ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വീണ്ടുമൊരു കൂട്ടമാനഭംഗ വാര്‍ത്ത. ഡല്‍ഹി പോലീസിലെ ഒരു വനിതാ കോണ്‍സ്‌റ്റബിളിന്റെ പുത്രിയെ സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം റോഡരുകില്‍ ഉപേക്ഷിച്ചു. രാജ്യാന്തര ശ്രദ്ധ നേടിയ നിര്‍ഭയ കേസിനു ശേഷവും രാജ്യ തലസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷ ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്നാണ് സംഭവം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ ഡല്‍ഹിയിലെ നെഹ്രു പ്ലേസിലാണ് സംഭവം നടന്നത്. 23 കാരിയായ യുവതി സുഹൃത്തിനും അയാളുടെ കൂട്ടുകാരനുമൊപ്പം കാറില്‍ പുറത്തുപോയതായിരുന്നു. യാത്രക്കിടെ സുഹൃത്ത് നല്‍കിയ സോഫ്‌റ്റ് ഡ്രിങ്ക് കഴിച്ച് അബോധാവസ്‌ഥയിലായ യുവതിയെ സുഹൃത്തും അയാളുടെ കൂട്ടാളിയും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം നെഹ്രു പ്ലേസിലെ ഫ്‌ളൈ ഓവറിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
യുവതി വഴിയരികില്‍ അബോധാവസ്‌ഥയില്‍ കിടക്കുന്നത് കണ്ട് ഒരു ഓട്ടോ ഡ്രൈവര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ഇവര്‍ മാനഭംഗത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.








