവാദത്തെ അംഗീകരിക്കാനാവില്ല. കസ്‌തൂരിരംഗനും, ഗാഡ്‌ഗിലുമൊക്കെ മുന്നോട്ടുവെക്കുന്ന വാദഗതികള്‍ക്ക്‌ പിന്നില്‍ കോര്‍പ്പറേറ്റ്‌ മാഫിയകള്‍ വെച്ച്‌ നീട്ടുന്ന കോടികളുടെ വാണിജ്യ താത്‌പര്യം തന്നെയാണുള്ളത്‌.
മലയോരങ്ങളിലെ, തെങ്ങിനെയും, കപ്പയേയും കുറിച്ച്‌ വാചാലരാകുന്നവര്‍, അതടക്കം എല്ലാ കൃഷികളും നിരോധിക്കണമെന്ന്‌ വാശിപിടിക്കുന്നവര്‍, പശ്ചിമഘട്ട മലനിരകളെ ഒന്നൊന്നായി തകര്‍ക്കുന്ന ക്വാറിമാഫിയകളേയും, ആ കരിങ്കല്ല്‌ ഉപയോഗിച്ച്‌ നഗരഹൃദയങ്ങളാല്‍ പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുകയും, വയലേലകളും, ചതുപ്പുകളും നികത്തി അംബരചുംബികളായ പഞ്ചനക്ഷത്ര വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചും മൗനം പാലിക്കുകയാണ്‌. ഇരട്ടത്താപ്പ്‌ തിരിച്ചറിയണം. ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നിരാകരിച്ച്‌, പ്രാദേശിക ജൈവവൈവിധ്യങ്ങള്‍ കോടി കണക്കിലെടുത്ത്‌, കര്‍ഷകപക്ഷ പരിസ്ഥിതി സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേ പറ്റൂ.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.