Home » » കെ.മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍.

കെ.മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍.

Written By Unknown on Friday, 19 September 2014 | 17:36

കണ്ണൂര്‍: ആര്‍.എസ്‌.എസ.്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷാ പ്രമുഖായിരുന്ന കെ.മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍.
വിക്രമനൊപ്പം കൊലയാളി സംഘത്തിലുണ്ടായിരുന്ന മാലൂരിലെ കുരിമ്പോളി തരിപ്പ പ്രഭാകരനെ (40) യാണ്‌ അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതോടെ, ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. ഇതില്‍ പാട്യം സോഷ്യല്‍ സര്‍വീസ്‌ സൊസെറ്റി സെക്രട്ടറി പ്രകാശനെ അറസ്‌റ്റ്‌ ചെയ്‌തതു വിക്രമന്‌ ഒളിവില്‍ പോകാന്‍ സഹായം ചെയ്‌തുകൊടുത്തതിനാണ്‌.
നിര്‍മാണത്തൊഴിലാളിയായ പ്രഭാകരനെ കഴിഞ്ഞ ദിവസം മാലൂരിലെ ജോലി സ്‌ഥലത്തു നിന്നാണു പിടികൂടിയത്‌. മൂന്നു വധശ്രമക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ്‌ ഇയാളെന്ന്‌ അന്വേഷണ സംഘം പറഞ്ഞു.
മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ താനടക്കം 16 പേരുണ്ടായിരുന്നുവെന്നും വിക്രമനാണു തന്നെ സംഘത്തിലെത്തിച്ചതെന്നുമാണു പ്രഭാകരന്റെ മൊഴി. ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ളവരായതിനാല്‍ സംഘത്തിലെ പലരെയും അറിയില്ലെന്നും ഒരു സ്‌ഥലത്ത്‌ എല്ലാവരും കൂടിച്ചേര്‍ന്ന ശേഷം കൊലപാതകത്തിനായി പുറപ്പെടുകയായിരുന്നുവെന്നും മൊഴിയിലുണ്ട്‌.
 
പ്രഭാകരനെക്കൂടി അറസ്‌റ്റ്‌ ചെയ്‌തതോടെ സംഘത്തിലെ മുഴുവന്‍ പേരെയും കുറിച്ചുള്ള വ്യക്‌തമായ ചിത്രം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതോടൊപ്പം സംഘത്തെ ഏകോപിച്ചതും വിക്രമനാണെന്നും വ്യക്‌തമായി. പ്രഭാകരന്റെ കൂടി മൊഴിയുടെ അടിസ്‌ഥാനത്തില്‍ ചില ഉന്നത നേതാക്കള്‍ക്കു ചോദ്യം ചെയ്യാന്‍ നോട്ടീസ്‌ നല്‍കിയേക്കും. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
 
ഇതിനിടെ, ടി.പി.വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്‌.പി. അക്‌ബറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തലശേരിയിലെത്തി വിക്രമനെ ചോദ്യം ചെയ്‌തു. ടി.പി.കേസില്‍ ശിക്ഷിക്കപ്പെട്ട ചില പ്രതികളുമായി വിക്രമന്‍ ബന്ധപ്പെട്ടതിന്റെ ടെലിഫോണ്‍ രേഖകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ചോദ്യം ചെയ്‌തത്‌. ഇവരുമായും കണ്ണൂര്‍ ജില്ലയിലെ ഒരു ഉന്നത സി.പി.എം. നേതാവുമായും ടി.പി.കൊലപ്പെടുന്നതിനു മുമ്പു വിക്രമന്‍ ബന്ധപ്പെട്ടതിന്റെ സുചന ലഭിച്ചിട്ടുണ്ട്‌. ഈ കേസിലും ഇയാളുടെ പങ്ക്‌ അന്വേഷണ സംഘം പരിശോധിക്കും.
 
ഇതിനിടെ, കതിരൂര്‍, കൂത്തുപറമ്പ്‌, മാലൂര്‍ പ്രദേശങ്ങളില്‍ റെയ്‌ഡ്‌ നടത്തിയെങ്കിലും കൂട്ടു പ്രതികളെ പിടികൂടാനായില്ല. പ്രതികളെന്നു സംശയിക്കുന്നവര്‍ പലരും ഒളിവിലാണ്‌. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ ചില വീടുകളില്‍ സ്‌ത്രീകള്‍ മാത്രമാണുള്ളതെന്നു പോലീസ്‌ പറയുന്നു.
 
മാലൂരില്‍ നിന്നു രക്‌തംപുരണ്ട വാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ല. കൊലപാതകത്തിന്‌ ഒരു മാസം മുമ്പു തന്നെ ആസൂത്രണം തുടങ്ങിയതായും കൊലപാതകസംഘത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ ഗൂഢാലോചനയില്‍ ജില്ലയിലെ നേതാക്കള്‍ക്കു പങ്കുള്ളതായും പോലീസ്‌ കരുതുന്നുണ്ട്‌.
 
സംഘത്തില്‍ മാലൂര്‍ സ്വദേശികള്‍ ഉള്‍പ്പെട്ടതിനാല്‍ പിടിച്ചെടുത്ത വാളുകള്‍ മനോജിനെ വധിക്കാന്‍ ഉപയോഗിച്ചതാകാമെന്ന സംശയം ബലപ്പെട്ടിണ്ടുണ്ട്‌. വാളില്‍ കണ്ടെത്തിയ രക്‌തസാമ്പിളും പരിശോധിച്ച്‌ രണ്ടും ഒന്നു തന്നെയാണെന്ന്‌ ഉറപ്പുവരുത്തിയാല്‍ അത്‌ അന്വേഷണത്തിനു വഴിത്തിരിവാകും.
 
ഇതേസമയം, സി.പി.എം. കൂത്തുപറമ്പ്‌ ഏരിയാ സെക്രട്ടറിയോട്‌ ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും തിരുവനന്തപുരത്തായതിനാല്‍ ഇന്നു ഹാരാകാമെന്ന്‌ അറിയിക്കുകയായിരുന്നു.
 
ഇന്നു തലശേരിയിലെത്തുന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രത്യേക അന്വേഷണസംഘവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.