Home » » അഞ്ച് പെണ്‍മക്കളുള്ള കല്യാണിക്കുട്ടിയമ്മയെ മക്കള്‍ തെരുവിലുപേക്ഷിച്ചു.

അഞ്ച് പെണ്‍മക്കളുള്ള കല്യാണിക്കുട്ടിയമ്മയെ മക്കള്‍ തെരുവിലുപേക്ഷിച്ചു.

Written By Unknown on Thursday, 8 May 2014 | 07:32

കണ്ണൂര്‍: വൃദ്ധയും വികലാംഗയുമായ അമ്മയെ മക്കള്‍ തെരുവിലുപേക്ഷിച്ചു. അഞ്ച് പെണ്‍മക്കളുള്ള കല്യാണിക്കുട്ടിയമ്മയ്ക്കാണ് ഈ ദുര്‍ഗതി.അമ്മയെ ഏറ്റെടുക്കണമെന്ന് പോലീസ് നിര്‍ബന്ധിച്ചിട്ടും മക്കള്‍ ഏറ്റെടുക്കാതായതോടെ പോലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി.

ചെട്ടിപ്പീടികയിലെ കല്യാണിയെന്ന 80 വയസ്സുള്ള വൃദ്ധയ്ക്കാണ് ഈ ഗതികേടുണ്ടായത്. വാക്കറിന്റെ സഹയമില്ലാതെ ഇവര്‍ക്ക് നടക്കാനാകില്ല. കാഴ്ചയും മങ്ങിത്തുടങ്ങി. നല്ലകാലത്ത് സമ്പാദിച്ചതെല്ലാം അഞ്ച് പെണ്‍മക്കള്‍ക്ക് വീതം വെച്ച് നല്‍കി. എല്ലാം കൊടുത്തു തീര്‍ന്നപ്പോള്‍ അമ്മ ഇവര്‍ക്ക് ഭാരമായി. അങ്ങനെയാണ് കണ്ണൂര്‍ വനിതാ സെല്ലിന് സമീപത്തെ റോഡരികില്‍ ഈ വൃദ്ധമാതാവിനെ തള്ളി പെണ്‍മക്കള്‍ രക്ഷപ്പെട്ടത്

വെയിലേറ്റ് റോഡരികില്‍ തളര്‍ന്നു നിന്ന കല്യാണിക്കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത് വനിതാ പോലീസുകാരാണ്. പന്നീട് കല്യാണിക്കുട്ടി നല്‍കിയ വിവരങ്ങള്‍ വെച്ച് മക്കള്‍
അഞ്ച് പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ക്യാമറ കണ്ടതോടെ മുഖംമറച്ച് ചില പെണ്‍മക്കള്‍ ഓടിമറഞ്ഞു. ആരും ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെ സിഐ സ്വര്‍ണ്ണമ്മയും എസ്‌ഐ വത്സലയും ചേര്‍ന്ന് കല്യാണിക്കുട്ടിയെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി. മക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.