Home » » മക്കളോടുള്ള സമീപനത്തില്‍ അച്‌ഛനമ്മമാര്‍ക്കുണ്ടാകുന്ന പത്തു തെറ്റിദ്ധാരണകളും അവയുടെ യാഥാര്‍ഥ്യങ്ങളും

മക്കളോടുള്ള സമീപനത്തില്‍ അച്‌ഛനമ്മമാര്‍ക്കുണ്ടാകുന്ന പത്തു തെറ്റിദ്ധാരണകളും അവയുടെ യാഥാര്‍ഥ്യങ്ങളും

Written By Unknown on Friday, 14 February 2014 | 09:22

മക്കളോടുള്ള സമീപനത്തില്‍ അച്‌ഛനമ്മമാര്‍ക്കുണ്ടാകുന്ന പത്തു തെറ്റിദ്ധാരണകളും അവയുടെ യാഥാര്‍ഥ്യങ്ങളും അറിയുക.

1. ഞാനും മക്കളും ഫ്രണ്ട്‌സിനെപ്പോലെയാണ്‌
അച്‌ഛനമ്മമാരും മക്കളും തമ്മില്‍ സൗഹൃദപരമായ അടുപ്പം ഉണ്ടാകുക എന്നതു നല്ലതു തന്നെ. കുട്ടുകാരെപ്പോലെയാകുക എന്നാല്‍ കുട്ടികളെപ്പോലെ തന്നെ ചിന്തിക്കുകയോ കളിക്കൂട്ടുകാരെപ്പോലെ എപ്പോഴും കളിയും ചിരിയും വേണമെന്നോ അല്ല ഉദ്ദേശിക്കുന്നത്‌. അച്‌ഛനമ്മമാരും മക്കളുമായുള്ള ബന്ധം സൗഹൃദത്തിനുമതീതമാണെന്നോര്‍മിക്കുക. അച്‌ഛനോടും അമ്മയോടും എന്തും തുറന്നു പറയാമെന്ന വിശ്വാസവും അടുപ്പവും കുട്ടിക്കുണ്ടാവണം. കൂട്ടുകാരോട്‌ എല്ലാ കാര്യങ്ങളും തുറന്നു പറയുകയും അച്‌ഛനെ അല്ലെങ്കില്‍ അമ്മയെ പേടിയാണ്‌ എന്ന കാരണത്താല്‍ കുട്ടികള്‍ പ്രശ്‌നങ്ങള്‍ മറച്ചു വയ്‌ക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ടാവരുത്‌.

എന്തു ചെയ്‌താലും മടി കൂടാതെ അച്‌ഛനമ്മമാരോടു പറയണമെന്നും ഞങ്ങള്‍ കൂടെയുണ്ടാവുമെന്നും അവരോടു പറയുക. കുട്ടികളുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ തിരിച്ചറിഞ്ഞ്‌ അതു പരിഹരിക്കാനും മനസ്‌ കാണിക്കണം. മാര്‍ഗനിര്‍ദേശവും നേര്‍വഴിയും കാട്ടുകയും ചെയ്യേണ്ടത്‌ അച്‌ഛനമ്മമാരുടെ ചുമതലയാണ്‌. മക്കള്‍ക്കു വിഷമമാകുമെന്നോ തങ്ങളോട്‌ അപ്രിയമുണ്ടാകുമോയെന്ന ഭയത്തില്‍ കുട്ടികളെ ഒന്നില്‍ നിന്നും വിലക്കാതിരിക്കരുത്‌. കുട്ടിയുടെ നന്മയ്‌ക്കും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്‌ ആവശ്യം അനുവദിക്കാതിരിക്കുന്നതെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം.

2. ഞാന്‍ കുട്ടിക്കാലത്ത്‌ വളര്‍ന്നത്‌ ഇങ്ങനെയാണ്‌. നീയും അതുപോലെയാവണം
ഫീസ്‌ കൊടുക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടായിരുന്നു. അല്ലെങ്കില്‍ ഞാന്‍ എത്ര ഉയരത്തിലെത്തേണ്ടതാ. നിനക്കെന്തെങ്കിലും കുറവുണ്ടോ? ഇത്തരം ഉപദേശങ്ങള്‍ കൊണ്ടു യാതൊരു പ്രയോജനവുമുണ്ടാകില്ല. ഇവയെല്ലാം തങ്ങളെ കുറ്റപ്പെടുത്താന്‍ വേണ്ടി പറയുന്നതായാണു കുട്ടികള്‍ കരുതുക. അത്‌ അന്നത്തെ കാലത്തല്ലേ എന്നു പറഞ്ഞ്‌ എതിര്‍ക്കാനാവും കുട്ടികള്‍ ശ്രമിക്കുക. ഞാന്‍ ഒത്തിരി കഷ്‌ടപ്പെട്ടാണു പഠിച്ചത്‌. ആ അവസ്‌ഥ എന്റെ മക്കള്‍ക്കു വരരുതെന്നുണ്ട്‌. മോന്‌ ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്‌. നന്നായി പഠിച്ചാല്‍ എത്ര വേണമെങ്കിലും ഞാന്‍ പഠിപ്പിക്കും എന്നു പറഞ്ഞു നോക്കൂ. അതു കുട്ടികളുടെ നന്മ ഉദ്ദേശിച്ചാണു പറയുന്നതെന്ന്‌ അവര്‍ മനസിലാക്കും.

എന്റെ അച്‌ഛനമ്മാര്‍ എന്നെ ഇങ്ങനെയാണു വളര്‍ത്തിയത്‌. എന്റെ മക്കളെയും ഞാന്‍ അതേ പോലെ വളര്‍ത്തും എന്ന രീതി എപ്പോഴും ശരിയാവണമെന്നില്ല. കാലം മാറിയതിനനുസരിച്ചു കുട്ടികളോടുള്ള സമീപനത്തിലും വ്യത്യാസം വരുത്തണം.


3. എനിക്ക്‌ എന്തു ബുദ്ധിമുട്ടുണ്ടായാലും മക്കള്‍ ഒരു കുറവും അറിയാന്‍ പാടില്ല
ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം ഇവയെല്ലാം കുട്ടികള്‍ക്ക്‌ ഉറപ്പാക്കേണ്ടതു മാതാപിതാക്കളുടെ കടമയാണ്‌. ട്രെന്‍ഡിനനുസരിച്ചുള്ള വസ്‌ത്രം, ഏറ്റവും പുതിയ ടെക്‌നോളജിയിലുള്ള മൊബൈല്‍, ബൈക്ക്‌ ഇവയെല്ലാം കുട്ടികള്‍ക്ക്‌ അത്യാവശ്യമുള്ളവയല്ല. കുട്ടിക്ക്‌ ആവശ്യമുള്ളതു മാത്രം വാങ്ങി നല്‍കുക. വീട്ടിലെ സാമ്പത്തിക സാഹചര്യമോ വരുമാനമോ അനുവദിക്കാത്തതാണു കുട്ടി ആവശ്യപ്പെടുന്നതെങ്കില്‍ അതു വാങ്ങി നല്‍കാതിരിക്കുക. കുടുംബത്തിലെ ഇല്ലായ്‌മകളും പോരായ്‌മകളും അറിഞ്ഞാവണം കുട്ടികള്‍ വളരേണ്ടത്‌.

ഉള്ളതു കൊണ്ടു തൃപ്‌തിപ്പെടാന്‍ കുട്ടിക്കാലത്തേ പരിശീലനം നല്‍കണം. കുഞ്ഞായിരിക്കുമ്പോള്‍ ആവശ്യപ്പെടുന്നതെല്ലാം സാധിച്ചു കൊടുക്കുകയും വലുതാവുമ്പോള്‍ നിഷേധിക്കുകയും ചെയ്യുന്നതു കുട്ടികളെ മാനസികമായി തളര്‍ത്തും. ഇത്‌ കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കാന്‍ സാധ്യതയുണ്ട്‌.

4. പഠനത്തില്‍ മികച്ച വിജയം നേടിയാലേ ജീവിത വിജയമുണ്ടാകൂ
മക്കളെ ഒന്നുകില്‍ ഡോക്‌ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആക്കണമെന്നാണു ഭൂരിഭാഗം അച്‌ഛനമ്മമാരുടെയും ആഗ്രഹം. മക്കള്‍ പഠനത്തില്‍ പിന്നോക്കമായാല്‍ പഠനവൈകല്യമാണോയെന്ന സംശയവുമായി സൈക്കോളജിസ്‌റ്റിനെ തേടിയെത്തുന്ന അച്‌ഛനമ്മമാരുടെ എണ്ണമേറെയാണ്‌.

പഠനത്തിലെ മികച്ച വിജയം കൊണ്ടു മാത്രം ജീവിത വിജയം നേടാന്‍ കഴിയണമെന്നില്ല. ഓരോ കുട്ടിക്കും തങ്ങളുടേതായ കഴിവുകള്‍ ഉണ്ടാവും. പഠനത്തില്‍ പിന്നിലായവര്‍ ചിലപ്പോള്‍ വ്യത്യസ്‌തമായ മേഖലയിലാവും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുക. പഠനത്തില്‍ ശരാശരിയായിരുന്നവര്‍ ഉദ്യോഗത്തിലെത്തുമ്പോള്‍ മികവ്‌ പുലര്‍ത്തുന്നവരായി കാണാറുണ്ട്‌. കുട്ടികള്‍ക്ക്‌ അമിത സമ്മര്‍ദം നല്‍കാതിരിക്കുക.

5. ലൈംഗിക വിദ്യാഭ്യാസം സ്‌കൂളില്‍ നിന്നാണു നല്‍കേണ്ടത്‌
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്ത കളാണു നമുക്കു ചുറ്റും. മോശമായി പെരുമാറുന്നതു തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള അറിവ്‌ കുട്ടിക്ക്‌ ഒരുമിച്ചു നല്‍കുകയല്ല വേണ്ടത്‌. കുഞ്ഞുന്നാള്‍ മുതലേ കുട്ടികള്‍ക്ക്‌ നല്ല സ്‌പര്‍ശനത്തെക്കുറിച്ചും ചീത്ത സ്‌പര്‍ശനത്തെക്കുറിച്ചും അവര്‍ക്കു മനസിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കാം. സ്വകാര്യ ഭാഗങ്ങളില്‍ തൊടാന്‍ ആരെയും അനുവദിക്കരുതെന്നു പറയാം.

പെണ്‍കുട്ടിയാണെങ്കില്‍ ഒന്‍പതു വയസാകുമ്പോള്‍ ആര്‍ത്തവത്തെ ക്കുറിച്ചു പറയാം. പ്രായത്തിനനുസരിച്ചു കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതു മാതാപിതാക്കളുടെ ചുമതലയാണ്‌. വീട്ടില്‍ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനുള്ള അന്തരീക്ഷം ഉണ്ടെങ്കില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത കുറയും.

6. വീട്ടില്‍ നല്ല പെരുമാറ്റത്തിന്റെ ആവശ്യമില്ല
വീട്ടിലാണ്‌ ഞാനെന്റെ യഥാര്‍ഥ സംഭവം പുറത്തെടുക്കുന്നതെന്നു ചില അച്‌ഛനമ്മമാര്‍ പറയാറുണ്ട്‌. വീട്ടിലെത്തിയാല്‍ ഔപചാരികതയില്ലാതെ കുടുംബവുമായി ചെലവഴിക്കുന്നതു നല്ല കാര്യമാണ്‌. എന്നാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. അച്‌ഛനമ്മമാരുടെ പെരുമാറ്റവും സ്വഭാവവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്‌. മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും ദുശീലങ്ങള്‍ കുട്ടികളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നതും ഒഴിവാക്കണം. നമ്മളെ കണ്ടു പഠിക്കുന്നവര്‍ നമ്മുടെ വീട്ടിലുണ്ടെന്നതു പ്രത്യേകം ഓര്‍മിക്കുക. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാം.

7. ഞാന്‍ മക്കളെ ശിക്ഷിക്കാറേയില്ല
കുട്ടികളെ തിരുത്തുന്നതിനു പോസിറ്റീവായ ശിക്ഷകള്‍ നല്‍കുന്നതില്‍ തെറ്റില്ല. ശിക്ഷയെന്നാല്‍ ശാരീരികമായ ശിക്ഷയെന്നതല്ല അര്‍ഥമാക്കു ന്നത്‌. കുട്ടിയുടെ സ്വഭാവത്തിനനുസരിച്ചാവണം ശിക്ഷയുടെ രീതി. ചില കുട്ടികള്‍ക്ക്‌ അച്‌ഛനോ അമ്മയോ വിഷമിച്ചു എന്നറിയുന്നതു തന്നെ ശിക്ഷയാവും. ചിലര്‍ക്ക്‌ രൂക്ഷമായ ഒരു നോട്ടം മതിയാകും. ചില കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ട കാര്യങ്ങള്‍ നിഷേധിക്കുന്നതാവും ഫലപ്രദം. ഞാന്‍ എപ്പോഴുമൊന്നും ശിക്ഷ നല്‍കാറില്ല.

കൊടുക്കുമ്പോള്‍ ഒരുമിച്ചാണു കൊടുക്കുക എന്ന രീതി നല്ലതല്ല. അര്‍ഹിക്കുന്നതിലും കൂടുതല്‍ ശിക്ഷ ലഭിച്ചു എന്ന തോന്നലാണ്‌ ഇതു കുട്ടികളിലുണ്ടാകുക. ഓരോ തെറ്റ്‌ ചെയ്യുമ്പോഴും തിരുത്തുക തന്നെ വേണം. അച്‌ഛന്‍ ശിക്ഷ നല്‍കുമ്പോള്‍ അമ്മ അതിനെ എതിര്‍ക്കുന്ന പ്രവണതയും നല്ലതല്ല. തെറ്റ്‌ ആവര്‍ത്തിക്കാതിരിക്കാനാണു ശിക്ഷ നല്‍കുന്നതെന്നു കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.

8. അവന്‍ അല്ലെങ്കില്‍ അവള്‍ ഇങ്ങനെയാണ്‌
കുട്ടിയുടെ കുരുത്തക്കേടുകളെയും വാശിയെയും അവന്‍ ഇങ്ങനെയാണ്‌ എന്നു പറഞ്ഞു നിസാരമാക്കുന്നതു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്‌. കുട്ടിക്കാലത്ത്‌ ഇങ്ങനെ എല്ലാ കാര്യങ്ങളും നിസാരമാക്കി യാല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ കുട്ടികളെ തിരുത്തുക ബുദ്ധിമുട്ടാവും. സംസ്‌കാരത്തിനോ സമൂഹത്തിനോ ചേരാത്ത വാക്കുകളോ പ്രവൃത്തിയോ കുട്ടികളില്‍ നിന്നുണ്ടാവുകയാണെങ്കില്‍ നിര്‍ബന്ധമായും അതു തിരുത്തുക തന്നെ വേണം. മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടെ ങ്കില്‍ അതു മാറ്റിയെടുക്കണം. അല്ലാതെ അവള്‍ കുട്ടിയല്ലേ എന്ന മനോഭാവം തെറ്റാണ്‌.

9. എന്റെ കുട്ടി ഒരിക്കലും ഇങ്ങനെ ചെയ്യില്ല
ഞങ്ങള്‍ക്കാണു മക്കളെ ഏറ്റവും നന്നായി അറിയുക എന്നാവും മിക്ക മാതാപിതാക്കളുടെയും ചിന്ത. ഇത്‌ എപ്പോഴും ശരിയാവണമെന്നില്ല. വളരുമ്പോള്‍ വീടിനു പുറത്തുള്ള ലോകവുമായി കുട്ടികള്‍ കൂടുതല്‍ അടുത്തിടപഴകുന്നത്‌ അവരുടെ വ്യക്‌തിത്വത്തെ സ്വാധീനിക്കും. കുട്ടികളെ വിശ്വസിക്കണം. പക്ഷേ, അന്ധമായി വിശ്വസിക്കരുത്‌. കാലവും സാഹ ചര്യങ്ങളും മാറി. ഇന്നത്തെ തലമുറ ഏതു സാഹചര്യത്തിലും പെട്ടു പോകാനുള്ള സാധ്യതയുണ്ടെന്ന ഓര്‍മ വേണം. എന്നാല്‍ എപ്പോഴും കുട്ടികളെ സംശയത്തോടെ നിരീക്ഷിക്കുന്നതും നീ അങ്ങനെ ചെയ്യും എന്ന മുന്‍ധാരണ വച്ചു പുലര്‍ത്തുന്നതും കുട്ടികള്‍ക്കു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളുടെ സുഹൃത്തുക്കള്‍ എങ്ങനെയുള്ളവരാ ണെന്നും അവരുടെ കുടുംബസാഹചര്യത്തെക്കുറിച്ചും ധാരണയുണ്ടാ വണം. ഇടയ്‌ക്കിടെ അധ്യാപകരോടു മക്കളെക്കുറിച്ച്‌ അന്വേഷിക്കണം.

10. മികച്ചതു നല്‍കിയാണു സ്‌നേഹം പ്രകടിപ്പിക്കുക
ലോകത്തിലുള്ള ഏറ്റവും മികച്ചതാണു മക്കള്‍ക്കു നല്‍കുന്നതെന്ന്‌ അഹങ്കരിക്കുന്ന അച്‌ഛനമ്മമാരുണ്ട്‌. പക്ഷേ, തങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അല്‍പം പോലും സമയം കണ്ടെത്താന്‍ കഴിയാത്ത ഈ അച്‌ഛനമ്മമാരോടു മക്കള്‍ക്ക്‌ അടുപ്പമുണ്ടാവില്ല. എത്ര മണിക്കൂര്‍ ചെലവഴിച്ചു എന്നതല്ല എങ്ങനെ ചെലവഴിച്ചു എന്നതിലാണു കാര്യം. സ്‌നേഹം പ്രകടിപ്പിക്കേണ്ടതു വില കൂടിയ സമ്മാനങ്ങള്‍ നല്‍കി മാത്രമല്ല. കുടുംബത്തിന്റെ സ്‌നേഹവും സുരക്ഷിതത്വവുമുള്ള അന്തരീക്ഷം കുട്ടികള്‍ക്ക്‌ അനുഭവിക്കാന്‍ കഴിയണം. അച്‌ഛനും അമ്മയും തങ്ങളുടെ കടമകള്‍ പാലിക്കുന്ന അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും തങ്ങളുടെ കടമകള്‍ പാലിക്കും. ബന്ധങ്ങള്‍, മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുമെല്ലാം കുട്ടികള്‍ ഈ അന്തരീക്ഷത്തിലാണു പഠിക്കുക. ഭക്ഷണം കഴിക്കുമ്പോഴോ കിടക്കുന്നതിനു മുമ്പുള്ള കുറച്ചു സമയമോ എല്ലാവരും ഒരുമിച്ച്‌ ചെലവഴിക്കണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.