Home » » പെണ്‍കുട്ടിയുടെ മോശമായ ചിത്രം വാട്‌സ് ആപില്‍ കൊടുത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ സഹവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു.

പെണ്‍കുട്ടിയുടെ മോശമായ ചിത്രം വാട്‌സ് ആപില്‍ കൊടുത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ സഹവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു.

Written By Unknown on Monday, 22 September 2014 | 03:40

കോട്ടയം: പെണ്‍കുട്ടിയുടെ മോശമായ ചിത്രം വാട്‌സ് ആപില്‍ കൊടുത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ സഹവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നു പരാതി.    മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെയും  മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെയും  രക്ഷകര്‍ത്താക്കളുടെയും പരാതി സ്കൂള്‍ അധികൃതര്‍ക്ക് നല്കി. എന്നാല്‍ കേസെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുമായും പിടിഎ ഭാരവാഹികളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് പാമ്പാടി എസ്‌ഐ പറഞ്ഞു.

സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.  പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ മോശമായ ചിത്രമാണ് വാട്‌സ് ആപില്‍ ഇട്ടത്. ഈ പ്രവര്‍ത്തി മോശമാണെന്നും വലിയകുറ്റമാണ് ചെയ്യുന്നതെന്ന് മനസിലാക്കണമെന്നും ചൂണ്ടിക്കാട്ടിയ പാമ്പാടി സ്വദേശി വിദ്യാര്‍ഥിയെ മൂത്രപ്പുരയില്‍ കയറ്റി ഇടിക്കുകയായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ പറഞ്ഞത്. ഇതില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു. നാലു പേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് ആറു മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനു പരാതി നല്കി. പ്രിന്‍സിപ്പല്‍ പരാതി പോലീസിന് നല്കിയോ എന്ന് വ്യക്തമല്ല. എന്തായാലും പരിക്കേറ്റ വിദ്യാര്‍ഥി മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടന്നു വരികയാണെന്നാണ് ആക്ഷേപം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.