Home » » റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയെ സഹായിക്കാന്‍ കേരള സര്‍വകലാശാലയുടെ ഭൂമിദാനം.

റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയെ സഹായിക്കാന്‍ കേരള സര്‍വകലാശാലയുടെ ഭൂമിദാനം.

Written By Unknown on Tuesday, 2 September 2014 | 18:22

തിരുവനന്തപുരം: റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയെ സഹായിക്കാന്‍ കേരള സര്‍വകലാശാലയുടെ ഭൂമിദാനം. സര്‍വകലാശാലയുടെ ഒരു സെന്റ്‌ ഭൂമി പോലും അന്യാധീനപ്പെടുത്താന്‍ പാടില്ലെന്ന സെനറ്റ്‌ തീരുമാനത്തിനു കടകവിരുദ്ധമായി സിന്‍ഡിക്കേറ്റ്‌ നിലവില്ലാത്തപ്പോള്‍ റോഡു വീതികൂട്ടാന്‍ വേണ്ടി പത്തുകോടിരൂപ വില വരുന്ന ഒരേക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സര്‍വകലാശാലയുടെ തീരുമാനം. ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയുടെയും മറ്റൊരു നേതാവിന്റെയും സമ്മര്‍ദഫലമായി കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ ഉടന്‍ കൂടുന്ന സെനറ്റില്‍ അംഗീകരിപ്പിക്കാന്‍ നീക്കം.
 
ദേശീയ ഗെയിംസിനു വേണ്ടി കാര്യവട്ടത്തുള്ള 30 ഏക്കര്‍ഭൂമി സര്‍വകലാശാല പാട്ടവ്യവസ്‌ഥയില്‍ വിട്ടുകൊടുത്തിട്ടുണ്ട്‌. പാട്ടക്കാലാവധി കഴിയുമ്പോള്‍ ഭൂമിയും അതിലെ സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ളവയും സര്‍വകലാശാലയ്‌ക്കു സ്വന്തമായിരിക്കും.ദേശീയപാതയില്‍ നിന്നും സ്‌റ്റേഡിയത്തിലേക്കു പോകാന്‍ വേണ്ടി വീതി കൂടിയ റോഡു വേണമെന്ന്‌ ദേശീയ ഗെയിംസ്‌ അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഏഴേക്കര്‍ ഭൂമി ഈയിടെ വിട്ടുനല്‍കിയിരുന്നു. അതിനുപകരമായി സര്‍വകലാശാലയുടെ പുറകിലൂടെ എല്‍.എന്‍.സി.പി.ഇ. സ്‌ഥിതി ചെയ്യുന്ന റോഡിലേക്കിറങ്ങുന്ന റോഡിന്റെ അതിരുകള്‍ നിര്‍ണയിച്ച്‌ മതില്‍ കെട്ടിക്കൊടുക്കാമെന്ന്‌ ദേശീയ ഗെയിംസ്‌ അധികൃതര്‍ അറിയിച്ചു. ഈ റോഡിന്റെ ഒരുവശത്തു മാത്രമാണു സര്‍വകലാശാലയുടെ ഭൂമിയുള്ളത്‌. മറുഭാഗത്ത്‌ സ്വകാര്യകമ്പനികള്‍ ബഹുനില ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌ഥലങ്ങളാണുള്ളത്‌. കൂടാതെ സര്‍വകലാശാലയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഹൗസിംഗ്‌ സൊസൈറ്റിയുടെ കെട്ടിടങ്ങളും നിരവധി പ്ലോട്ടുകളുമുണ്ട്‌.
 
രണ്ടുകിലോമീറ്റര്‍ ദൂരമുള്ള വീതി കുറഞ്ഞ ഈ റോഡിന്റെ അതിരുകള്‍ നിര്‍ണയിച്ച്‌ മതില്‍ കെട്ടാന്‍ മാത്രമാണു നേരത്തേ നിശ്‌ചയിച്ചിരുന്നത്‌. റോഡിന്റെ വീതി കൂടിയാല്‍ ഭൂമിയുടെ വില വര്‍ധിപ്പിക്കാമെന്നു കണക്കുകൂട്ടി അതിനുവേണ്ടി അണിയറയില്‍ കരുനീക്കങ്ങള്‍ നടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ നാലുമീറ്റര്‍ വീതിയില്‍ റോഡു വികസിപ്പിക്കാന്‍ ഒരേക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
 
ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയുടെയും ദേശീയ ഗെയിംസ്‌ കമ്മിറ്റയംഗവും മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എയുമായ രണ്ടുപേരുടെ സമ്മര്‍ദത്തെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യോഗം കൂടി. യോഗത്തില്‍ സര്‍വകലാശാല രജിസ്‌ട്രാര്‍ കെ. മുഹമ്മദ്‌ ബഷീറും എസ്‌റ്റേറ്റ്‌ ഓഫീസര്‍ രാമന്‍പിള്ളയും ഇതിനെ എതിര്‍ത്തു.
 
ഭൂമി വിട്ടു നല്‍കുന്ന നടപടി നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റിനും സെനറ്റിനും മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയ്‌ക്ക്‌ എതിരഭിപ്രായമില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിടാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വൈസ്‌ ചാന്‍സലര്‍ പി.കെ. രാധാകൃഷ്‌ണന്റെ സമ്മതത്തെത്തുടര്‍ന്ന്‌ ഒടുവില്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തില്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം ഉടന്‍ കൂടുന്ന സെനറ്റ്‌ യോഗത്തില്‍ വച്ച്‌ അംഗീകരിപ്പിക്കാനാണു നീക്കം
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.