Home » » വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്‌ ബാങ്കില്‍ നിന്നും നോട്ടീസ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു.

വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്‌ ബാങ്കില്‍ നിന്നും നോട്ടീസ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു.

Written By Unknown on Sunday, 24 August 2014 | 22:19

പുല്‍പ്പള്ളി: വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്‌ ബാങ്കില്‍ നിന്നും നോട്ടീസ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു. പുല്‍പ്പള്ളി കേളക്കവല കുമരക്കാലായില്‍ സജീവന്റെ മകന്‍ സജിത്ത്‌(27) ആണ്‌ ബാംഗളൂരുവില്‍ ആത്മഹത്യ ചെയ്‌തത്‌.
 
ഇന്നലെ രാവിലെയാണ്‌ ഇയാളെ ബാംഗളൂരുവിലെ ഗീതാഞ്ചലി നഗറിലുള്ള വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്‌തുവരികയായിരുന്നു സജിത്ത്‌. 2004ല്‍ ഇയാള്‍ പുല്‍പ്പള്ളിയിലെ കാനറാ ബാങ്കില്‍ നിന്നും മൂന്നുലക്ഷം രൂപാ വിദ്യാഭ്യാസ വായ്‌പ എടുത്തിരുന്നു. പഠനശേഷം കുറേ പണം തിരിച്ചടക്കുകയും ചെയ്‌തിരുന്നു.
 
ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തുച്‌ഛമായ വേതനത്തിനായിരുന്നു ഇയാള്‍ ജോലി ചെയ്‌തിരുന്നത്‌. ജീവിതച്ചെലവിനുപോലും പണം തികയാതെ വന്നതിനാല്‍ ലോണ്‍ തിരിച്ചടവു മുടങ്ങിയിരുന്നു. ആഗസ്‌റ്റ്‌ 25നകം മൂന്നരലക്ഷം രൂപാ കുടിശ്ശിക അടക്കം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടക്കണമെന്നും അല്ലാത്ത പക്ഷം വായ്‌പ എടുത്ത ആളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിക്ക്‌ കൈമാറുമെന്നും ഭാവിയില്‍ ഇന്ത്യയിലെ ഒരു ധനകാര്യ സ്‌ഥാപനത്തില്‍ നിന്നും വായ്‌പ ലഭ്യമാകില്ലെന്നും കാണിച്ച്‌ ബാങ്ക്‌ മാനേജര്‍ സജിത്തിന്‌ കഴിഞ്ഞ ജൂലൈ 17ന്‌ നോട്ടീസ്‌ അയച്ചു.
 
തുക അടക്കേണ്ട അവസാന തീയതി അവസാനിക്കാനിരിക്കെയാണ്‌ സജിത്ത്‌ ആത്മഹത്യ ചെയ്‌തത്‌. സജിത്തിന്റെ പിതാവ്‌ ടാക്‌സി ഡ്രൈവറാണ്‌. മാതാവ്‌: പരേതയായ ജലജ. സഹോദരി: സ്വാതി(എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിനി). സംസ്‌ക്കാരം ഇന്ന്‌ വീട്ടുവളപ്പില്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.