Home » , » ഏഷ്യന്‍ ഗെയിംസില്‍ ആദ്യദിനം തന്നെ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യദിനം തന്നെ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം.

Written By Unknown on Friday, 19 September 2014 | 21:56

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇഞ്ചിയോണില്‍ അരങ്ങേറിയ ആദ്യദിനം തന്നെ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം. 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍താരം ജിത്തു റായി സ്വര്‍ണ്ണം നേടി. ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം നേടിയ ചൈനയ്‌ക്ക് തൊട്ടു പിന്നാലെയാണ്‌ ഇന്ത്യയും സ്വര്‍ണ്ണനേട്ടം നടത്തിയത്‌.
ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ജിത്തു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ്‌ നടത്തിയത്‌. ഓംപ്രകാശ്‌, ഓംകാര്‍ സിംഗ്‌ എന്നിവരും മത്സരിച്ച ഇനത്തില്‍ 186.4 പോയിന്റ്‌ നേടിയാണ്‌ ജിത്തു ഇന്ത്യയ്‌ക്കായി സ്വര്‍ണ്ണനേട്ടം നടത്തിയത്‌. അതേസമയം ഓംപ്രകാശിനും ഓംകാര്‍ സിംഗിനും യോഗ്യത നേടാനായില്ല.
ഷൂട്ടിംഗ്‌റേഞ്ചില്‍ ആദ്യ ഇനത്തിനായി ഇറങ്ങിയ ഇന്ത്യ മത്സരം തുടങ്ങിയ ആദ്യ ദിനത്തില്‍ കുറിക്കുന്ന രണ്ടാമത്തെ മെഡലാണ്‌ ഇത്‌. നേരത്തേ ശ്വേതാ ചൗധരി 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ വെങ്കലം കുറിച്ചിരുന്നു. ഇവര്‍ക്ക്‌ പുറമേ ഇന്ത്യയ്‌ക്കായി ബാഡ്‌മിന്റണില്‍ സിംഗിള്‍സില്‍ മത്സരിക്കുന്ന സൈനാ നേവാളും നേട്ടമുണ്ടാക്കി. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍താരം വിജയം നേടിയിട്ടുണ്ട്‌.
ഷൂട്ടിംഗില്‍ കണ്ടെത്തിയ ആദ്യ സ്വര്‍ണ്ണം ഉള്‍പ്പെടെ മൂന്ന്‌ സ്വര്‍ണ്ണം നേടിയ ചൈനയാണ്‌ മെഡല്‍ നേട്ടത്തില്‍ മുന്നില്‍. ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയുമായി കൊറിയയും ഒരു സ്വര്‍ണ്ണവും വെള്ളിയും നേടിയ ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്‌. വര്‍ണാഭമായ ചടങ്ങില്‍ ഇന്നലെയായിരുന്നു ഗെയിംസ്‌ ഉദ്‌ഘാടനം നടന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.