
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്‍പ്പെടെ വൈദ്യുതി കണക്ഷന്‍ നിരക്കുകള്‍ കെ.എസ്.ഇ.ബി കുത്തനെ കൂട്ടി. 300 മുതല്‍ 10,000 രൂപവരെയാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി കണക്ഷന്‍ നിരക്കുകളില്‍ കുറവു വരുത്തിയിട്ടുണ്ട്.
വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നിരക്കുകളില്‍ കുത്തനെയുള്ള വലര്‍ധനയാണ് വൈദ്യുതി ബോര്‍ഡ് വരുത്തിയിരിക്കുന്നത്. ഇതിനുള്ള അംഗീകാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡിനു നല്‍കി. പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷന് നിലവില്‍ 1850 രൂപയായിരുന്നത് 2150 രൂപയാക്കി ഉയര്‍ത്തി. ഒരു പോസ്റ്റ് ആവശ്യമുള്ള കണക്ഷന്‍ നിരക്ക് 4000 രൂപയാക്കി. നിലവില്‍ ഇത് 2350 രൂപയാണ്. ഒരു പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ ഫേസ് കണക്ഷന് 8600ല്‍ നിന്ന് 11,500 രൂപയാക്കി. ഈ വിഭാഗത്തിലെ ത്രീ ഫേസ് കണക്ഷന് 18,150ല്‍ നിന്ന് 19,750 ആക്കി. രണ്ട് പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ ഫേസ് കണക്ഷന്‍ നിരക്ക് ഇനി 18,900 രൂപയാണ്. നിലവില്‍ 13,150 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ ത്രീഫേസ് കണക്ഷന് 35,250 ആയി നിരക്ക് ഉയരും. നിലവില്‍ 29,300 രൂപയാണ്. മൂന്ന് പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ ഫേസ് കണക്ഷന്‍ നിരക്ക് 18,000ല്‍ നിന്ന് 26,100 രൂപയാക്കി. ഈ വിഭാഗത്തില്‍ ത്രീ ഫേസ് കണക്ഷന് 42,000ല്‍ നിന്ന് 50,300 രൂപയാക്കി. 4 പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ ഫേസ് കണക്ഷന് 23,050ല്‍ നിന്ന് 33,700 ആക്കി. ത്രീ ഫേസ് കണക്ഷന് 54,800 രൂപയില്‍ നിന്ന് 65,000 രൂപയാക്കി ഉയര്‍ത്തി. അതേസമയം വന്‍കിടക്കാര്‍ക്ക് കണക്ഷന്‍ നല്‍കുന്നതിന് ഇളവുകളും പ്രഖ്യാപിച്ചു.
5 മുതല്‍ 10 കിലോവാട്ടുവ്‌രെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന വെതര്‍പ്രൂഫ് വിഭാഗത്തിന് 4600ല്‍ നിന്ന് 4350 ആക്കി കുറച്ചു. ഫെബ്രുവരി 28ന് റെഗുലേറ്ററി കമ്മിഷന്‍ നിരക്കുവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. ഏപ്രില്‍ 1ന് പ്രാബല്യത്തില്‍ വരുത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മേയ് 1ലേക്കു മാറ്റുകയായിരുന്നു.







