Home » » വെളിപ്പെടുത്തലുകള്‍ ആരുടെയെങ്കിലും ഉറക്കം നഷ്‌ടപ്പെടുന്നുണ്ടെങ്കില്‍ നഷ്‌ടപ്പെടട്ടെയെന്നും സരിത

വെളിപ്പെടുത്തലുകള്‍ ആരുടെയെങ്കിലും ഉറക്കം നഷ്‌ടപ്പെടുന്നുണ്ടെങ്കില്‍ നഷ്‌ടപ്പെടട്ടെയെന്നും സരിത

Written By Unknown on Monday, 3 March 2014 | 16:45


 
 കൊച്ചി * എ.പി. അബ്‌ദുല്ലക്കുട്ടി എംഎല്‍എ തന്നെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു തന്നെ അറിയില്ലെന്നും സോളാര്‍ വിഷയം ക്ലിഫ്‌ ഹൗസിലേക്കു തിരിച്ച്‌ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പറഞ്ഞ സരിത കേസിന്റെ പേരില്‍ രാഷ്‌ട്രീയക്കാര്‍ ഏറ്റവുമധികം വേട്ടയാടിയ ആളാണു മുഖ്യമന്ത്രിയെന്നും ചൂണ്ടിക്കാട്ടി.

പരിചയപ്പെട്ട നാള്‍ മുതല്‍ അറസ്‌റ്റിലാകുന്ന ദിവസം വരെ അബ്‌ദുല്ലക്കുട്ടിയുടെ ശല്യം തുടര്‍ന്നതായി സരിത തുറന്നടിച്ചു. കേസില്‍ അറസ്‌റ്റിലാവുന്നതിനു രണ്ടു മാസം മുന്‍പു തിരുവനന്തപുരത്തെ മാസ്‌കറ്റ്‌ ഹോട്ടലിലേക്കുള്ള അബ്‌ദുല്ലക്കുട്ടിയുടെ ക്ഷണം നിരസിച്ചതായും അവര്‍ പറഞ്ഞു. പുറത്തുപറയാന്‍ കഴിയാത്തവിധം സഭ്യമല്ലാത്ത രീതിയിലായിരുന്നു സംസാരം. ഏതാണ്ട്‌ 60 ദിവസത്തോളം നിരന്തരമായി ശല്യം ചെയ്‌തു. പൊലീസ്‌ കസ്‌റ്റഡിയിലായിരുന്ന ഘട്ടത്തിലും ഫോണ്‍വിളിയും മൊബൈല്‍ സന്ദേശം അയയ്‌ക്കലും അബ്‌ദുല്ലക്കുട്ടി തുടര്‍ന്നു.

മന്ത്രിമാരുടെ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. പല രാഷ്‌ട്രീയക്കാരെ കുറിച്ചും പറയാനുണ്ട്‌. രണ്ടു ദിവസത്തിനകം അതുണ്ടാവും. വെളിപ്പെടുത്തലുകള്‍ പലരുടെയും ഉറക്കം കെടുത്തുന്നുണ്ടാവും. എന്റെ ഉറക്കവും കെടുത്തിയതാണ്‌. ഇപ്പോള്‍ ആരുടെയെങ്കിലും ഉറക്കം നഷ്‌ടപ്പെടുന്നുണ്ടെങ്കില്‍ നഷ്‌ടപ്പെടട്ടെയെന്നും സരിത പറഞ്ഞു. ഏറെ കരുതലോടും കൗശലത്തോടുമാണു സരിത നീങ്ങുന്നതെന്നാണു നിയമകേന്ദ്രങ്ങളുടെ നിഗമനം. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലനായ ഇരയെ ആക്രമിച്ചുകൊണ്ടു മറ്റുള്ളവരുമായി വിലപേശുന്ന കാഴ്‌ചയാണ്‌ ഇന്നലെ കണ്ടതെന്നും വിലയിരുത്തപ്പെടുന്നു.

സോളാര്‍ വിഷയത്തില്‍ കൂടുതല്‍ ഒളിപ്പിക്കാനുള്ളവരെയാണു ലക്ഷ്യം വയ്‌ക്കുന്നത്‌. ഏതെങ്കിലും മുന്നണിക്കെതിരായ നീക്കമല്ല തന്റേതെന്നും സരിത വ്യക്‌തമാക്കുന്നുണ്ട്‌. പല രാഷ്‌ട്രീയനേതാക്കളും ചൂഷണം ചെയ്‌തു. അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലെന്നു പറയുന്നതിനൊപ്പം കൂടുതല്‍ പേരുകള്‍ പുറത്തുപറയുന്നതിനു രണ്ടു ദിവസത്തെ ഇടവേള നല്‍കിയിരിക്കുകയാണു സരിത. സോളാര്‍ ബിസിനസ്‌ ചെയ്യാന്‍ മുന്നിട്ടിറങ്ങിയതു പലരും നല്‍കിയ വാഗ്‌ദാനങ്ങള്‍ വിശ്വസിച്ചാണെന്നും അവരാരും സഹായിച്ചില്ലെന്നും സരിത പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.