കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ. ഈ കേസില്‍ അഴിമതി നടന്നിട്ടില്ലെന്നും നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ വി.എസ് കുറ്റക്കാരനല്ലെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
റിലയന്‍സ് ഉദ്യോഗസ്ഥരുമായി നന്ദകുമാര്‍ വി.എസ്. അച്യുതാനന്ദന്റെ അടുത്തെത്തിയിരുന്നു. എന്നാല്‍ അവിടെ അഴിമതിയുണ്ടായിട്ടില്ലെന്നും നടത്തിപ്പ് റിലയന്‍സിന് കൈമാറിയതിലൂടെ സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ അറിയിച്ചു. ഇടനിലക്കാരന്‍ നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തിയെങ്കിലും അതിനു ഡാറ്റാ സെന്റര്‍ കൈമാറ്റവുമായി ബന്ധമില്ല. ആ തുക ഉന്നത ബന്ധങ്ങളുടെ ചൂണ്ടിക്കാട്ടി വന്‍കിട കമ്പനികളില്‍ നിന്നും നന്ദകുമാര്‍ സ്വന്തമാക്കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
സ്‌റ്റേറ്റ് ഡാറ്റ സെന്റര്‍ നടത്തിപ്പു റിലയന്‍സിനു കൈമാറിയതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും, വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാറിനും പങ്കുണ്ടെന്നാരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ചീഫ്‌വിപ്പ് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സി.ബി.ഐ വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.








