കോഴിക്കോട്: കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ദ്രൂവീകരണമുണ്ടാക്കി വോട്ട് നേടുന്ന ബി.ജെ.പി യുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടായ പരാജയമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്.
നിരന്തരമായ വര്‍ഗ്ഗീയ പ്രചാരണം കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും മറി കടക്കാവുന്നതല്ല ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധത. വിശ്വസിക്കാവുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ അഭാവമാണ് വെറും 31 ശതമാനം വോട്ടുവാങ്ങിയ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ജനവിരുദ്ധ നയങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് പ്രീണനത്തില്‍ നിന്നും പിന്‍മാറുകയും മതേതരത്വം പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിന് മുന്‍കയ്യെടുക്കുകയും ചെയ്താല്‍ ബി.ജെ.പി യുടെ വര്‍ഗ്ഗീയ രാഷ്ട്രീയം തള്ളിക്കളയാന്‍ ജനങ്ങള്‍ മുന്നോട്ട് വരുമെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും മുന്‍കയ്യെടുക്കാനുള്ള പക്വത കാണിക്കാന്‍ മതേതര പാര്‍ട്ടികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം കുത്തകകളോടുള്ള പ്രീണനസമീപനമാണ് വെളിവാക്കുന്നത്. നഷ്ടത്തിലാണെന്നാരോപിച്ച് പ്രധാന പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. പൊതുമേഖലാസ്ഥാപനങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. സ്വകാര്യമേഖലക്ക് നല്‍കിയ അമിത പ്രധാന്യവും പൊതുമേഖലാസ്ഥാപനങ്ങളോടുള്ള കടുത്ത അവഗണനയുമാണ് ഇത്തരം സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്നും സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സാമ്പത്തിക രംഗത്ത് സ്വീകരിച്ച നയങ്ങള്‍ തിരുത്തുന്നതിന് പകരം പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുജനം രംഗത്തുവരണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.







