Home » » പുതിയ മദ്യ നയം കോണ്‍ഗ്രസില്‍ പരസ്യമായ വിഴുപ്പലക്കിലേക്കും പുതിയ ധ്രുവീകരണത്തിലേയ്‌ക്കും

പുതിയ മദ്യ നയം കോണ്‍ഗ്രസില്‍ പരസ്യമായ വിഴുപ്പലക്കിലേക്കും പുതിയ ധ്രുവീകരണത്തിലേയ്‌ക്കും

Written By Unknown on Sunday, 24 August 2014 | 22:02

തിരുവനന്തപുരം: യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലേക്കു നയിച്ച സംഭവങ്ങള്‍ കോണ്‍ഗ്രസില്‍ പരസ്യമായ വിഴുപ്പലക്കിലേക്കും പുതിയ ധ്രുവീകരണത്തിലേയ്‌ക്കും നയിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ മൗനം പാലിച്ച കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ തന്റെ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നു പരസ്യമായി പ്രഖ്യാപിച്ചതും സുധീരനെതിരേ പരസ്യമായ വിമര്‍ശനവുമായി മന്ത്രി കെ. ബാബു രംഗത്തെത്തിയതും സ്‌ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായിട്ടുണ്ട്‌. 

സുധീരനെ ഒറ്റതിരിച്ച്‌ ആക്രമിക്കാനുള്ള നീക്കത്തിനെതിരേ പാര്‍ട്ടിയില്‍ പുതിയൊരു വിഭാഗം ഉടലെടുക്കുന്നുണ്ട്‌. എക്‌സൈസ്‌ മന്ത്രിയാണു തെരഞ്ഞെടുപ്പു കാലത്തു ബാറുകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു വാഗ്‌ദാനം ലംഘിച്ചപ്പോഴാണു കെ.പി.സിസി. പ്രസിഡന്റ്‌ ജനപക്ഷത്തുനിന്ന്‌ എതിര്‍ത്തത്‌.അതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുള്ള ഏതു നീക്കത്തേയും എതിര്‍ക്കുമെന്നാണു സുധീരനെ അനുകൂലിക്കുന്ന പക്ഷത്തിന്റെ നിലപാട്‌. ഇതു കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണത്തിലേയ്‌ക്കു നയിക്കുമെന്നാണു സൂചനകള്‍.

സര്‍ക്കാരിനെ ആവശ്യമില്ലാതെ വിമര്‍ശിച്ച പാര്‍ട്ടി നേതൃത്വങ്ങളാണു മുമ്പുണ്ടായിരുന്നതെന്നും തന്റേതു നിലപാടിന്റെ അടിസ്‌ഥാനത്തിലുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണു സുധീരന്റെ നീക്കം. കരുണാകരനെ പിന്നില്‍നിന്നു കുത്തിയവരെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തലപ്പത്താണെന്ന്‌ ഒരു ചാനല്‍ അഭിമുഖത്തില്‍ കടത്തിപ്പറഞ്ഞ്‌ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു സുധീരന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട്‌ അഡ്വക്കേറ്റ്‌ ജനറലിനെതിരെ സുധീരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രസ്‌താവനയെച്ചൊല്ലിയാണ്‌ എ, ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങിയത്‌. അതിനെ കൃത്യമായി പ്രതിരോധിച്ചുകൊണ്ടാണു സുധീരന്‍ ആരോപണങ്ങളെ നേരിടുന്നത്‌. എ.ജിക്കെതിരേയുള്ള നിലപാടു സര്‍ക്കാരിനെതിരാണെന്നു കാണേണ്ടതില്ല. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ബാര്‍ വിഷയത്തില്‍ മാത്രമല്ല, മറ്റു പല പ്രശ്‌നങ്ങളിലും എ.ജിക്കെതിരേ അഭിപ്രായഭിന്നതയുണ്ടായിട്ടുണ്ട്‌. സെക്രട്ടേറിയറ്റിനു മുന്നില്‍ പറഞ്ഞതിന്റെ തലേന്നു ചേര്‍ന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതിയിലും താന്‍ ഇതു വ്യക്‌തമാക്കിയതാണ്‌.

വിധി ചോദിച്ചുവാങ്ങിയെന്ന പ്രസ്‌താവനയുടെ സാഹചര്യം എന്താണെന്ന്‌ തന്നെ വന്നുകണ്ട ഹസ്സനോട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌. എന്നിട്ടും അതിനെ കൂട്ടുപിടിച്ച്‌ ആക്രമിക്കാനുള്ള ശ്രമത്തെ ശക്‌തമായി നേരിടും എന്നു തന്നെയാണ്‌ തന്നെയാണ്‌ സുധീരന്റെ നിലപാട്‌. പരാതിയുമായി വന്ന ഐ ഗ്രൂപ്പ്‌ സോളാര്‍-സലീംരാജ്‌ കേസുകളില്‍ എ.ജി.യെ തള്ളിപ്പറഞ്ഞിരുന്നത്‌ സുധീരനുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സുധീരനെ തൃശൂരില്‍ കേരള സ്‌റ്റേറ്റ്‌ എക്‌സൈസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനവേദിയില്‍ പരസ്യമായി വിമര്‍ശിച്ചു മന്ത്രി കെ. ബാബു നേരിട്ടു രംഗത്ത്‌ എത്തി. മദ്യലഭ്യത കുറഞ്ഞാല്‍ മദ്യദുരന്തം ഉണ്ടാകുമെന്ന്‌ ആദ്യം പറഞ്ഞത്‌ താനല്ല, കെ.പി.സി.സി. പ്രസിഡന്റാണെന്നും കേരളത്തില്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഭരണപക്ഷത്തെ ചിലരാണ്‌ ഏറ്റെടുത്തിരിക്കുന്നതെന്നും ബാബു തുറന്നടിച്ചു. ബാര്‍ സംബന്ധിച്ച വിധി കോടതിയില്‍നിന്നു ചോദിച്ചു വാങ്ങിയതാണെന്ന സുധീരന്റെ പരാമര്‍ശം ശരിയല്ലെന്നും ഈ പരാമര്‍ശം എത്ര വലിയ നേതാവു നടത്തിയാലും അതു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ബാബു പറഞ്ഞു.

അതേസമയം മദ്യനയം രൂപീകരിച്ചതോടെ മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനു പകരം കൂടുതല്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്‌. എല്ലാ കാര്യത്തിലും ഒപ്പംനിന്ന മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും ബാര്‍പ്രശ്‌നത്തില്‍ ഒരുവാക്കുപോലും പറയാതെ കളംമാറി ചവുട്ടിയതു മുഖ്യമന്ത്രിയേയും മന്ത്രി രമേശ്‌ ചെന്നിത്തലയേയും വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്‌.

തങ്ങളുടെ അതൃപ്‌തി അവര്‍ കുഞ്ഞാലിക്കുട്ടിയേയും കെ.എം. മാണിയേയും അറിയിച്ചിട്ടുമുണ്ട്‌. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ നിലപാടുകള്‍ സുധീരന്‌ അനുകൂലമാണെന്നു കണ്ടു കളംമാറ്റിയ ഇവരുടെ നീക്കം ശരിയായില്ലെന്നു തന്നെയാണ്‌ ഉമ്മന്‍ചാണ്ടിയുടെ വിലയിരുത്തല്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.