തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന്റെ ഭാഗമായി കേരളത്തിലെത്തുന്ന 12000ല്‍പ്പരം അത്‌ലറ്റുകള്‍, പരിശീലകര്‍, സംഘാടകസമിതിയംഗങ്ങള്‍ എന്നിവര്‍ക്കു മതിയായ താമസസൗകര്യം ഉറപ്പു വരുത്തുന്നതിനും സന്ദര്‍ശകരായും മറ്റുമെത്തുന്ന ഏഴായിരത്തിലധികം പേര്‍ക്ക് വേണ്ടിവരുന്ന താമസസൗകര്യം കണ്ടെത്തുന്നതിനുമുള്ള പദ്ധതി തയ്യാറാകുന്നു. ടൂറിസം വകുപ്പ് മന്ത്രിയും ഗെയിംസ് അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ശ്രീ. എ.പി. അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നാഷണല്‍ഗെയിംസ് സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അത്‌ലറ്റുകള്‍, ടീം ഒഫീഷ്യലുകള്‍ പരിശീലകര്‍ തുടങ്ങി അയ്യായിരത്തില്‍പ്പരം പേര്‍ക്ക് മേനംകുളത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസ സൗകര്യം പ്രത്യേകം തയ്യാറാകുന്നുണ്ട്. ഗെയിംസിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരെത്തുന്ന തലസ്ഥാന ജില്ലയില്‍ ഒരുങ്ങുന്ന ഈ ഗെയിംസ് വില്ലേജിനു പുറമേ ആവശ്യമെങ്കില്‍ പുതിയ താമസസൗകര്യങ്ങള്‍ കണ്ടെത്തും. മറ്റു ജില്ലകളില്‍ ആവശ്യമായ മെച്ചപ്പെട്ട താമസസൗകര്യം കണ്ടെത്തുന്നതിന് അതാതു ജില്ലാ സംഘാടക സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും ധാരണയായി. ജില്ലാകളക്ടര്‍മാരും ജനപ്രതിനിധികളുമടങ്ങുന്നവര്‍ ഇതിന്റെ നേരിട്ടുള്ള ചുമതല വഹിക്കും.
ഏകീകൃത സംവിധാനത്തിനു കീഴില്‍ വികേന്ദ്രീകൃത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാകും ഇതിനായി ഒരുങ്ങുന്നത്. ടെന്‍ഡറിംഗ്, എംപാനലിംഗ് നടപടികളിലൂടെ ആവശ്യമായതും മതിയായ നിലവാരം പുലര്‍ത്തുന്നതുമായ ഹോട്ടലുകളെ തിരഞ്ഞെടുക്കും. മിതമായ നിരക്കില്‍ സുഗമവും സുരക്ഷിതവുമായ താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകുന്ന ഹോട്ടലുകളെയാകും പരിഗണിക്കുക.
കായികതാരങ്ങള്‍ക്ക് രണ്ടാഴ്ച്ചയോളം വേണ്ടിവരുന്ന താമസ സൗകര്യങ്ങള്‍ സുഗമവും സമയബന്ധിതവുമായ രീതിയില്‍ ക്രമീകരിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍-മെസ്സേജിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനും ധാരണയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പേരു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അവരുടെ താമസം അലോട്ട് ചെയ്യപ്പെടുന്ന മുറി അടക്കം മുന്‍കൂര്‍ തീരുമാനിച്ച് സംഘം യാത്ര പുറപ്പെടുന്നതിനു മുന്‍പു തന്നെ വെബ്‌സൈറ്റില്‍ പ്രസദ്ധം ചെയ്യുന്ന തരത്തിലാണ് സൗകര്യങ്ങളൊരുങ്ങുന്നത്. ബൃഹത്തായ ഒരു ദേശീയ കായികമേളയില്‍ ഇത്തരമൊരു കുറ്റമറ്റ സംവിധാനം തയ്യാറാകുന്നത് ഇതാദ്യമായിരിക്കും. നിര്‍ദ്ദിഷ്ട രൂപരേഖ അനുസരിച്ച് വേദികളുടെയും താമസ സൗകര്യങ്ങളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
നാഷണല്‍ ഗെയിംസിന്റെ ടൂറിസം സാദ്ധ്യതകള്‍ പരിഗണിച്ച് കെ.ടി.ഡി.സിയുടെ പൂര്‍ണ്ണസഹകരണം ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന് ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു.ശ്രീമതി. ജമീലാ പ്രകാശം എം.എല്‍.എ, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.








