Home » » മുസ്ലീംലീഗിലെ മന്ത്രിമാര്‍ക്ക് മാറ്റം വരാന്‍ സാധ്യതയുള്ളതായി സൂചന.

മുസ്ലീംലീഗിലെ മന്ത്രിമാര്‍ക്ക് മാറ്റം വരാന്‍ സാധ്യതയുള്ളതായി സൂചന.

Written By Unknown on Sunday, 11 May 2014 | 09:49

തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുസ്ലീംലീഗിലെ മന്ത്രിമാര്‍ക്ക് മാറ്റം വരാന്‍ സാധ്യതയുള്ളതായി സൂചന. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തന സമിതിയില്‍ കഴിഞ്ഞ ആഴ്‌ച വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഈ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. മുസ്ലീം ലീഗ് മന്ത്രിമാരായ പികെ അബ്ദുര്‍റബ്ബ്, ഡോ. എം കെ മുനീര്‍, വികെ ഇബ്രാഹീംകുഞ്ഞ് എന്നിവരെ മാറ്റാനാണ് സാധ്യത. അഞ്ച് മന്ത്രിമാരില്‍ ശേഷിക്കുന്നവരായ മഞ്ഞളാംകുഴി അലി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് കോട്ടക്കല്‍ എം എല്‍ എയായ എംപി അബ്‌ദുല്‍ സമദ് സമദാനിയെയാണ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ പ്രദേശികമായി സമദാനിക്ക് ചില എതിര്‍പ്പുകള്‍ ഉള്ളതായും വിലയിരുത്തലുണ്ട്. അതിനാല്‍ അബ്ദു
ല്‍റഹ്മാന്‍ രണ്ടത്താണിയെയും ഇതിലേക്ക് പരിഗണിക്കുന്നുണ്ട്. എംഎല്‍എ അഡ്വ. കെ എന്‍ എ ഖാദര്‍, സി മമ്മൂട്ടി എന്നിവരെയും മന്ത്രിമാരാക്കാനുള്ള പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ വി കെ ഇബ്രാഹീംകുഞ്ഞിനെ മാറ്റേണ്ടതില്ലെന്ന ഒരു ആവശ്യവും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. മുസ്ലീം ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ തന്നെ പരസ്‌പരം വച്ചു മാറാനാണ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ യുഡിഎഫ് മന്ത്രിമാരില്‍ മാറ്റം ഉണ്ടാകുമെന്നും അതിനാല്‍ തങ്ങള്‍ക്കും മാറ്റം ആകാമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
അടുത്ത സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ മന്ത്രിമാരുടെ മാറ്റത്തെ പറ്റി വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകും. അപ്പോള്‍ മാത്രമേ ഇതില്‍ അന്തിമ തീരുമാനവും ഉണ്ടാകൂ. എം കെ മുനീര്‍, ഇബ്രാഹിം കുഞ്ഞ് എന്നിവരെ മാറ്റുന്നതിനെ പറ്റി അണികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസമുള്ളതായും അറിവുണ്ട്. അതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.