Home » » നികുതി വര്‍ധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാനുള്ള കെ.എം മാണിയുടെ തന്ത്രം.

നികുതി വര്‍ധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാനുള്ള കെ.എം മാണിയുടെ തന്ത്രം.

Written By Unknown on Friday, 19 September 2014 | 17:59

തിരുവനന്തപുരം: വന്‍തോതിലുള്ള നികുതി വര്‍ധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാനുള്ള കെ.എം മാണിയുടെ തന്ത്രമെന്ന് സൂചന. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായ സമീപനം സ്വീകരിച്ചതിനുള്ള പ്രതികാരമായാണ് നികുതി വര്‍ധിപ്പിക്കണമെന്ന ആവശ്യം തന്ത്രപൂര്‍വം മാണി ക്യാബിനറ്റിനെക്കൊണ്ട് അംഗീകരിപ്പിച്ചതെന്നാണ് വിവരം.  

അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുകവഴി ജനങ്ങളെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരാക്കുകയാണ് മാണിയുടെ ഉദ്ദേശ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പരമാവധി നികുതിഭാരം ജനങ്ങളില്‍ ചുമത്തി യു.ഡി.എഫിന്റെ ഗ്രാഫ് താഴ്ത്താനും മാണി ശ്രമിക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ സര്‍ക്കാരിന്റെ ധനക്കമ്മി നികത്താന്‍ കഴിയൂ എന്ന് ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന്റെ നീക്കം. നികുതിവര്‍ധിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്കുമേല്‍ അധികഭാരം ഉണ്ടാകുന്ന സാഹചര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകുമെന്നും ബാറുകള്‍ തുറക്കാനുള്ള വഴി കോടതിതന്നെ തുറന്നുതരുമെന്നുമാണ് മാണിയുടെ വിലയിരുത്തല്‍. ഇതൊന്നും സാധ്യമാകാതെ വന്നാല്‍ ജനഹിതം സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം മുതലെടുത്ത് മുഖ്യമന്ത്രിയെ പഴിചാരി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കാറാമെന്നും മാണി കരുതുന്നു. 

ഗത്യന്തരമില്ലാതെയായിരുന്നു മദ്യനയത്തെ മാണി പിന്തുണച്ചത്. വി.എം.സുധീരനുമായുള്ള വാശിയുടെ പുറത്ത് ഒരു കാരണവശാലും ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തത്തെ പ്രതിരോധിക്കാനുള്ള അവസരമായാണ് നികുതി വര്‍ധനയെ അദ്ദേഹം കാണുന്നത്. നികുതിവര്‍ധനവില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരേ ഇടതുപക്ഷം പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇത്തവണ കാഴ്ചക്കാരനായി നോക്കിനില്‍ക്കാനാണ് മാണിയുടെ തീരുമാനം. പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ സമരത്തിലും സോളാര്‍വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ രാപ്പകല്‍ സമരത്തിലും മധ്യസ്ഥചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പ് നടത്തിയത് കെ.എം മാണി ആയിരുന്നു. ഇത്തവണ മാണിയുടെ പരോക്ഷമായ പിന്തുണയോടെയാണ് ഇടതുപക്ഷം സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. 

നേരത്തെ മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത് ഇടതുപക്ഷം മാണിയെ ക്ഷണിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് തടസ്സമായി നിന്നത് യു.ഡി.എഫ് വിടാനുള്ള വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാതെ വന്നതാണ്. പി.സി.ജോര്‍ജിനെ ഇടനിലക്കാരനാക്കി നിരവധി തവണ സി.പി.എം നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ വെള്ളക്കരവും ഭൂനികുതിയും അടക്കം ജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളില്‍ വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യം അവസരമാക്കി ഇടത്തേക്കുപോകാമെന്നാണ് ഇപ്പോള്‍ മാണിയുടെ കണക്കുകൂട്ടല്‍. 

ഇടതുപക്ഷത്തെ നേതാക്കളെല്ലാം ഇപ്പോഴും മാണിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. നികുതി വര്‍ധന ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലും രോഷം ഉയര്‍ത്തിയത് ഉമ്മന്‍ചാണ്ടിക്കുനേരെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കെ.എം മാണിക്കെതിരെ കടുത്ത ആരോപണം ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി എന്നനിലയില്‍ മാത്രമാണ് മാണിക്ക് ഉത്തരവാദിത്തം എന്നുമാത്രമായിരുന്നു പിണറായിയുടെ പ്രതികരണം. 

അതേസമയം നികുതിവിഷയത്തില്‍ ശക്തമായ ജനപിന്തുണ ഉണ്ടാകുമെന്ന കണക്കുകൂട്ടലോടെയാണ് ഇടതുപക്ഷം പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. സി.പി.എം നേതൃത്വത്തില്‍ മുന്നണി ഏറ്റെടുത്ത രണ്ട് വലിയ പ്രക്ഷോഭങ്ങള്‍ ദാരുണമായി പരാജയപ്പെടുകയും അണികളെ അത് ബോധ്യപ്പെടുത്താന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ ഇത്തവണ കൃത്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാകും. സി.പി.എം സംസ്ഥാന സെക്രട്ടറി എന്നനിലയില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന അവസാനത്തെ പ്രക്ഷോഭം കൂടിയായിരിക്കും ഇത്. അതിനാല്‍തന്നെ ഏതുവിധേനയും സമരം വിജയിപ്പിക്കേണ്ടത് മറ്റാരെക്കാളും പിണറായിയുടെ ആവശ്യമാണ്. 

മുന്‍സമരങ്ങളൊക്കെ പരാജയപ്പെട്ട സാഹചര്യത്തില്‍ ഘടകകക്ഷികളില്‍നിന്നടക്കം രൂക്ഷമായ വിമര്‍ശനം അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. 2011നുശേഷം കാര്യമായ സമരവിജയങ്ങളൊന്നും ഇടതുപക്ഷത്തിന്റെ ക്രഡിറ്റില്‍ ഉണ്ടായിട്ടില്ല. അതേസമയം മുഖ്യമന്ത്രിയെ രാജിവെപ്പിക്കുക എന്നത് അത്ര പ്രായോഗികമല്ലെങ്കിലും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കുന്നതുവരെ സമരം തുടരാനായിരിക്കും നാളെ ചേരുന്ന ഇടതുമുന്നണിയോഗം തീരുമാനമെടുക്കുക. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സമരത്തിന് കെ.എം മാണിയുടെ പിന്തുണയുണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതോടൊപ്പം വന്‍കിടക്കാരില്‍നിന്ന് നികുതി കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ള കോടികള്‍ പിരിച്ചെടുക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താനും ഇടതുപക്ഷം ആവശ്യപ്പെടും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.