ലോകമെങ്ങുമുളള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കി സ്പാനിഷ് ഫുട്‌ബോള്‍ ലീഗിന് ഇന്ന് തുടക്കമാകും.പതിവ് പോലെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് ലീഗിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍.ആദ്യ മത്സരത്തില്‍ അത് ലറ്റിക്കോ മാഡ്രിഡ് മലാഗയുമായി ഏറ്റുമുട്ടും.
സ്‌പെയിനിലെ കളിമുറ്റങ്ങള്‍ ഇന്ന് മുതല്‍ ഉണരുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശത്തിന്റെയും നെഞ്ചിടിപ്പിന്റെയും കളിയഴകിന്റെയുമൊക്കെ വിസ്മയ കാഴ്ചകള്‍ പകര്‍ന്നുകൊണ്ടാണ് ലാലിഗക്ക് ഇന്ന് തുടക്കമാവുക. കിരീടത്തിനായുളള റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ പോരിനാണ് സ്‌പെയിനിലെ മൈതാനങ്ങള്‍ വേദിയാവുക.
പണക്കിലുക്കവുമായി ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ ജെയിംസ് റോഡ്രിഗസ്, ടോണി ക്രൂസ്, കെയ്‌ലര്‍ നവാസ് എന്നിവരെ കൂടാരത്തിലെത്തിച്ച റയലാണ് താരപ്പൊലിമയില്‍ മുന്നില്‍. ഇവര്‍ക്കൊപ്പം ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ഗരത് ബെയ്ല്‍ എന്നിവര്‍ കൂടി ചേരുന്നതോടെ റയല്‍ സ്വപ്നതുല്യമാകും.എന്നാല്‍,എഞ്ചല്‍ ഡി മരിയ,സമി ഖദിരെ എന്നിവര്‍ ടീം വിടാനൊരുങ്ങുന്നത് മധ്യ നിരയില്‍ വലിയ വിടവ് സൃഷ്ടിക്കുമെന്നുറപ്പാണ്. മെസി, നെയ്മര്‍ എന്നിവര്‍ക്കൊപ്പം ലൂയി സുവാരസ് കൂടി എത്തിയതോടെ കരുത്തുറ്റതായിരിക്കുകയാണ് ബാഴ്‌സലോണയുടെ മുന്നേറ്റനിര.
വിലക്ക് നേരിടുന്ന സുവാരസിന് ലീഗിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാകുമെന്നത് ബാഴ്‌സക്ക് തിരിച്ചടിയാണ്. സാവി, ഇനിയേസ്റ്റ, ബുസ്‌കെറ്റ്‌സ് എന്നിവര്‍ക്കൊപ്പം തോമസ് വെര്‍മാലനും കൂടി എത്തിയതോടെ ബാഴ്‌സയുടെ മധ്യനിര അതിശക്തമാണ്. ഡീഗോ കോസ്റ്റ, ഫിലിപ്പ് ലൂയിസ് തിബോട്ട കുര്‍ട്ടോ എന്നിവര്‍ ടീം വിട്ടത് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിനെ ദുര്‍ബലരാക്കിയിട്ടുണ്ട്. റൗള്‍ ഗാര്‍ഷ്യ, ബേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ മരിയോ മാന്‍സൂക്കിച്ച് എന്നിവരെ കേന്ദ്രീകരിച്ചാകും അത്‌ലറ്റിക്കോയുടെ മുന്നേറ്റങ്ങള്‍. ഇന്ന് രാത്രി 10.30 ന് അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയുമായി ഏറ്റുമുട്ടും. റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടേയും ആദ്യ മത്സരം 25 നാണ്.








