പതിനഞ്ചു വര്‍ഷം മുമ്പ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കോട്ടയം അയ്‌മനം പുലിക്കുട്ടിശേരി കണ്‌ടമുണ്‌ടാരില്‍ ജോര്‍ജ് പി. ജോണ്‍ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ പലരും പറഞ്ഞു - ജോര്‍ജേ മണ്‌ടത്തരം കാണിക്കരുത്. ഇന്നത്തെ കാലത്ത് ഒരു ജോലികിട്ടാന്‍ ആളുകള്‍ പാടുപെടുകയാണെന്ന്. എന്നാല്‍ ആത്മവിശ്വാസവും കുടുംബത്തിന്റെ പിന്തുണയും മാത്രം കൈമുതലായുണ്‌ടായിരുന്ന ജോര്‍ജ് ശാന്തസുന്ദരമായി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്തുള്ള തന്റെ കണ്‌ടമുണ്‌ടാരില്‍ പാടത്തെ കുളത്തില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇന്ന് ഏഴേക്കറിലെ കുളങ്ങളില്‍ കരിമീന്‍, ആറ്റുകൊഞ്ച്, റെഡ് ബെല്ലി, രോഹു, കട്‌ല എന്നിവയടക്കം വിവിധ ഇനങ്ങളിലുള്ള മത്സ്യങ്ങളാണ് വളരുന്നത്. 15 വര്‍ഷം പിന്നിടുമ്പോള്‍ കണ്‌ടമുണ്‌ടാരില്‍ പാടത്തേക്ക് അവാര്‍ഡും എത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡാണു ജോര്‍ജിനെ തേടിയെത്തിയത
മത്സ്യക്കൃഷിയോട് കമ്പമുണ്‌ടായിരുന്ന ജോര്‍ജിന് ഒരു മത്സ്യകര്‍ഷകനാകാനായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം. ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പരമ്പരാഗതമായി നെല്‍കൃഷി ചെയ്‌തുകൊണ്‌ടിരുന്ന വീടിനോടു ചേര്‍ന്നുള്ള പാടത്തു ബണ്‌ടുകെട്ടി തിരിച്ച കുളത്തില്‍ ആദ്യം തുടങ്ങിയതു കൊഞ്ചുകൃഷിയായിരുന്നു. ഇതു പരാജയപ്പെട്ടെങ്കിലും ജോര്‍ജ് പതറിയില്ല. 600 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും ജലനിരപ്പില്‍ നിന്നും 2.5 മീറ്റര്‍ ഉയരത്തിലും ബണ്‌ടു നിര്‍മിച്ചു. തുടര്‍ന്നു വേമ്പനാട്ടുകായലില്‍നിന്നും സമീപത്തെ പാടശേഖരത്തില്‍നിന്നും കരിമീന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുളത്തില്‍ നിക്ഷേപിച്ചു. ജോര്‍ജിന്റെ മത്സ്യക്കൃഷിയോടുള്ള താത്‌പര്യം കണ്‌ട് ജില്ലാ ഫിഷറീസ് വകുപ്പും സഹായവുമായി എത്തി. ഇതോടെ കുളം നിറയെ മത്സ്യക്കുഞ്ഞുങ്ങളായി. മത്സ്യ നഴ്‌സറിക്കായി ചെറുകുളങ്ങളും നിര്‍മിച്ചു. മത്സ്യം ചതിച്ചില്ല ഇന്നു കണ്‌ടമുണ്‌ടാരില്‍ പാടത്തെ ഏഴേക്കര്‍ കുളത്തില്‍ നിറയെ കരിമീനുകളുടെ ചാകരയാണ്. ആറ്റുകൊഞ്ച,് കട്‌ല, രോഹു, ഗ്രാസ്‌കാര്‍പ് എന്നീ മത്സ്യങ്ങളേയും വളര്‍ത്തുന്നുണ്‌ട്. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യസമൃദ്ധി പദ്ധതി പ്രകാരം മത്സ്യക്കുഞ്ഞുങ്ങളും തീറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സബ്‌സിഡിയും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്‌ട്.
കഴിഞ്ഞവര്‍ഷം അഞ്ചു ടണ്‍ മത്സ്യമാണു വിറ്റത്. ഇതില്‍ ഒരു ടണ്ണും കരിമീനായിരുന്നു. രണ്‌ടര ലക്ഷം രൂപയുടെ ലാഭമാണ് ജോര്‍ജ് മത്സ്യവളര്‍ത്തലിലൂടെ സ്വന്തമാക്കിയത്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസം 23നു മീന്‍വേട്ട എന്ന പേരിലാണ് ജോര്‍ജ് മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തുന്നത്. ഈ വര്‍ഷത്തെ വിളവെടുപ്പും ഈ മാസം 23നു നടത്തും. 150-മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതാണ് ജോര്‍ജിന്റെ കുളത്തിലെ കരിമീനുകള്‍. കരിമീനുകള്‍ക്ക് കിലോയ്‌ക്ക് 350-400 രൂപയും മറ്റു മത്സ്യങ്ങള്‍ക്ക് 125-140 രൂപയും ലഭിക്കുന്നുണ്‌ട്. പ്രാദേശികമായി തന്നെയാണ് മത്സ്യങ്ങള്‍ വില്‍ക്കുന്നത്. ജീവനോടെ തന്നെ മത്സ്യത്തെ വില്‍ക്കുന്നതിനും ഫാമില്‍ സൗകര്യമൊരുക്കിയിട്ടുണ്‌ട്. മത്സ്യത്തെ പിടിക്കുന്നതിനായി ചീനവലയും കുളത്തില്‍ സ്ഥാപിച്ചിട്ടുണ്‌ട്. തവിട്, കപ്പ, പിണ്ണാക്ക്, മത്സ്യങ്ങള്‍ക്കുള്ള പെറ്റലറ്റ് എന്നിവയാണ് ജോര്‍ജ് മത്സ്യങ്ങള്‍ക്കു തീറ്റ കൊടുക്കുന്നത്. രാവിലെയും വൈകുന്നേരവുമായി രണ്‌ടു നേരം ഈ തീറ്റ നല്‍കും. കൂടാതെ ചേമ്പിലയും വള്ളിച്ചെടികളും നല്‍കാറുണ്‌ട്. മത്സ്യക്കുളത്തില്‍ തന്നെ 200 താറാവുകളെയും 50 പാത്തകളെയും ഈ കര്‍ഷകന്‍ വളര്‍ത്തുന്നുണ്‌ട്. താറാവിന്റെയും പാത്തയുടെയും കാഷ്‌ഠം കുളത്തിലെ പ്ലവങ്ങളുടെയും സൂക്ഷ്‌മ സസ്യങ്ങളുടെയും വളമായി മാറുകയും ചെയ്യുന്നു. താറാവിനെയും പാത്തയെയും വളര്‍ത്തുന്നതു മൂലം ജലത്തിന്റെ വായുസഞ്ചാരവും കൂടുമെന്നാണ് ജോര്‍ജിന്റെ പക്ഷം.
മത്സ്യക്കൃഷിയോടൊപ്പം തെങ്ങ്, വാഴ, കപ്പ എന്നീ കൃഷികളും ജോര്‍ജ് നടത്തുന്നുണ്‌ട്. അയ്‌മനം പഞ്ചായത്തിലെ മത്സ്യകര്‍ഷക ക്ലബ് അംഗമാണ്. ഭാര്യ സിസി, മക്കളായ ജെഫിന്‍, ജോഷിന്‍ എന്നിവരും ജോര്‍ജിനെ കൃഷിയില്‍ സഹായിക്കുന്നു. ജലത്തിന്റെ പരിപാലനം, മത്സ്യകുളത്തിന്റെ പ്രകൃതിദത്ത സ്വഭാവം, മത്സ്യത്തിന്റെ പരിപാലനം, പുതിയ മര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജോര്‍ജിന് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ജോണി മൂസ് അക്വാറ്റിക് എന്നു പേരിട്ടിരിക്കുന്ന ജോര്‍ജിന്റെ മത്സ്യ ഫാം സന്ദര്‍ശിക്കാന്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും എത്തുന്നത്. അര്‍പ്പണ മനോഭാവത്തോടെ മത്സ്യക്കൃഷി ചെയ്യുകയാണെങ്കില്‍ മത്സ്യക്കൃഷി ലാഭം തന്നെയാണെന്നാണ് കഴിഞ്ഞ 15 വര്‍ഷമായി മത്സ്യക്കൃഷിയില്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഈ കര്‍ഷകന്റെ അനുഭവ സാക്ഷ്യം. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ മത്സ്യം വളര്‍ത്തലിനൊപ്പം ഫാം ടൂറിസവും തുടങ്ങാന്‍ ജോര്‍ജിനു പദ്ധതിയുണ്‌ട്.
ഫോണ്‍: ജോര്‍ജ് പി. ജോണ്‍. 9846056691.








