Home » » ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം ,ഭൂനികുതി സര്‍ക്കാര്‍ സേവനങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി മദ്യം എന്നിവയ്ക്ക് വര്‍ദ്ധനവ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം ,ഭൂനികുതി സര്‍ക്കാര്‍ സേവനങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി മദ്യം എന്നിവയ്ക്ക് വര്‍ദ്ധനവ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

Written By Unknown on Wednesday, 17 September 2014 | 18:53

തിരുവനന്തപുരം : ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2000 കോടിയിലേറെ അധികവരുമാനം പ്രതീക്ഷിച്ച് വെള്ളക്കരം ,ഭൂനികുതി എന്നിവയ്ക്ക് വര്‍ദ്ധനവ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം .കൂടാതെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും കൂട്ടാനും തോട്ടം നികുതി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.നികുതി വര്‍ദ്ധിപ്പിച്ചത് കാരണം മദ്യത്തിനും സിഗററ്റിനും വില ഉയരും.ഇതിനുപുറമെ ഭൂമിയുടെ ന്യായവില ഉയരുമെന്നും ഉറപ്പാക്കുകയാണ്.വര്‍ധന ഓര്‍ഡിനന്‍സിലൂടെയായിരിക്കും നടപ്പിലാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.അതേസമയം നിയമനത്തിനോ പുതിയ തസ്തികകള്‍ക്കോ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍വീസിലുള്ള ആരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂനികുതി
ഇതിന് പുറമേ ഭൂനികുതിയും ഉയരും. പഞ്ചായത്തില്‍ 20 സെന്റ് വരെ സെന്റിന് ഒരു രൂപ വീതമായിരിക്കും. ഇത് 20 സെന്റിന് മുകളില്‍ സെന്റിന് രണ്ട് രൂപ വീതമാകും.
മുനിസിപ്പാലിറ്റിയില്‍ ആറ് സെന്റ് വരെ രണ്ട് രൂപവീതം. ആറ് സെന്റിന് മുകളില്‍ നാല് രൂപ വീതം.
കോര്‍പ്പറേഷനില്‍ നാല് സെന്റുവരെ നാല് രൂപ വീതം. നാല് സെന്റിന് മുകളില്‍ എട്ട് രൂപവീതം. ഭൂനികുതി വര്‍ധനയിലൂടെ 78 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.കൂടാതെ ഭൂമിയുടെ ന്യായവില കൂട്ടാനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
വെള്ളക്കരം
വെള്ളക്കരം 50 മുതല്‍ 60 ശതമാനം വരെയാണ് കൂട്ടുന്നത്. പതിനായിരം ലിറ്റര്‍ വരെ പ്രതിമാസ ഉപയോഗമുള്ള ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് ഇപ്പോള്‍ കുടിവെള്ളം സൗജന്യമായാണ് നല്‍കുന്നത്. അത് തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പതിനായിരം ലിറ്റര്‍ വരെ കുടിവെള്ളം ഉപയോഗിക്കുന്ന ബി.പി.എല്‍. ഇതര കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ 20 രൂപയാണ് നല്‍കുന്നത്. അതിന് മാറ്റമില്ല. പതിനായിരം ലിറ്ററില്‍ കൂടുതല്‍ കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് ഒരു കിലോലിറ്ററിന് നാല് രൂപയാണ് ഈടാക്കുന്നത്. ഇത് ഇരട്ടിയാക്കി. ഇത് 60 ശതമാനം വരെ എത്തിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന എല്ലാ ഫീസുകളും കൂട്ടും. വിദ്യാഭ്യാസരംഗത്തെ ഫീസുകള്‍ മാത്രം കൂട്ടില്ല.പത്തുരൂപ മുതല്‍ ആയിരം രൂപവരെയുള്ള ഫീസുകള്‍ ഇരട്ടിയാക്കും. ആയിരം രൂപമുതല്‍ പതിനായിരം രൂപവരെ 25 ശതമാനമാണ് വര്‍ധന. പതിനായിരത്തിന് മുകളില്‍ ഇത് 15 ശതമാനമായിരിക്കും.369 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ ഫീസുകള്‍ ഒഴിവാക്കിയതിലൂടെ ഈ തുകയില്‍ കുറവ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തോട്ടനികുതി
തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് എന്നീ തോട്ടങ്ങളുടെ നികുതിയിലും വര്‍ധന വരുത്തി. രണ്ട് ഹെക്ടറില്‍ താഴെ തോട്ടങ്ങള്‍ക്ക് നികുതിയില്ല. തുടര്‍ന്നുള്ള സ്ലാബുകളിലും ആദ്യത്തെ രണ്ട് ഹെക്ടറിന് നികുതിയില്ല. 2-4 സ്ലാബില്‍ മൂന്നും നാലും ഹെക്ടറിന് നൂറ് രൂപ വീതം. 4-8 സ്ലാബില്‍ മൂന്നുമുതല്‍ എട്ടുവരെ ഹെക്ടറിന് 300 രൂപ വീതം 8-15 സ്ലാബില്‍ മൂന്നുമുതല്‍ പതിനഞ്ച് വരെ ഹെക്ടറിന് 400 രൂപ വീതം.15-25 സ്ലാബില്‍ മൂന്നുമുതല്‍ ഇരുപത്തിയഞ്ച് വരെ ഹെക്ടറിന് 500 രൂപ വീതം. 25 ഹെക്ടറിന് മുകളില്‍ മൂന്നുമുതല്‍ ഹെക്ടറിന് 700 രൂപ വീതം. മൂന്ന് കോടിയാണ് പ്രതീക്ഷിക്കുന്ന അധികവരുമാനം.
സ്റ്റാമ്പ് ഡ്യൂട്ടി
ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആയിരം രൂപയുടെ പരിധി മാറ്റി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിക്കുന്നില്ലെങ്കിലും പരിധി വേണ്ടെന്ന് വയ്ക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട ചെലവേറും.
ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്ക് ഒരു ശതമാനവും ഇഷ്ടദാനം, ധനനിശ്ചയം എന്നിവയ്ക്ക് രണ്ട് ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 25,000 രൂപയുടെ പരിധി ഉണ്ടായിരുന്നു. അതിനുപകരം പരിധിയില്ലാതെ അത് ഒരു ശതമാനമാക്കി മാറ്റി.
മദ്യം
ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ നികുതി 20 ശതമാനം കൂട്ടി. ഇതിനുപുറമെ നികുതിയില്‍ അഞ്ച് ശതമാനം സെസ്സും ഏര്‍പ്പെടുത്തും. മദ്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനാണ് സെസ്സ് വിനിയോഗിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന് 115 ശതമാനമാണ് നികുതി. ഇനി അത് 135 ശതമാനമാകും.ഇതില്‍നിന്ന് 1130 കോടി രൂപയുടെ വിഭവസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വൈനിനും ബിയറിനുമുള്ള നികുതി 50ല്‍ നിന്ന് 70 ശതമാനമാക്കി. 100 കോടിയുടെ വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സിഗററ്റിനും പുകയില ഉത്പന്നങ്ങള്‍ക്കുമുള്ള നികുതി 22ല്‍ നിന്ന് 30 ശതമാനമാക്കും. ഈ എട്ട് ശതമാനത്തില്‍ മൂന്ന് ശതമാനം സൗജന്യ അര്‍ബുദ ചികിത്സയ്ക്കായി മാറ്റിവയ്ക്കും. സിഗററ്റിനും പുകയില ഉത്പന്നങ്ങള്‍ക്കുമുള്ള നികുതി വര്‍ധനയില്‍ നിന്ന് 264 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.