മലാപ്പറമ്പ് സ്കൂള്‍ തകര്‍ത്ത കേസില്‍ സ്കൂള്‍ മാനേജരുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. അരൂര്‍ പടിഞ്ഞാറക്കണ്ടിയില്‍ അജിത്തിനെയാണ് ചേവായൂര്‍ എസ്.ഐ അറസ്റ്റു ചെയ്തത്. ഒരുമാസത്തോളം ഒളിവിലായിരുന്ന ഇയാളെ ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.
സ്കൂള്‍ തകര്‍ത്ത ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കേരളത്തിന് അകത്തും പുറത്തുമായി ഒളിവിലായിരുന്നു അജിത്കുമാറെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ചെന്നൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലസ് അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. പോലീസ് തിരയുന്നതറിഞ്ഞ് ഇയാള്‍ ട്രെയിനില്‍ കേരളത്തിലേക്ക് വരുമ്പോഴാണ് ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായത്.
സ്കൂള്‍ മാനേജര്‍ പത്മകുമാറിന്‍റെ നിര്‍ദേശമനുസരിച്ച് സഹോദരന്‍ അജിത്കുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് സ്കൂള്‍ തകര്‍ത്തത്തുവെന്നാണ് പോലീസ് കേസ്.
അജിത്കുമാറിന്‍റെ അറസ്റ്റോടെ സംഭവത്തില്‍ ഇതുവരെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. സ്കൂള്‍ തകര്‍ത്ത ജെ.സി.ബിയിലുണ്ടായിരുന്ന തളിപ്പറമ്പ് സ്വദേശി ഷാജുമോന്‍ തമിഴ്നാട് സ്വദേശി പ്രകാശന്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഏപ്രില്‍ 11ന് സ്കൂള്‍ തകര്‍ക്കപ്പെട്ട ശേഷം സ്കൂള്‍ മാനേജര്‍ പത്മരാജനും സഹോദരന്‍ അജിത്കുമാറും ഒളിവിലായിരുന്നു. 19ന് ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അജിത്കുമാറ്‍ പിടിയിലായത്. ചേവായൂര്‍ എസ്.ഐ പി.കെ സിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.







