ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അടിയന്തിര സഹായമായി 1000 കോടി രൂപ സഹായവും പ്രഖ്യാപിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മോഡി. ഇന്ന് മോഡി ജമ്മുകശ്‌മീരില്‍ എത്തിയിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പാക് അധീന മേഖലയിലും ദുരിതാശ്വാസത്തിന് സന്നദ്ധമാണെന്നും വ്യക്‌തമാക്കി.
അഞ്ചു ദിവസമായി പെയ്‌ത കനത്ത മഴയില്‍ ഉണ്ടായ പ്രളയത്തില്‍ മരണം 170 കടന്നു. വന്‍ നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലും മൂലം ഗതാഗത സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. 60 വര്‍ഷത്തനിടയില്‍ സംസ്‌ഥാനം കണ്ട ഏറ്റവും വലിയ ജലപ്രളയമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 2,325 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 350 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. മോഡി സംസ്‌ഥാനത്തെ ഉന്നതോദ്യോഗസ്‌ഥരുമായി സംസാരിച്ചു.
പ്രവചനാതീത സാഹചര്യമെന്നായിരുന്നു മുഖ്യമന്ത്രി അബ്‌ദുള്ള സംസ്‌ഥാനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. പ്രളയ ബാധിതരോട് ആശങ്കപ്പെടേണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഒരുക്കിയിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു. 22 ഐഎഎഫ് ഹെലികോപ്‌റ്ററുകള്‍, നാലു വിമാനങ്ങള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 130 സൈനികരെയും എട്ട് ടീം എന്‍ഡിആര്‍എഫിനേയും നിയോഗിച്ചിട്ടുണ്ട്.








