ചേര്‍ത്തല : സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായുള്ള ശിവഗിരി മഠത്തിന്റെ പ്രസ്താവന എതിര്‍ത്തു കൊണ്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മദ്യനയത്തിന് അനുകൂലമാണെന്ന് സ്വാമി ഋതംബരാനന്ദയെക്കൊണ്ട് കെ.പി.സി.സി പ്രസിഡണ്ട് വി എം സുധീരന്‍ പറയിപ്പിച്ചതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇത്രകാലം സ്വാമി ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ലല്ലോ. എന്തായാലും എസ്എന്‍ഡിപി നിലപാടില്‍ മാറ്റമില്ല. ശിവഗിരി മഠം എസ്എസ്എന്‍ഡിപിയുടെ സുപ്രീം അതോറിറ്റിയൊന്നുമല്ല. സ്വാമിമാര്‍ സ്വപ്നലോകത്താണ്. ലോകത്ത് ഒരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും, വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പ് വ്യക്തിപരം മാത്രമാണെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞിരുന്നു.







