Home » » പട്ടിണി മുക്ത ഇന്ത്യ ഭയമുക്ത ഇന്ത്യ ബദല്‍ രാഷ്‌ട്രീയം പ്രസക്തമാകുന്നു.

പട്ടിണി മുക്ത ഇന്ത്യ ഭയമുക്ത ഇന്ത്യ ബദല്‍ രാഷ്‌ട്രീയം പ്രസക്തമാകുന്നു.

Written By Unknown on Wednesday, 26 March 2014 | 06:04

അഡ്വ. കെ.എം. അഷ്‌റഫ്‌ (സംസ്ഥാന പ്രസിഡണ്ട്‌ SDPI)


``അധികാരമുറപ്പിക്കാനും അഴിമതി നടത്താനുമുള്ള മറ മാത്രമാണ്‌ മുസ്‌ലിംലീഗിന്‌ സമുദായ സ്‌നേഹം. പാര്‍ലമെന്റ്‌ സീറ്റ്‌ വീതംവെക്കലില്‍ നമ്മളത്‌ കണ്ടതാണല്ലോ. മണ്ഡലം ശ്രദ്ധിക്കാത്ത, ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാത്ത, ശാരീരികാവശതകള്‍ നേരിടുന്ന ഇ. അഹമ്മദിനെ ഇക്കുറിവേണ്ടായെന്ന്‌, പ്രവര്‍ത്തകരും കമ്മിറ്റി ഭാരവാഹികളും മുഖത്തുനോക്കി പറഞ്ഞിട്ടും, നേതാക്കളെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി സീറ്റ്‌ പിടിച്ചുവാങ്ങിയ രാഷ്‌ട്രീയാഭ്യാസങ്ങളെ എങ്ങനെയാണ്‌ മറക്കാന്‍ കഴിയുക?

മുസ്‌ലിം ന്യൂനപക്ഷങ്ങളും മറ്റ്‌ പിന്നോക്കജനവിഭാഗങ്ങളും നിര്‍ണായകശക്തികളാണെന്ന്‌ തെളിയിക്കുന്ന വിധി എഴുത്താകും ഇക്കുറി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലുണ്ടാകുക എന്നത്‌ ഇക്കൂട്ടര്‍ വിസ്‌മരിക്കരുത്‌.''

ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെ വിശകലനം ചെയ്‌തുകൊണ്ട്‌ എം. വാര്‍ത്തയോട്‌ സംസാരിക്കുകയായിരുന്നു എസ്‌.ഡി.പി.ഐ. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. കെ.എം. അഷ്‌റഫ്‌.

ദേശീയപാര്‍ട്ടിയെന്ന്‌ മേനി നടിക്കുന്നുവെങ്കിലും, വന്നുവന്ന്‌, മുസ്‌ലിംലീഗ്‌ മലബാറില്‍ മാത്രമൊതുങ്ങുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. മുഖ്യധാരയിലിടം കിട്ടാത്ത പൊതുസമൂഹത്തിന്റെയും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെയും രൂക്ഷമായ ജീവിതപ്രശ്‌നങ്ങളിലേക്ക്‌ ഗുണകരമായി പ്രതികരിക്കാന്‍പോലും മുസ്‌ലിംലീഗിന്‌ കഴിയുന്നില്ല.

ലീഗ്‌ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത്‌, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ ശക്തമായി ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ്‌. എന്നാല്‍ നിരപരാധികളായ എത്രയോ പേര്‍ ഒരു കുറ്റവും ചെയ്യാതെ തടവറകള്‍ക്കുള്ളില്‍ നരകിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍പോലും ലീഗ്‌ എം.പിമാര്‍ തയ്യാറായിട്ടില്ല. എന്തിനധികം, ഒട്ടേറെ ഭീകരാക്രമണകേസുകളില്‍ ആര്‍.എസ്‌.എസിന്റെയും നേതാവ്‌ മോഹന്‍ ഭാഗവതിന്റെയും പങ്ക്‌, പ്രതിയായ അസിമാനന്ദ തന്നെ വെളിപ്പെടുത്തിയിട്ടും, അതിനെതിരെ, ചെറുവിരലനക്കാന്‍പോലും ലീഗ്‌ എം.പിമാര്‍ പാര്‍ലമെന്റില്‍ തയ്യാറായിട്ടില്ലല്ലോ.

അധികാരത്തിന്റെ സുഖശീതളിമ ആസ്വദിക്കാനുള്ള വ്യഗ്രതകൊണ്ടാണ്‌ സാമുദായിക വികാരത്തെ മറന്ന്‌ ലീഗ്‌ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ഇത്തരം ജീവത്തായ വിഷയങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കാതെ ശക്തമായി പ്രതിരോധിക്കുക തന്നെയാണ്‌ എസ്‌.ഡി.പി.ഐ. ചെയ്യുന്നത്‌. അത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക്‌ ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അഭിമാനത്തോടെ ഞങ്ങള്‍ ഓര്‍ക്കുന്നു.

അഭയാര്‍ത്ഥിക്യാമ്പുകള്‍ അടച്ചുപൂട്ടാനുള്ള യു.പി. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്‌.ഡി.പി.ഐ. ഉയര്‍ത്തിയ ധീരമായ ചെറുത്തുനില്‍പ്പ്‌ തന്നെ ഉദാഹരണം. മുസഫര്‍ നഗര്‍ കലാപബാധിതരെ, പാര്‍പ്പിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടാനാണ്‌ യു.പി. സര്‍ക്കാര്‍ നീക്കം നടത്തിയത്‌. ആസന്നമായ തെരഞ്ഞെടുപ്പില്‍ വോട്ടുബാങ്കുകളെ സ്വാധീനിക്കാനാണ്‌ സര്‍ക്കാര്‍ ഈ കള്ളക്കളിക്കു മുതിര്‍ന്നത്‌. നിസ്സഹായരായ ആ അഭയാര്‍ത്ഥികള്‍ക്കൊപ്പം അണിനിരന്ന്‌, ശക്തമായ പോരാട്ടം എസ്‌.ഡി.പിഐ. സംഘടിപ്പിച്ചപ്പോള്‍, സര്‍ക്കാരിന്‌ കീഴടങ്ങാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു വന്നു. അങ്ങനെയാണ്‌ യു.പി. മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ എസ്‌.ഡി.പി.ഐ. നേതാക്കളെ ചര്‍ച്ചയ്‌ക്കു വിളിച്ചതും, ക്യാമ്പുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചതും.

ഇത്തരം ജനകീയാവശ്യങ്ങള്‍ക്കൊപ്പം നിന്ന്‌, ജനപക്ഷരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ്‌ കുറഞ്ഞനാള്‍കൊണ്ട്‌, ദേശീയ രാഷ്‌ട്രീയത്തില്‍ സ്ഥാനം നേടാന്‍ എസ്‌.ഡി.പി.ഐക്ക്‌ കഴിഞ്ഞത്‌. ലീഗിനെപ്പോലെ കേരളത്തില്‍ മാത്രമൊതുങ്ങിനിന്ന്‌, ദേശീയപാര്‍ട്ടിയായി മേനി നടിക്കുന്ന പാര്‍ട്ടി അല്ല ഞങ്ങള്‍. കേരളത്തിനു പുറമെ, തമിഴ്‌നാട്‌, കര്‍ണാടക, മണിപ്പൂര്‍, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, ആന്ധ്ര തുടങ്ങിയയിടങ്ങളിലെ ശക്തമായ എസ്‌.ഡി.പി.ഐ. സ്വാധീനമാണ്‌ ലീഗ്‌ നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നത്‌. ഇതില്‍ പലയിടത്തെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ എസ്‌.ഡി.പി.ഐ. പ്രതിനിധികള്‍ വിജയിച്ചിട്ടുണ്ട്‌. ജനപക്ഷ നിലപാടുകള്‍ തിരിച്ചറിഞ്ഞ്‌, അതിനൊപ്പം, ആത്മാര്‍ത്ഥതയോടെ നിലയുറപ്പിച്ചതിനുള്ള സാക്ഷ്യപത്രമായാണ്‌ ഞങ്ങളീ മുന്നേറ്റത്തെ കാണുന്നത്‌.

ആഗോളവത്‌കരണനയങ്ങളെ പിന്തുണച്ച്‌, കോര്‍പ്പറേറ്റ്‌ കുത്തകകളെ വളര്‍ത്തുന്ന നയസമീപനങ്ങളാണ്‌ കോണ്‍ഗ്രസ്സും ബി.ജെ.പിയുമൊക്കെ അനുവര്‍ത്തിക്കുന്നത്‌. കോണ്‍ഗ്രസ്സിന്റെ ഇത്തരം ദേശവിരുദ്ധനയങ്ങള്‍ക്ക്‌ മുന്നില്‍ അന്ധമായി കീഴടങ്ങി നില്‍ക്കുകയാണ്‌ മുസ്‌ലിംലീഗ്‌ നേതാക്കള്‍. ഏതുവിധേനയും അധികാരം നിലനിര്‍ത്തണമെന്ന ഒറ്റ അജണ്ട മാത്രമേ അവര്‍ക്കു മുന്നിലുള്ളൂ  കോര്‍പ്പറേറ്റ്‌ ദാസ്യവേല നടത്തുന്നതില്‍, ഇടത്‌ വലത്‌ കക്ഷികള്‍ക്കും ബി ജെ പിക്കും ഒരേ ഭാവമാണ്‌. കേരളത്തില്‍ പരസ്‌പരം ഏറ്റുമുട്ടുന്ന കോണ്‍ഗ്രസും, സി പി എമ്മും, കേന്ദ്രത്തില്‍ എത്തിയാല്‍ ഒരേ ഐക്യമാണ്‌. ഈ കാപട്യം വോട്ടര്‍മാരും തിരിച്ചറിയുന്നുണ്ട്‌.
ബി ജെ പി യാകട്ടെ, മോഡിയെ ഉയര്‍ത്തിക്കാട്ടുന്നു, മറ്റ്‌ കക്ഷികള്‍ മോഡിപ്പേടി പരത്തുകയും ചെയ്യുന്നു. കേരള രാഷ്‌ട്രീയത്തില്‍ മോഡി ചര്‍ച്ചാവിഷയമേ അല്ല. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ട്‌ സമാഹരിക്കാനുള്ള തന്ത്രമാണ്‌ `മോഡിപ്പേടി' പരത്തുന്നതിന്‌ പിന്നിലുള്ളത്‌. ഇന്നുള്ള രാഷ്‌ട്രീയ നിലപാടുകള്‍ തുറന്ന്‌ കാണിക്കുക എന്ന ലക്ഷ്യം കൂടി തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലൂടെ ഞങ്ങള്‍ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. 20 പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലും ഈ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്‌.
.

കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കുത്തകകമ്പനികളുടെ 5 ലക്ഷം കോടി രൂപയുടെ കടമാണ്‌ കണ്ണുമടച്ച്‌ എഴുതിത്തള്ളിയത്‌. അതില്‍ ഒരു ശതമാനമെങ്കിലും സാധാരണക്കാരായ കര്‍ഷകരുടെ കടങ്ങള്‍ പരിഹരിക്കാനായി മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞില്ല. ഇത്തരം ജനവിരുദ്ധനയങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ്‌ കേരളത്തിലും നടക്കുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, മണല്‍, ക്വാറി റാക്കറ്റുകളും അധികാരകേന്ദ്രങ്ങളെ പൂര്‍ണമായും കൈയ്യടക്കിക്കഴിഞ്ഞു.

കേരളത്തെ സമ്പന്നരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിയുന്ന വിലയേറിയ പ്രകൃതിവിഭവങ്ങള്‍ നമുക്കുണ്ട്‌. എന്നാലത്‌ ഗുണകരമായി വിനിയോഗിക്കാതെ, കുത്തകകള്‍ക്ക്‌ വളര്‍ന്നുവികസിക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത്‌. കരിമണല്‍ അടക്കമുള്ള ഖനിജസമ്പത്തുകള്‍ കുത്തകകള്‍ക്ക്‌ തീറെഴുതിക്കൊടുക്കുന്നത്‌ നമ്മള്‍ കാണുന്നുണ്ടല്ലോ.

അന്താരാഷ്‌ട്രനിയമങ്ങള്‍ പോലും കാറ്റില്‍പ്പറത്തി റിലയന്‍സ്‌, ടാറ്റ മുതലായ കുത്തകകള്‍ക്ക്‌ വേണ്ടി, ജനവാസകേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ്‌ ലൈന്‍ കൊണ്ടുപോകാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നു. ഏത്‌ നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്യാസ്‌ ബോംബായി നാടിനെ മാറ്റി, ജനങ്ങളെ മുള്‍മുനയിലാഴ്‌ത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ, ജനപക്ഷത്തുനിന്ന്‌ ശബ്‌ദമുയര്‍ത്താന്‍ ജനപക്ഷരാഷ്‌ട്രീയമെന്ന മുദ്രാവാക്യം മുഴക്കുന്ന മുഖ്യധാരാ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകാത്തതെന്ത്‌? ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഇവിടെ ഒരേ സ്വരമാണ്‌. കോര്‍പ്പറേറ്റ്‌ കുത്തകകള്‍ വെച്ചുനീട്ടുന്ന കോടികളാണ്‌ ഇവരുടെ ഒക്കെയും ലക്ഷ്യം.

സാധാരണക്കാരന്റെ ജീവിതത്തെ അടിമുടി തകര്‍ക്കുന്ന അതിരൂക്ഷമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനും ക്രിയാത്മക നടപടികള്‍ ഉണ്ടാകുന്നില്ല. കുത്തകകളെ സഹായിക്കുക തന്നെയാണ്‌ അവിടെയും ലക്ഷ്യം.

ഒരുപിടി വോട്ടോ, താത്‌കാലികനേട്ടമോ അല്ല എസ്‌.ഡി.പി.ഐ. ലക്ഷ്യമിടുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പാരിസ്ഥിതിക വിഷയങ്ങളില്‍ ശക്തമായ നിലപാട്‌ ഞങ്ങള്‍ സ്വീകരിക്കുന്നത്‌. ആശങ്കകള്‍ പരിഹരിച്ച്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നുതന്നെയാണ്‌ ഞങ്ങളുടെ നിലപാട്‌. അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കണം. അവര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങള്‍ പരിഹരിച്ച്‌ മാത്രമേ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ പാടുള്ളൂ എന്നുതന്നെയാണ്‌ ഞങ്ങളുടെ നയം.

ഇത്തരം ജനപക്ഷ നിലപാടുകള്‍ മുന്നോട്ടുവെച്ച്‌, ബദല്‍ രാഷ്‌ട്രീയം തന്നെയാണ്‌ എസ്‌.ഡി.പി.ഐ. മുന്നോട്ടുവെക്കുന്നത്‌. കക്ഷിരാഷ്‌ട്രീയത്തിനതീതമായി അത്തരം നിലപാടുകള്‍ക്ക്‌ ദേശീയതലത്തില്‍ തന്നെ ലഭിക്കുന്ന പിന്തുണ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്‌.

``പട്ടിണിമുക്ത ഇന്ത്യ, ഭയമുക്ത ഇന്ത്യ'' എന്ന എസ്‌.ഡി.പി.ഐ. മുദ്രാവാക്യത്തിന്‌ അത്രയധികം സ്വീകാര്യതയാണ്‌ ഇന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.