Home » » മലബാറി ഇനം ആടുകളുടെ സംരക്ഷണ കേന്ദ്രം

മലബാറി ഇനം ആടുകളുടെ സംരക്ഷണ കേന്ദ്രം

Written By Unknown on Friday, 14 February 2014 | 06:54





കാസര്‍ഗോഡ്‌: വംശനാശ ഭീഷണി നേരിട്ടുകൊണ്‌ടിരിക്കുന്ന മലബാറി ഇനം ആടുകളുടെ സംരക്ഷണത്തിനായി പിലിക്കോട്‌ കാര്‍ഷികഗവേഷണകേന്ദ്രത്തിനു കീഴില്‍ ആരംഭിച്ച യൂണിറ്റ്‌ കര്‍ഷകര്‍ക്കു പ്രതീക്ഷയും ആശ്വാസവുമാകുന്നു. സംരക്ഷണകേന്ദ്രം നിലവില്‍ വന്നതുമുതല്‍ ഓരോവര്‍ഷവും ലഭ്യതയനുസരിച്ച്‌ 100 മുതല്‍ 120 വരെ ആടുകളെ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നുണ്‌ട്‌.

1992ലാണു പിലിക്കോട്‌ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മലബാറി ഇനം ആടുകളുടെ തനിമ നിലനിര്‍ത്തിക്കൊണ്‌ടുളള സംരക്ഷണത്തിനായി ഒരു കേന്ദ്രം ആരംഭിച്ചത്‌. ഒരു കാലത്തു നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ ധാരാളം കണ്‌ടിരുന്ന മലബാറി ആടുകളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു പുതിയൊരു പദ്ധതിയെക്കുറിച്ചു കാര്‍ഷികഗവേഷണകേന്ദ്രം ആലോചിക്കുന്നത്‌.

മലബാറിലെ പ്രത്യേക സാഹചര്യങ്ങളില്‍ ജീവിച്ചുവളര്‍ന്നതും ഏതുകാലാവസ്ഥയേയും അതീജിവിക്കാന്‍ കഴിയുന്നതും പ്രതിരോധശേഷിയിലും ഗുണനിലവാരത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ മലബാറി ആടുകളുടെ തനതുഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രം ആരംഭിച്ചത്‌. ആടുകളുടെ പ്രജനനം, വിതരണം എന്നിങ്ങനെ വ്യത്യസ്‌ത പ്രവര്‍ത്തനങ്ങള്‍കൂടി ഏറ്റെടുത്തു കേന്ദ്രം കാര്‍ഷികമേഖലയ്‌ക്കു പുതിയ മുതല്‍ക്കൂട്ടാവുകയാണ്‌.

മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും പ്രത്യേകിച്ചു തലശേരി, വടകര എന്നീ പ്രദേശങ്ങളിലും വ്യാപകമായി കണ്‌ടുവരുന്ന ഇനമാണ്‌ മലബാറി ആടുകള്‍. ഇറച്ചിക്കും പാലിനുമായി ഉപയോഗിക്കുന്ന ഇവ കര്‍ഷകരുമായി പെട്ടെന്ന്‌ ഇണങ്ങുന്നു. പ്രായപൂര്‍ത്തിയായ ആടിനു ശരാശരി 30 - 35 മുതല്‍ 45-50 വരെ കിലോ തൂക്കം വരും. പൊതുവെ ചുവപ്പ്‌, കറുപ്പ്‌, വെളുപ്പ്‌, തവിട്ട്‌ എന്നീ നിറങ്ങളിലും സമ്മിശ്രനിറങ്ങളിലും മലബാറി ആടുകളെ കാണാം. നീളംകൂടിയ ചെവികളുളള ഇവയ്‌ക്കു ശരീരമാകെ ഇടതൂര്‍ന്നു രോമവുമുണ്‌ടാവും.

വിദേശത്തുനിന്നു കൊണ്‌ടുവന്ന സങ്കരയിനം ആടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ പരിസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായവയാണു മലബാറി ആട്‌. എട്ട്‌-പത്ത്‌ മാസമാവുമ്പോഴേക്കും പ്രായപൂര്‍ത്തിയാവും.

ആദ്യത്തെ ഗര്‍ഭധാരണത്തിനു 13 മുതല്‍ 15 മാസം വരെ സമയമെടുക്കും. എന്നാല്‍ തുടര്‍ന്ന്‌ എട്ടു മുതല്‍ ഒമ്പതു വരെയുളള മാസങ്ങള്‍ ഇടവിട്ടു ഗര്‍ഭധാരണം നടക്കും. പൊതുവെ ഒറ്റപ്രസവത്തില്‍ രണ്‌ടിലധികം കുട്ടികളുണ്‌ടാവും. കൂടുതലും ഇരട്ടക്കുട്ടികള്‍ എന്നതു മലബാറി ഇനത്തിന്റെ സവിശേഷതയാണ്‌. ദിവസം അരലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ പാല്‍ വരെ ഇവയ്‌ക്കു ലഭിക്കും.

വ്യത്യസ്‌തയിനം പുല്ല്‌, പച്ചിലകള്‍, മരത്തിന്റ ഇലകള്‍ എന്നിവയാണ്‌ ഇഷ്ടഭക്ഷണം. ഗര്‍ഭകാലത്തു ഗുണനിലവാരമുളള ഭക്ഷണം നല്‍കുകയാണെങ്കില്‍ കുട്ടികളുടെ വളര്‍ച്ചയിലും ആരോഗ്യത്തിലും ഗുണപരമായ മാറ്റമുണ്‌ടാകും.

സങ്കരയിനം ആടുകളുടെ ഉത്‌പാദനത്തിനായി അമിതപ്രാധാന്യം നല്‍കുമ്പോള്‍ പ്രജനനത്തിനായി ജോഡിയെ തെരഞ്ഞെടുക്കുന്നതിലും മറ്റും ശാസ്‌ത്രീയ രീതികള്‍ പിന്തുടരാത്തതും പുതുതായി ഉത്‌പാദിപ്പിക്കപ്പെടുന്നവയുടെ പ്രതിരോധശേഷിക്കും ഗുണനിലവാരത്തിനും ഭീഷണിയാവുന്നു.

ബ്രീഡിംഗിനും മറ്റുമായി ആടുകളെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ ഇടയ്‌ക്കിടെ കൊണ്‌ടുപോകുന്നത്‌ ഇവയുടെ പ്രജനനത്തെയും ആരോഗ്യത്തിനും ആയുസിനും ദോഷകരമാണെന്നാണു കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന പിലിക്കോട്‌ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രഫസര്‍ കൂടിയായ ഡോ: ശശികാന്ത്‌ പറയുന്നത്‌.

പിലിക്കോട്‌ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇന്നു മലബാറി ഇനത്തില്‍പ്പെട്ട 200ലധികം ആടുകളാണുളളത്‌. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്‌തതയും പരിപാലിക്കുന്നതിനാവശ്യമായ ആളുകളുടെ അഭാവവുമാണ്‌ ആടുകളുടെ എണ്ണത്തില്‍ വര്‍ധനവ്‌ വരുത്തുന്നതിനുളള തടസങ്ങള്‍. ഗവേഷണകേന്ദ്രത്തിലെ സ്ഥിരം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്‌ടാണു യൂണിറ്റിന്റെ ദൈനംദിന പ്രവൃത്തികള്‍ നടത്തിക്കൊണ്‌ടുപോകുന്നത്‌. സര്‍വകലാശാലകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും അനുകൂല സമീപനം കൈക്കൊളളുകയാണെങ്കില്‍ ഈ കേന്ദ്രം സംസ്ഥാനത്തിനു തന്നെ മുതല്‍ക്കൂട്ടായ രീതിയില്‍ വളര്‍ന്നുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.