കണ്ണൂര്‍: കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവന്‍, അച്‌ഛനെ ശാരീരികമായി തളര്‍ത്തിയവന്‍... ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടി നുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍... എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും- സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഇന്നലെ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റാണിത്.കതിരൂരില്‍ ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ജെയിന്‍ രാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് സോഷ്യല്‍ മീഡിയകളില്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയിരുന്നു. പിന്നാലെ ഈ പോസ്‌റ്റ് പിന്‍വലിക്കുകയും ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്കുശേഷമാണ് ആദ്യ പോസ്‌റ്റിനെ ന്യായീകരിച്ചു കുറിപ്പ് വന്നത്.
പി. ജയരാജന്റെ മകന്‍ ഫേസ്‌ബുക്കില്‍ എന്തോ വലിയ അപരാധ പോസ്‌റ്റിട്ടു എന്ന വാര്‍ത്ത കണ്ടുവെന്നാണു പുതിയ കുറിപ്പിന്റെ തുടക്കത്തില്‍ പറയുന്നത്. കതിരൂരിലെ സഖാക്കള്‍ക്ക് അഭിവാദ്യം എന്നതാണു പോസ്‌റ്റ്. അതാണ് അപരാധം. എന്ത്, ഏത് എന്നൊന്നും ആരും ചോദിച്ചില്ല. ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന അച്‌ഛനോടുള്ള സ്‌നേഹം എന്നെക്കൊണ്ട് വീണ്ടും അതേ വരികളേ പറയിക്കുകയുള്ളൂവെന്നും പോസ്‌റ്റില്‍ പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തിലേറെ ലൈക്കും 250 ഓളം ഷെയറും ഈ പോസ്‌റ്റിനു ലഭിച്ചു.
അതേസമയം ഇന്നലെ സോഷ്യല്‍ മീഡിയകളിലെല്ലാം നിറഞ്ഞുനിന്നതു കണ്ണൂരിലെ രാഷ്‌ട്രീയ അക്രമങ്ങളുടെ കാഴ്‌ചകളായിരുന്നു. കതിരൂരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുന്ദരന്‍ വെട്ടേറ്റു മരിച്ച പഴയ പത്രവാര്‍ത്ത വരെ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഈ കേസില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട മനോജ് പ്രതിയായിരുന്നു. പി. ജയരാജനു നേരെ നടന്ന അക്രമം മുതലുള്ള രക്‌തസാക്ഷികളുടെയും ബലിദാനികളുടെയും വര്‍ണചിത്രങ്ങളും വികാരോജ്വല വാക്കുകളുമായി ഹര്‍ത്താല്‍ ദിനത്തില്‍ ഫേസ്‌ബുക്ക് രാഷ്‌ട്രീയം ശരിക്കും കൊലവെറി രാഷ്‌ട്രീയമായി.







