കൊച്ചി: ഭരണഘടന അനുസരിച്ച് മദ്യനയം രൂപവത്കരിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മദ്യനയത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഒമ്പത് പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യാജമദ്യം തടയാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും ബോധിപ്പിച്ചിട്ടുണ്ട്.
പഞ്ചനക്ഷത്രമൊഴികെയുള്ള ബാറുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഉടമകളുടെ ഹര്‍ജികള്‍ 18-ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്‍പാകെ പരിഗണനക്കു വരും. സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാവും എത്തുന്നത്. ബാറുടമകള്‍ക്കു വേണ്ടിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെത്തും.
ബാറുകളില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഒരു വിഭാഗത്തിനു മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് വിവേചനമാണെന്നാണ് ഉടമകളുടെ വാദം. എന്നാല്‍ 418 ഒഴിച്ചുള്ള 312 ബാറുകള്‍ക്കും മദ്യനയം രൂപവത്കരിക്കും വരെ പ്രവര്‍ത്തിക്കാനുള്ള താത്കാലിക അനുമതിയേ നല്‍കിയിട്ടുള്ളൂ എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ച് മദ്യോപയോഗം നിയന്ത്രിക്കാനുള്ള നയതീരുമാനത്തിന് സര്‍ക്കാറിന് അധികാരമുണ്ട്. നയത്തിന്റെ ഭാഗമായി സര്‍ക്കാറിനു കീഴിലെ മദ്യവില്‍പനശാലകള്‍ അടയ്കുന്നതിന്റെ കണക്കുകളും അറിയിച്ചിട്ടുണ്ട്.
പഞ്ചനക്ഷത്രപദവിയുള്ള ബാറുകള്‍ സപ്തംബര്‍ 12-ന് അടപ്പിക്കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജികള്‍ കേട്ട് തീര്‍പ്പാക്കാന്‍ സമയം നല്‍കിക്കൊണ്ടാണ് സപ്തംബര്‍ 30 വരെ അടപ്പിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.








